ഓ, കരുതലുള്ളവനും കാരുണ്യപൂര്‍ണനുമായ രക്ഷകാ, എന്‍റെ നിസ്സരതയാലും അവിടുത്തെ മഹനീയതയാലും ഞാന്‍ എന്നെത്തന്നെ അവിടുത്തെ പാദത്തിങ്കല്‍ സമര്‍പ്പിക്കുന്നു. അങ്ങയുടെ നന്ദിഹീനമായ ഈ സൃഷ്ടിക്ക് കാണിച്ചുതന്ന അവിടുത്തെ കൃപയുടെ നിരവധിയായ അടയാളങ്ങളെയോര്‍ത്ത് അങ്ങേക്ക് നന്ദി പറയുന്നു. സാത്താന്‍റെ നശീകരണശക്തിയില്‍ നിന്ന്‍ അങ്ങയുടെ തിരുരക്തത്താല്‍ എന്നെ മോചിപ്പിച്ചതിന് ഞാന്‍ അങ്ങേക്ക് വിശിഷ്യാ നന്ദി പറയുന്നു.
ഓ, നല്ല ഈശോയെ, എന്‍റെ സ്നേഹമുള്ള അമ്മയായ മറിയത്തിന്‍റെയും കാവല്‍മാലാഖയുടെയും നാമഹേതുക വിശുദ്ധന്‍റെയും സ്വര്‍ഗ്ഗത്തിലെ സകല വൃന്ദങ്ങളുടെയും സാന്നിധ്യത്തില്‍ സ്വതന്ത്രമനസ്സോടും സത്യസന്ധമായ ഒരു ഹൃദയത്തോടും കൂടി, ലോകത്തെ പാപത്തില്‍ നിന്നും മരണത്തില്‍ നിന്നും നരകത്തില്‍ നിന്നും രക്ഷിച്ച അങ്ങയുടെ വിലയേറിയ തിരുരക്തത്തിന് ഞാന്‍ എന്നെത്തന്നെ സമര്‍പ്പിക്കുന്നു.
അവിടുത്തെ കൃപയുടെ സഹായത്തോടും എന്‍റെ സര്‍വശക്തിയോടും കൂടി ഞങ്ങളുടെ രക്ഷയുടെ വിലയായ അങ്ങയുടെ വിലയേറിയ തിരുരക്തത്തോടുള്ള ഭക്തി വളര്‍ത്തുകയും അതിനെ ഉദ്ദീപിപ്പിക്കുകയും ചെയ്യുമെന്ന് ഞാന്‍ അങ്ങയോടു വാഗ്ദാനം ചെയ്യുന്നു. അങ്ങനെ ആരാധ്യമായ അങ്ങയുടെ തിരുരക്തം സകലരാലും ബഹുമാനിക്കപ്പെടുന്നതിനും മഹത്വീകരിക്കപ്പെടുന്നതിനും ഇടയാകട്ടെ.
ഇതുവഴി അങ്ങയുടെ സ്നേഹത്തിന്‍റെ വിലതീരാത്ത രക്തത്തോടുള്ള എന്‍റെ അവിശ്വസ്തതയുടെ കേടുപോക്കാനും ലോകം മുഴുവനും തങ്ങളുടെ രക്ഷയുടെ അനന്യമായ വിലയ്ക്കെതിരായി ചെയ്യുന്ന നിന്ദനങ്ങള്‍ക്ക് പരിഹാരമനുഷ്ഠിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു.
ഓ, പരിശുദ്ധവും വിലതീരാത്തതുമായ തിരുരക്തമേ, അങ്ങേയ്ക്കെതിരായി ചെയ്യപ്പെട്ട എന്‍റെ തന്നെ പാപങ്ങളും മന്ദതയും സകല ധിക്കാരപ്രവൃത്തികളും ഒരിക്കലും ചെയ്യപ്പെടാതിരുന്നെങ്കില്‍! സ്നേഹനിധിയായ ഈശോയെ, അവിടുത്തെ പരിശുദ്ധ മാതാവും വിശ്വസ്തരായ ശ്ലീഹന്മാരും സകല വിശുദ്ധരും അങ്ങയുടെ വിലയേറിയ തിരുരക്തത്തിനു നല്‍കിയ സ്നേഹവും ബഹുമാനവും ആരാധനയും ഇതാ ഞാന്‍ അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു.
എന്‍റെ കഴിഞ്ഞ കാലത്തെ അവിശ്വസ്തതകളെയും മന്ദതയെയും മറക്കുകയും അങ്ങയെ വേദനിപ്പിക്കുന്ന എല്ലാവരോടും ക്ഷമിക്കുകയും ചെയ്യേണമെയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
ഓ ദിവ്യരക്ഷക, എന്നെയും സകല ജനങ്ങളെയും അവിടുത്തെ വിലയേറിയ തിരുരക്തത്താല്‍ തളിക്കുക.
അങ്ങനെ, ഓ ക്രൂശിക്കപ്പെട്ട സ്നേഹമേ, ഞങ്ങള്‍ ഇപ്പോള്‍ മുതല്‍ പൂര്‍ണ്ണ ഹൃദയത്തോടെ അങ്ങയെ സ്നേഹിക്കുകയും ഉചിതമായി ഞങ്ങളുടെ രക്ഷയുടെ വിലയെ ആദരിക്കുകയും ചെയ്യട്ടെ. ഓ പരിശുദ്ധ ദൈവമാതാവേ, അങ്ങയുടെ സഹായത്തിനായി ഞങ്ങള്‍ ഓടിയണയുന്നു. ഞങ്ങളുടെ ആവശ്യനേരത്ത് ഞങ്ങളുടെ അപേക്ഷകള്‍ ഉപേക്ഷിക്കരുതേ. പ്രത്യുത, സകല അപകടങ്ങളില്‍ നിന്നും ഞങ്ങളെ കാത്തുകൊള്ളണമേ.
ആമേന്‍.