ദൈവം വിളിക്കുന്നത് ആരെ, എപ്പോള്‍, എങ്ങനെ എന്ന് കൃത്യമായി നിര്‍വചിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല. ദൈവവിളിയെക്കുറിച്ചുള്ള ചിലരുടെ തിരഞ്ഞെടുപ്പുകളും തീരുമാനങ്ങളും കാണുമ്പോള്‍ ഈ പൊതുതത്വം നാം അറിയാതെ പറഞ്ഞുപോകും.
അമേരിക്കയിലെ വിസ്‌കോണ്‍സിന്‍ സ്‌റ്റേറ്റിലെ കെനോഷയില്‍ ജനിച്ചുവളര്‍ന്ന ഡിയാന തെരേസ്, സിഎംസി സന്യാസിനി സമൂഹത്തിലെ അംഗമായി മാറിയതിനെയും നാം ഈ രീതിയില്‍ വേണം കാണേണ്ടത്.
മൈക്കിള്‍- സിന്‍ഡി ദമ്പതികളുടെ ആറുമക്കളില്‍ മൂന്നാമത്തെ പുത്രിയായിരുന്നു ഡിയാന. സ്‌പെയ്‌നില്‍ ഉപരിപഠനം നടത്തി അമേരിക്കയില്‍ തിരിച്ചെത്തി അധ്യാപികയായി ജോലി ചെയ്യുമ്പോഴാണ് തന്റെ ജീവിതത്തെ തലകീഴായി മറിക്കുന്ന അനുഭവങ്ങള്‍ക്ക് ഡിയാന സാക്ഷ്യംവഹിച്ചത്.
തന്നെ ദൈവം സവിശേഷമായ ഒരു ദൗത്യത്തിലേക്ക് ക്ഷണിക്കുന്നതായുള്ള തുടര്‍ച്ചയായ തോന്നല്‍ കൊണ്ട് അവളുടെ മനസ്സ് സംഘര്‍ഷപൂരിതമായി. കാമ്പസ് മിനിസ്ട്രിയില്‍ സുവിശേഷപ്രഘോഷണം നടത്തുന്ന വ്യക്തിയായിരുന്നു അപ്പോള്‍ ഡിയാന. എങ്കിലും ആ വഴി മാത്രമല്ല തനിക്കുളളതെന്ന് അവള്‍ക്ക് തോന്നിത്തുടങ്ങി. ദൈവഹിതം തിരിച്ചറിയാന്‍ അവള്‍കൂടുതലായ പ്രാര്‍ത്ഥനയിലും ഉപവാസത്തിലും മുഴുകി.
ഇതേ സമയത്തായിരുന്നു സിഎംസി സന്യാസിനികളുമായുള്ള കണ്ടുമുട്ടല്‍. വിശുദ്ധരാകുക മറ്റുള്ളവരെ വിശുദ്ധിയിലേക്ക് നയിക്കുക എന്ന സിഎംസിയുടെ കാരിസം ഡിയാനയെ സ്പര്‍ശിച്ചു. ഇതാണ് തന്റെ വഴിയെന്ന് അവള്‍ തിരിച്ചറിഞ്ഞു. തുടര്‍ന്ന് 2016 ല്‍ സിഎംസിയില്‍ അര്‍ത്ഥിനിയായി ചേര്‍ന്നു.
സന്യാസപരിശീലനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ഡിയാന സന്യാസവസ്ത്രം സ്വീകരിച്ച് ആദ്യവ്രതസമര്‍പ്പണം നടത്തിയിരിക്കുകയാണ്. 2020 ഓഗസ്റ്റ് 16 നായിരുന്നു സിസ്റ്റര്‍ ഡിയാന തെരേസ സിഎംസിയുടെ പ്രഥമവ്രതവാഗ്ദാനം.
കടല്‍കടന്നെത്തിയ ഈ കന്യാസ്ത്രീയുടെ തുടര്‍ന്നുള്ള വഴികള്‍ക്ക് നമുക്ക് പ്രാര്‍ത്ഥനകള്‍ നേരാം. മരിയന്‍പത്രത്തിന്റെ ആശംസകളും പ്രാര്‍ത്ഥനകളും.