കാഞ്ഞിരപ്പള്ളി: ആതുരാലയങ്ങള്‍ സാധാരണക്കാര്‍ക്കുവേണ്ടി നിലകൊള്ളണമെന്നും അവര്‍ക്ക് ആധുനിക ചികിത്സാസൗകര്യങ്ങള്‍ ഒരുക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ഗ്ലെന്‍ റോക്ക് ചാരിറ്റബിള്‍ സൊസൈറ്റിയുടെയും മല്ലികശ്ശേരി ഡെല്‍റ്റ റബര്‍ ഫാക്ടറിയുടെയും മറ്റ് സുമനസ്സുകളുടെയും സഹകരണത്തോടെ പുതുതായി ആരംഭിച്ച ഡയാലിസിസ് യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മാര്‍ പുളിക്കല്‍.
സാധാരണക്കാരായ രോഗികളെ ഉദ്ദേശിച്ചാണ് ആശുപത്രിയില്‍ ഡയാലിസിസ് പോലെയുള്ള പുതിയ വിഭാഗങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡയാലിസിസ് യൂണിറ്റിന്റെ വെഞ്ചിരിപ്പ് മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിച്ചു. വികാരി ജനറാല്‍മാരായ ഫാ. ജസ്റ്റിന്‍ പഴേപറമ്പില്‍, ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.