വാഷിംങ്ടണ്‍: രാജ്യമെങ്ങും പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ദേവാലയസന്ദര്‍ശനം വിവാദത്തിലേക്ക്. ജോര്‍ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ ഉടനീളം പ്രക്ഷോഭങ്ങള്‍ നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെ അദ്ദേഹം സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ ഷ്രൈന്‍ സന്ദര്‍ശിച്ചത്.
ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡം എക്‌സിക്യൂട്ടീവ് ഓര്‍ഡറില്‍ ഒപ്പുവയ്ക്കാനാണ് ട്രംപ് വന്നതെന്നും ഇത് നേരത്തെ തീരുമാനിച്ചിരുന്നതാണെന്നും ഷ്രൈന്‍ വക്താവും വൈറ്റ് ഹൗസില്‍ നിന്നുള്ള പ്രസ് റീലീസും വ്യക്തമാക്കുന്നു. ട്രംപിന്റെ ദേവാലയ സന്ദര്‍ശനം ആക്ഷേപാര്‍ഹമാണെന്നാണ് വാഷിംങ്ടണ്‍ ആര്‍ച്ച് ബിഷപ് പ്രതികരിച്ചത്.
മനുഷ്യാവകാശങ്ങളുടെ സംരക്ഷകനായിരുന്നു ജോണ്‍ പോള്‍ എന്നും അദ്ദേഹം വ്യക്തമാക്കി. പ്രക്ഷോഭകാരികള്‍ക്ക്‌നേരെ കണ്ണീര്‍വാതകപ്രയോഗം നടന്നതിന്റെ വെളിച്ചത്തിലായിരുന്നു ആര്‍ച്ച് ബിഷപ് പ്രതികരിച്ചത്.
ഇരുനൂറോളം പ്രക്ഷോഭകാരികള്‍ ദേവാലയത്തിന് ചുറ്റും തടിച്ചുകൂടിയിരുന്നു. ചിലര്‍ നീതി ആവശ്യപ്പെട്ട് മുദ്രാവാക്യം മുഴക്കിയപ്പോള്‍ മറ്റുചിലര്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നുമുണ്ടായിരുന്നു. വിശുദ്ധ ജോണ്‍ പോളിന്റെ രക്തം തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്ന ദേവാലയമാണ് ഇത്.
2014 ല്‍ ആണ് യുഎസ് കാത്തലിക് ബിഷപ്്‌സ് കോണ്‍ഫ്രന്‍സ് ദേവാലയത്തെ ദേശീയ തീര്‍ത്ഥാടനാലയമായി പ്രഖ്യാപിച്ചത്. തിങ്കളാഴ്ച സെന്റ് ജോണ്‍സ് എപ്പിസ്‌ക്കോപ്പല്‍ ദേവാലയവും ട്രംപ് സന്ദര്‍ശിച്ചിരുന്നു. പ്രക്ഷോഭകാരികള്‍ കേടുപാടുകള്‍ വരുത്തിയ ദേവാലയത്തിന് വെളിയില്‍ ബൈബിള്‍ ഉയര്‍ത്തിപിടിച്ച് ട്രംപ് ഫോട്ടോഗ്രാഫര്‍മാരുടെ മുന്നില്‍ നിന്നതും വാര്‍ത്തയായിരുന്നു.