ഇന്ന് ലോക നേഴ്‌സസ് ദിനം. നേഴ്‌സുമാരുടെ സ്‌നേഹത്തിനും സേവനത്തിനും നന്ദിയും ആദരവും അര്‍പ്പിക്കാനുള്ള ദിനം. ഈഒരു അവസരത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവന്‍ രക്ഷിച്ച ഒരു നേഴ്‌സിനെക്കുറിച്ചു പങ്കുവച്ച കാര്യം ഓര്‍മ്മിക്കുന്നത് നല്ലതായിരിക്കും.
2018 ല്‍ പോള്‍ ആറാമന്‍ ഹാളില്‍ നേഴ്‌സുമാരുടെ പ്രതിനിധികളോട് സംസാരിക്കവെയാണ് പാപ്പ തന്‌റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരുസംഭവം പങ്കുവച്ചത്.
ഇന്ന് താന്‍ ജീവനോടെയിരിക്കാന്‍ കാരണമായിരിക്കുന്നത് ആ നേഴ്‌സാണ് എന്നാണ്പാപ്പ പറഞ്ഞത്. ഇറ്റാലിയന്‍ നേഴ്‌സായി സിസ്റ്റര്‍ കോര്‍ണേലിയ കാരാഗിലോയെക്കുറിച്ചാണ് പാപ്പ അന്ന് പറഞ്ഞത്.
പാപ്പയ്ക്ക് ഇരുപത് വയസുള്ള കാലം. ബെര്‍ഗോളിയോ പെട്ടെന്നൊരു ദിവസം രോഗിയായി.രോഗനിര്‍ണ്ണയം നടത്താന്‍ ഡോക്ടര്‍മാര്‍ പരാജയപ്പെട്ടു. മരണം ആസന്നമായിരിക്കുന്നു. ഈസമയമാണ് ഡൊമിനിക്കന്‍ കന്യാസ്ത്രീയുടെ ദൈവികമായ ഇടപെടല്‍. ഡോക്ടര്‍മാര്‍ നല്കിക്കൊണ്ടിരിക്കുന്ന ചികിത്സ തെറ്റാണെന്നും മറ്റൊരു തരത്തിലാണ് ചികിത്സിക്കേണ്ടതെന്നും നേഴ്‌സ് വാദിച്ചു.
എളിമയോടെയാണ് ഒരുജീവന്‍ രക്ഷിക്കാന്‍ വേണ്ടി അവര്‍ വാദിച്ചത്. താന്‍ ചെയ്യുന്നത് എന്താണെന്ന കാര്യത്തില്‍ അവര്‍ക്ക് വ്യക്തതയുണ്ടായിരുന്നു. അതുകൊണ്ടാണ് ഡോക്ടേഴ്‌സിനോട് അവര്‍വാദിച്ചത്. പാപ്പ പറഞ്ഞു. ഞാന്‍ അവര്‍ക്ക് നന്ദി പറയുന്നു. എന്റെജീവന്‍ രക്ഷിച്ചത് ആ നേഴ്‌സിന്റെ വിവേകമാണ്. പാപ്പ പറഞ്ഞു.