സിസ്റ്റര്‍ അഭയകേസില്‍ സിബിഐ സ്‌പെഷ്യല്‍ കോടതി വിചാരണ ചെയ്ത് കൊലപാതകം ചെയ്തതായി തെളിഞ്ഞു എന്ന് കണ്ട് കുറ്റക്കാരായി പ്രഖ്യാപിച്ച് ജീവപര്യന്തം തടവിന് രണ്ടുപേരെയും ശിക്ഷിച്ചത് വളരെ നല്ല വിധിയാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന്ജസ്റ്റീസ് എബ്രഹാം മാത്യു. നിയമനിര്‍മ്മാണരംഗത്ത് ഒരു മുതല്‍ക്കൂട്ടാണ് ഈ വിധി. നിയമം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ജൂനിയര്‍ അഭിഭാഷകര്‍ക്കും തുടക്കക്കാരായ ന്യായാധിപന്മാര്‍ക്കും അവരെ പരിശീലിപ്പിക്കുന്നവര്‍ക്കും വളരെയധികം പ്രയോജനം ചെയ്യുന്ന വിധിയാണ് ഇത്.
നമുക്കറിയാം അസാധാരണമായ രോഗം വന്ന് മരിക്കുമ്പോഴോ അല്ലെങ്കില്‍ ഒരു സാധാരണരോഗം വന്ന് അസാധാരണമായ രീതിയില്‍ മരിക്കുമ്പോഴോ അവരുടെ ശരീരഭാഗം മെഡിക്കല്‍കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി എടുത്തുവയ്ക്കാറുണ്ട്. അതിന്റെ കാരണം എല്ലാവര്‍ക്കുമറിയാം. അവര്‍ക്ക് പഠിക്കുന്നതിന് ഇതുപകരിക്കും. മേലില്‍ ഇങ്ങനെ രോഗം വരാതിരിക്കാന്‍ ജനങ്ങളെ പഠിപ്പിക്കാന്‍ സാധിക്കും. മുന്നറിയിപ്പ് നല്കാന്‍ സാധിക്കും. കരുതലെടുക്കാന്‍ സാധിക്കും. അതേ ഗുണമാണ് ഈ വിധിക്കുമുളളത്.
ഇത്രയധികം താളപ്പിഴകളും പാകപ്പിഴകളും വന്നിട്ടുള്ള ഒരു ക്രിമിനല്‍ വിധി ഉണ്ടായിട്ടുണ്ടോയെന്ന് എനിക്ക് സംശയമാണ്. ഒരു ക്രിമിനല്‍ വിധിയില്‍ എന്തെല്ലാം കുഴപ്പങ്ങളുണ്ടാകാമെന്ന് പഠിക്കാനും പഠിപ്പിക്കാനും ഏറ്റവും പ്രയോജനപ്പെടുന്ന ഒരു വിധിയാണ് ഇത്. അതുകൊണ്ടാണ് ഇത് വളരെ നല്ല വിധിയാണെന്ന് ഞാന്‍ പറഞ്ഞത്. ജസ്റ്റീസ് വിശദീകരിക്കുന്നു.