ന്യൂഡല്‍ഹി: ഇന്ത്യന്‍ കാത്തലിക് പ്രസ് അസോസിയേഷന്‍ ആര്‍ച്ച് ബിഷപ് തോമസ് മേനാംപറമ്പിലിനെ പത്രപ്രവര്‍ത്തക അവാര്‍ഡ് നല്കി ആദരിക്കുന്നു. ലൂയിസ് കാരെനോ അവാര്‍ഡ് ഫോര്‍ എക്‌സലന്‍സ് ഇന്‍ ജേര്‍ണലിസം അവാര്‍ഡാണ് സമാധാനപ്രവര്‍ത്തകനായ ആര്‍ച്ച് ബിഷപ് മേനാംപറമ്പിലിന് നല്കുന്നത്. ഫെബ്രുവരി 29ന് ന്യൂഡല്‍ഹിയില്‍ വച്ച് ക്രൈസ്തവ പത്രപ്രവര്‍ത്തകരുടെ ദേശീയ കണ്‍വന്‍ഷനോട് അനുബന്ധിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യന്‍ ജോസഫ് അവാര്‍ഡ് സമ്മാനിക്കും.
സമാധാനത്തിനും ഇന്റര്‍ കമ്മ്യൂണിറ്റി ഡയലോഗ് ആന്റ് സോഷ്യല്‍ ഹാര്‍മ്മണിക്കും വേണ്ടി നിലകൊള്ളുന്ന വ്യക്തിയാണ് ആര്‍ച്ച് ബിഷപ്. കമ്മ്യൂണിസത്തിനും മതമൗലികവാദത്തിനും എതിരെ ശക്തമായ നിലപാടുകളാണ് ഇദ്ദേഹത്തിനുള്ളത്. സമാധാനത്തിനുള്ള നോബൈല്‍ സമ്മാനത്തിന് 2011 ല്‍ അദ്ദേഹത്തിന്റെ പേര് ശുപാര്‍ശ ചെയ്യപ്പെട്ടിരുന്നു.
84 കാരനായ ആര്‍ച്ച് ബിഷപ് മുന്‍ ഗുവാഹത്തി ആര്‍ച്ച് ബിഷപും മലയാളിയുമാണ്. 2009 ല്‍ വത്തിക്കാനില്‍ നടന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥന ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കിയതും ഇദ്ദേഹമായിരുന്നു.