ദൈവപുത്രനെക്കൊണ്ട് പണിയെടുപ്പിക്കുന്നതില്‍ യൗസേപ്പിതാവ് അത്യന്തം ഖേദിച്ചിരുന്നുവെന്നും എന്നാല്‍ മാതാവ് അക്കാര്യത്തില്‍ യൗസേപ്പിതാവിനെ ആശ്വസിപ്പിച്ചിരുന്നതായും വിശുദ്ധ യൗസേപ്പിതാവിന്റെ ആത്മീയജീവിതയാത്ര എന്ന പുസ്തകത്തില്‍ നിന്ന് നാംവായിക്കുന്നുണ്ട്. യൗസേപ്പിതാവിന്റെ പണിപ്പുരയില്‍ വിവിധ പണികളിലേര്‍പ്പെട്ടിരുന്ന ഈശോ സ്വന്തമായി ആദ്യം നിര്‍മ്മിച്ചത് ഒരുകുരിശായിരുന്നുവത്രെ.
സ്വര്‍ഗ്ഗീയാനന്ദത്താല്‍ നിറഞ്ഞു കഴിയുകയായിരുന്ന യൗസേപ്പിതാവ് ഈശോ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് എന്നത് അന്വേഷിക്കാനും പോയില്ല. പക്ഷേ ഇത്രയും ദിവസം കൊണ്ട് ഒരുകുരിശാണ് നിര്‍മ്മിച്ചതെന്ന് അറിഞ്ഞപ്പോള്‍ യൗസേപ്പിതാവിനെ അക്കാര്യം അത്യധികം ദു:ഖിപ്പിച്ചു.
തന്റെ ആദ്യത്തെ സംരംഭം പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ഈശോ ജോസഫിന്റെ നേരെ തിരിഞ്ഞുകൊണ്ട് പറഞ്ഞത് ഇതായിരുന്നു. പ്രിയപ്പെട്ട അപ്പാ, ഇതിലേക്ക് ഒന്ന് നോക്കിക്കേ, മനുഷ്യവംശത്തിന്റെ രക്ഷ പൂര്‍ത്തീകരിക്കപ്പെടുന്നത് ഇതിലൂടെയാണ്.
വളരെ സന്തോഷത്തോടെയാണ് ഈശോ അത് പറഞ്ഞത്. ആ നിമിഷത്തിന് വേണ്ടി ഈശോ കാത്തിരിക്കുന്നതുപോലെയും യൗസേപ്പിതാവിന് തോന്നി. പക്ഷേ ഈ വാക്കുകള്‍കേട്ടപ്പോള്‍ യൗസേപ്പിതാവ് തകര്‍ന്നുപോയി, എന്റെ മകനേ ഈശോ എന്ന് പറയാന്‍ മാത്രമേ യൗസേപ്പിതാവിന് കഴിഞ്ഞുള്ളൂ.
ഈശോയുടെ ജീവിതത്തില്‍ ബീഭത്സമായ ഒരു ദിവസം വന്നുചേരുമെന്ന ദുഖസത്യം, ഈശോ ക്രൂശിക്കപ്പെടുമെന്ന ഭയാനകമായ ഒരു ദിവസം വന്നുചേരുമെന്ന സത്യം ജോസഫിന്റെ ഹൃദയത്തില്‍ ആദ്യമായി അറിഞ്ഞത് അന്നായിരുന്നു.