ഇന്ന് തീര്‍ത്തും ഒഴിവാക്കാനാവാത്ത ഒന്നാണ് യാത്രകള്‍. ദിവസത്തില്‍ വലുതോ ചെറുതോ ആയ യാത്രകള്‍ പലരും നടത്താറുണ്ട്. യാത്രകള്‍ വലുതോ ചെറുതോ ആയിക്കൊള്ളട്ടെ പക്ഷേ ഒരു കത്തോലിക്കാവിശ്വാസി യാത്ര ചെയ്യുമ്പോള്‍ നിശ്ചയമായും കയ്യില്‍ കരുതേണ്ട ചിലവയുണ്ട്. അവ ഏതൊക്കെയാണ് എന്നല്ലേ? പറയാം.
ചില്ലറത്തുട്ടുകള്‍.
നമുക്ക് മുമ്പില്‍ കൈനീട്ടുന്നവരെ തൃപ്തിപ്പെടുത്താനും സന്തോഷിപ്പിക്കാനുമായി ചെറിയ നോട്ടുകളോ ചില്ലറകളോ കയ്യില്‍ കരുതുന്നത് നല്ലതാണ്. നമ്മുടെ സാമ്പത്തികസ്ഥിതി അനുസരിച്ചുള്ള തുകയാണ് ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കേണ്ടത് എന്ന കാര്യം പ്രത്യേകം ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.
പ്രാര്‍ത്ഥനാപുസ്തകം
ചെറിയൊരു പ്രാര്‍ത്ഥനാപ്പുസ്തകം കയ്യിലുള്ളത് എപ്പോഴും നല്ലതാണ്. ദീര്‍ഘദൂരയാത്രകളില്‍ ആണെങ്കില്‍ ഇതേറെ പ്രയോജനപ്പെടും. അലസമായി മൊബൈലില്‍ നോക്കിയിരിക്കാതെ യാത്രകളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കാന്‍ കയ്യിലുള്ള പ്രാര്‍ത്ഥനാപുസ്തകം ഏറെ സഹായകമാണ്. മൗനപ്രാര്‍ത്ഥനയെക്കാള്‍ ഇത് ഗുണം ചെയ്യും. അതാത് ദിവസത്തെ കുര്‍ബാനയ്ക്കുള്ള ഭാഗങ്ങള്‍, പ്രഭാത രാത്രികാല പ്രാര്‍ത്ഥനകള്‍, ആത്മീയമായ ഉപദേശം നല്കാന്‍ കഴിയുന്നവ ഇങ്ങനെ വിവിധ തലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രാര്‍ത്ഥനാപ്പുസ്തകമാണ് ഉണ്ടാവേണ്ടത്.
കൊന്ത
കൊന്ത എല്ലാ കത്തോലിക്കാ യാത്രികരുടെയും കയ്യില്‍ ഉണ്ടായിരിക്കേണ്ടത് വളരെ അത്യാവശ്യമാണ്. യാത്രകളിലെ സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും കുറയ്ക്കാന്‍ ഇത് സഹായിക്കും.
ഹന്നാന്‍ വെള്ളം
ഹന്നാന്‍ വെള്ളം ചെറിയൊരു കുപ്പിയില്‍ ബാഗില്‍ വയ്ക്കുന്നത് യാത്രകളില്‍ നല്ലതാണ്. സ്വകാര്യവാഹനങ്ങളിലോ അല്ലാതെയോ ആണ് സഞ്ചാരമെങ്കില്‍ പോലും വാഹനം വിശുദ്ധ ജലം കൊണ്ട് തളിച്ച് യാത്ര ചെയ്യുന്നത് എല്ലാവിധ അപകടങ്ങളില്‍ നിന്നും സംരക്ഷണം നല്കും.
ബൈബിള്‍
ചെറിയൊരു ബൈബിള്‍ കയ്യിലെടുക്കാനും മറക്കരുത്.