സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിരിക്കുകയാണ് കോവിഡ് വാര്‍ഡില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഒരു ഡോക്ടറുടെ ചിത്രം. കൊളംബിയായില്‍ നിന്നുള്ള ഈ ചിത്രത്തില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നത് ഡോക്ടര്‍ നെസ്‌റ്റോര്‍ റാമിറെസ് അരീഷ്യയാണ്. തന്റെ ജോലിക്കിടയില്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്ന ഡോക്ടറുടെ ചിത്രം പകര്‍ത്തിയതും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും ലൂയിസ് ആല്‍ബര്‍ട്ടോ എന്ന ഇവാഞ്ചലിക്കല്‍ പ്രൊട്ടസ്റ്റന്റുകാരനായ സുഹൃത്താണ്. പതിനായിരങ്ങളാണ് ചിത്രം ലൈക്ക് ചെയ്തതും ഷെയര്‍ ചെയ്തതും.
ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കും. എനിക്ക് അക്കാര്യത്തില്‍ സംശയമൊന്നുമില്ല. ഞാന്‍ ക്രിസ്തുവിന്റെ സാന്നിധ്യം ദിവസവും അനുഭവിക്കുന്നുണ്ട്. ക്രിസ്തു ഇന്ന് ഞങ്ങളുടെ കൈകളിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. യേശുവേ നിന്റെ സൗഖ്യശുശ്രൂഷ ഞങ്ങളിലൂടെ നിറവേറ്റപ്പെടണേ എന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്. ഡോക്ടര്‍ റാമിറെസ് മാധ്യമങ്ങളോട് പറഞ്ഞു.
ഫ്രാന്‍സിസ്‌ക്കന്‍ സിസ്റ്റേഴ്‌സ് നടത്തുന്ന മദര്‍ ബെര്‍ണാര്‍ഡ ക്ലിനിക്കിലാണ് ഡോക്ടര്‍ ജോലി ചെയ്യുന്നത്. ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും ജീവന്‍ ഇന്ന് വലിയ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. പതിനെട്ടുവര്‍ഷമായതേയുള്ളൂ തന്റെ വിശ്വാസജീവിതം ആരംഭിച്ചിട്ട് എന്നും അദ്ദേഹം പറയുന്നു.
കുടുംബജീവിതത്തിലെ ചില പ്രതിസന്ധികളാണ് എന്നെ ആത്മീയതയിലേക്ക് തിരിച്ചുവിട്ടത് ചെറിയ പ്രാര്‍ത്ഥനാകൂട്ടായ്മകളില്‍ പങ്കെടുത്തുതുടങ്ങി, ആത്മീയഗുരുക്കന്മാരുടെ നിര്‍ദ്ദേശങ്ങള്‍ ലഭിച്ചു, അതോടെ ഞാന്‍ ദിവ്യകാരുണ്യത്തിലേക്ക് തിരിഞ്ഞു, കന്യാമേരിയുടെ ജീവിതം പഠിക്കാന്‍ ആരംഭിച്ചു. അതോടെ ഞാന്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനും ജപമാലയെ സ്‌നേഹിക്കാനും ആരംഭിച്ചു. ദിവസം അഞ്ചോ പത്തോ തവണ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ഡോക്ടര്‍ പറയുന്നു.
തന്റെ മാനസാന്തരത്തിന് ഭാര്യയുടെ പങ്കും അദ്ദേഹം വിലമതിക്കുന്നു. 36 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ദൈവം തങ്ങളുടെ ജീവിതത്തില്‍ എപ്പോഴും പ്രവര്‍ത്തനനിരതനാണെന്നും ഡോക്ടര്‍ പറയുന്നു.