എന്റെ ജീവിതത്തിലെ ഏറ്റവും നിര്‍ണ്ണായകമായ ദിനമായിരുന്നു അത്. കൊല്‍ക്കൊത്തയുടെ അമ്മ, വിശുദ്ധ മദര്‍ തെരേസ ജയില്‍ സന്ദര്‍ശിക്കാന്‍ വന്ന ദിവസം. ആ മുഖത്തെ കരുണയും വാക്കുകളിലെ വാത്സല്യവും പ്രവൃത്തിയിലെ ദൈവസ്‌നേഹവും..അതെന്റെ ജീവിതത്തെ അടിമുടി മാറ്റിമറിച്ചു. ജിം വാല്‍ബെര്‍ഗ് എന്ന പഴയ അപഥസഞ്ചാരി ഒരു ടിവി ഷോയില്‍ മനസ്സ് തുറന്നത് അങ്ങനെയാണ്. മാര്‍ക്ക് വാല്‍ബെര്‍ഗ് എന്ന പ്രശസ്തനായ നടന്റെ സഹോദരനാണ് ജിം.
അന്ന് ജയിലില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നു. കര്‍ദിനാളായിരുന്നു കാര്‍മ്മികന്‍. വലിയൊരു കസേര അദ്ദേഹത്തിനായി നീക്കിവച്ചിരുന്നു. മറ്റൊരു കസേര മദര്‍ തെരേസയ്ക്കുമായി നീക്കിവച്ചിരുന്നു. അതിലേക്ക് മദര്‍ തെരേസയെ ക്ഷണിച്ചുവെങ്കിലും മദര്‍ ജയില്‍വാസികള്‍ക്കൊപ്പം നിന്നാണ് കുര്‍ബാനയില്‍ സംബന്ധിച്ചത്. പ്രസംഗിക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍ മാത്രമാണ് മദര്‍ അവിടേയ്ക്ക് പോയത്. മദര്‍ അഭിമുഖമായി നിന്നപ്പോള്‍ ആ മുഖത്ത് നിന്ന് കണ്ണുകള്‍ തിരിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല.
മദര്‍ സംസാരിച്ചത് മുഴുവന്‍ സ്‌നേഹത്തെക്കുറിച്ചും കരുണയെക്കുറിച്ചുമായിരുന്നു. ആ വാക്കുകള്‍ തന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ആ ദിവസം അത് വല്ലാത്തൊരു ദിവസമായിരുന്നു. ജിം അനുസ്മരിക്കുന്നു. അന്ന് തന്നെ താന്‍ ജയില്‍ ചാപ്ലയ്‌നോട് ദൈവത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിക്കുകയും യേശുക്രിസ്തുവിനെക്കുറിച്ച് പഠിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്ന് ജിം പറയുന്നു.
ജീവിതം അന്നുമുതല്‍ മാറിത്തുടങ്ങി. ഇന്ന് വിശ്വാസത്തിന്റെ പാതയിലാണ് ജിം. മദ്യപാനവും ലഹരിവസ്തുക്കളുടെ ഉപയോഗവുമാണ് ജിമ്മിനെ ജയിലിലെത്തിച്ചത്.