ഇസ്രായേല്‍: മറിയത്തില്‍ ജനിച്ച ക്രിസ്തു എന്ന 1500 വര്‍ഷം പഴക്കമുള്ള പുരാതന രേഖ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. പുരാതനമായ ഗ്രീക്ക് രേഖയാണ് ജസ്രീല്‍ താഴ് വരയില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്.
താഴ് വരയിലെ തെയ്‌ബെയില്‍ നടത്തിയ പര്യവേക്ഷണത്തിലാണ് നിര്‍ണ്ണായകമായ ഈ കണ്ടെത്തല്‍. ബൈസൈന്റയിന്‍ കാലത്തേത് എന്ന് കരുതപ്പെടുന്ന ഒരു ചുവരിലാണ് ഈ എഴുത്ത് കണ്ടെത്തിയിരിക്കുന്നത്. മറിയത്തില്‍ ജനിച്ച ക്രിസ്തു എന്നത് തിന്മയില്‍ നിന്ന് രക്ഷനേടാനും അനുഗ്രഹവചസായും ഓരോ രേഖകളുടെ മുകളിലും എഴുതുന്ന പതിവുണ്ടായിരുന്നുവെന്നും തെയ്‌ബെ മേഖലയില്‍ ഒരു ബൈസൈന്റന്‍ ദേവാലയം ഉണ്ടായിരുന്നുവെന്നതിന്റെ തെളിവാണ് ഇതെന്നും പുരാവസ്തു ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ഈ പ്രദേശത്ത് ദേവാലയം ഉണ്ടായിരുന്നുവെന്ന കാര്യം ഇതുവരെ അറിഞ്ഞുകൂടായിരുന്നുവെന്നും രേഖയുടെ കണ്ടെത്തലോടെ ഇവിടെ ദേവാലയം ഉണ്ടായിരുന്നുവെന്ന സത്യത്തിലേക്ക് ഇത് വിരല്‍ചൂണ്ടുന്നുവെന്നും ഇസ്രായേല്‍ പുരാവസ്തു ഗവേഷകര്‍ പറയുന്നു.