അദ്ധ്വാനിച്ചു നേടിയ സമ്പത്തിന്റെ പേരിലോ കഴിവുകളുടെയും സൗന്ദര്യത്തിന്റെയും പേരിലോ അഹങ്കരിക്കാത്തവരായി ആരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. പറഞ്ഞുകേട്ടിട്ടുമുണ്ട് നാം തന്നെ പറഞ്ഞിട്ടുമുണ്ട് ഇതെല്ലാം നേടിയത് എന്റെ കഴിവുകൊണ്ടാണ് എന്ന്.
പക്ഷേ ആലോചിച്ചുനോക്കിയാല്‍ നാം നേടുന്നതെന്താണ്..നമുക്കുളളതെന്താണ്.. മനുഷ്യന്റെ ജീവിതം ഒരു പുല്‍ക്കൊടിക്ക് തുല്യമാണ് എന്നാണ് വചനം പറയുന്നത്. ചുടുകാറ്റടിക്കുമ്പോള്‍ അത് വാടി പോകുന്നു. നിന്നിരുന്ന സ്ഥലം പോലും അറിയാതെ പോകുന്നു.
ഈ സത്യം നാം അറിയുന്നില്ല. നാം കരുതുന്ന ഈ ലോകം നമ്മുടെ ശാശ്വത ഭവനമൊന്നുമല്ല. നാം നേടിയതെല്ലാം ഉപേക്ഷിച്ചുകടന്നുപോകേണ്ടിവരുന്ന ഒരു ദിവസം വരും. ആവശ്യത്തിനോ അനാവശ്യത്തിനോ ഉള്ളതായ പകയും വിദ്വേഷവും അസൂയയും മാത്സര്യവും ഒന്നും നമ്മെ രക്ഷിക്കില്ല.
നമ്മുടെ ആത്മാവിന് ഗുണം ചെയ്യാത്തതൊന്നും നമുക്ക് ഈ ഭൂമിയില്‍ ആവശ്യമില്ല എന്നതാണ് സത്യം. പ്രശസ്തിയും പണവും സൗന്ദര്യവും ഒരു രോഗം വന്നാല്‍ തീരാവുന്നതേയുള്ളൂ. ഒരുകാലത്ത് ദശലക്ഷ കണക്കിന് ആരാധകരും ആവശ്യത്തിലേറെ പണവും സൗന്ദര്യവുമുണ്ടായിരുന്ന വ്യക്തിയായിരുന്നു കില്‍സിഡ റോഡ്രിഗ്‌സ്. ലോകത്തിന്റെ മായികതയ്‌ക്കൊപ്പം ജീവിച്ചുപോന്നവള്‍.
പക്ഷേ ഒരു നാള്‍ കാന്‍സര്‍ രോഗബാധിതയായി ജീവനുമായി പോരാട്ടം നടത്തിയ ദിവസങ്ങളില്‍ അവള്‍ ചിലതൊക്കെ കുറിച്ചുവച്ചു. ഇന്ന് ആ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ് അവളുടെ ചിത്രവും. വായിക്കുന്നവരൊക്കെ അത് ഫോര്‍വേഡ് മെസേജുകളായി അയ്ക്കുന്നു. അങ്ങനെ കിട്ടിയ ഒരു സന്ദേശം മരിയന്‍ പത്രത്തിന്റെ വായനക്കാര്‍ക്കായി ഇവിടെ പുനപ്രസിദ്ധീകരിക്കുകയാണ്.
ആ കുറിപ്പിന്റെ പൂര്‍ണ്ണരൂപം;
ലോകത്തിലെ ഏറ്റവും വിലയേറിയ ബ്രാൻഡ് കാർ എന്റെ ഗാരേജിലുണ്ട് പക്ഷെ ഞാൻ ഇപ്പോൾ വീൽചെയറിൽ ആണ് യാത്ര ചെയുന്നത്
എന്റെ വീട്ടിൽ എല്ലാത്തരം ഡിസൈൻ വസ്ത്രങ്ങളും ചെരിപ്പുകളും വിലയേറിയ വസ്തുക്കളും നിറഞ്ഞിരിക്കുന്നു. പക്ഷെ ആശുപത്രി നൽകിയ ചെറിയ ഷീറ്റിൽ എന്റെ ശരീരം പൊതിഞ്ഞിരിക്കുന്നു..ബാങ്കിൽ ആവശ്യത്തിനു പണമുണ്ട്. എന്നാൽ ആ പണം ഇപ്പോൾ എനിക്ക് പ്രയോജനപ്പെടുന്നില്ല..എന്റെ വീട് ഒരു കൊട്ടാരം പോലെയാണെങ്കിലും ഞാൻ ആശുപത്രിയിലെ ഇരട്ട വലുപ്പത്തിലുള്ള കട്ടിലിൽ കിടക്കുന്നു..
ഞാൻ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്ന് മറ്റൊരു പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് പോകുമായിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ ഒരു ലാബിൽ നിന്ന് മറ്റൊന്നിലേക്ക് ആശുപത്രിയിൽ സമയം ചെലവഴിക്കുന്നു..
ഞാൻ നൂറുകണക്കിന് ആളുകൾക്ക് ഓട്ടോഗ്രാഫുകൾ നൽകി – ഇന്ന് ഡോക്ടറുടെ കുറിപ്പ് എന്റെ ഓട്ടോഗ്രാഫ് ആണ്..എന്റെ മുടി അലങ്കരിക്കാൻ എനിക്ക് ഏഴ് ബ്യൂട്ടിഷ്യൻ ഉണ്ടായിരുന്നു – ഇന്ന് എന്റെ തലയിൽ ഒരു മുടി പോലും ഇല്ല..ഒരു സ്വകാര്യ ജെറ്റിൽ, എനിക്ക് ആവശ്യമുള്ളിടത്ത് പറക്കാൻ കഴിയും. എന്നാൽ ഇപ്പോൾ ഞാൻ ആശുപത്രിയുടെ വരാന്തയിലേക്ക് പോകാൻ രണ്ടുപേരുടെ സഹായം സ്വീകരിക്കണം..
ധാരാളം ഭക്ഷണങ്ങൾ ഉണ്ടെങ്കിലും, എന്റെ ഭക്ഷണക്രമം ഒരു ദിവസം രണ്ട് ഗുളികകളും രാത്രിയിൽ കുറച്ച് തുള്ളി ഉപ്പുവെള്ളവുമാണ്.ഈ വീട്, ഈ കാർ, ഈ ജെറ്റ്, ഈ ഫർണിച്ചർ, നിരവധി ബാങ്ക് അക്കൗണ്ടുകൾ, വളരെയധികം അന്തസ്സും പ്രശസ്തിയും, ഇവയൊന്നും എനിക്ക് ഒരു പ്രയോജനവുമില്ല. ഇവയൊന്നും എനിക്ക് അൽപ്പം ആശ്വാസം നൽകാൻ കഴിയില്ല.
ആശ്വാസം നൽകുന്നത് കുറെ ആളുകളുടെ മുഖങ്ങളും അവരുടെ സ്പർശനവും. “മരണത്തേക്കാൾ സത്യമൊന്നുമില്ല …. ജീവിതം ഒന്നേ ഉള്ളു, ഒരിക്കലെ ഉള്ളു … അത് ജീവിക്കുക ഓരോ നിമിഷവും.