റായ്പ്പൂര്‍: സെന്റ് ജോസഫ് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഒമ്പതാംക്ലാസുകാരനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ജനുവരി 20 നാണ് സംഭവം. ദിലേഷ്വര്‍ മാരാവി എന്ന ഒമ്പതാം ക്ലാസുകാരന്‍ രാവിലെ സ്‌കൂളിലേക്ക് പതിവുപോലെ പോയിരുന്നുവെന്നും തിരികെയെത്തിയ കുട്ടിയെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
കുട്ടിയുടെ മരണത്തിന് ഇടയാക്കിയ സാഹചര്യങ്ങളെക്കുറിച്ച് ഇനിയും വിവരം ലഭിച്ചിട്ടില്ല. പഠനത്തില്‍ മിടുക്കനായിരുന്നുവെന്നും ഈ വര്‍ഷം പത്താം ക്ലാസിലേക്ക് പ്രവേശനം കിട്ടുമായിരുന്നുവെന്നും പ്രിന്‍സിപ്പല്‍ ഫാ. പങ്കജ് ഷുക്കാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
മാതാപിതാക്കള്‍ക്കും കാരണം കണ്ടെത്താനായിട്ടില്ല. ദിലേഷറുടെ സഹോദരനും ഇതേ സ്‌കൂളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയിരുന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ സ്‌കൂളിനെതിരെയോ ഹോസ്റ്റല്‍ അധികാരികള്‍ക്കെതിരെയോ പരാതി ഉന്നയിച്ചിട്ടില്ല.
എങ്കിലും ചില ഹൈന്ദവ തീവ്രവാദഗ്രൂപ്പുകളും രാഷ്ട്രീയപാര്‍ട്ടികളും സംഭവത്തെ സ്‌കൂളിനെതിരെ ആരോപണം ഉന്നയിക്കക്കത്തക്കവിധത്തില്‍ കേസ് തിരിച്ചുവിടുന്നുണ്ട്.