കുറവിലങ്ങാട്: മൂന്നു നോമ്പിന്റെ രണ്ടാം ദിനമായ ഇന്ന് കുറവിലങ്ങാട് കപ്പല്‍ പ്രദക്ഷിണം നട്ക്കും. ഉച്ചയ്ക്ക് ഒന്നിനാണ് കപ്പല്‍ പ്രദക്ഷിണം ആരംഭിക്കുന്നത്. കാളികാവ്, രത്‌നഗിരി,കടപ്പൂര്‍ പ്രദേശത്തുള്ളവര്‍ക്കാണ് കപ്പല്‍ വഹിക്കാനുള്ള അവകാശം പരമ്പരാഗതമായി ലഭിച്ചിരിക്കുന്നത്.
കടപ്പൂര്‍ നിവാസികളുടെ പൂര്‍വികര്‍ കടല്‍യാത്രയ്ക്കിടയില്‍ കടല്‍ക്ഷോഭത്തില്‍ പെട്ടുവെന്നും അവര്‍ കുറവലിങ്ങാട് മുത്തിയമ്മയുടെ മാധ്യസ്ഥം വിളിച്ച് അപേക്ഷിച്ചപ്പോള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടുവെന്നും അതിന്റെ പ്രതിനന്ദിയായി സഞ്ചരിക്കുന്ന കപ്പലിന്റെ മാതൃകയില്‍ ഒരു കപ്പലുണ്ടാക്കി കുറവിലങ്ങാട് പള്ളിക്ക് സമ്മാനിച്ചുവെന്നുമാണ് പാരമ്പര്യവിശ്വാസം. തലമുറകളായി ആവര്‍ത്തിക്കപ്പെട്ടുപോരുന്ന വിശ്വാസമാണ് ഇത്.
17 അടി നീളമുള്ളതാണ് കപ്പല്‍, അടിത്തട്ടിന് അഞ്ചടി വീതിയുണ്ട്. രണ്ട് സ്ത്രീരൂപങ്ങളടക്കം ഒമ്പത് ആളുകളുടെ രൂപം കപ്പലില്‍ കാണാന്‍ കഴിയും. ഇവരില്‍ മൂ്ന്നുപേര്‍ കപ്പല്‍ ജോലിക്കാരാണ്. രണ്ടുപേര്‍ പടയാളികളും. യൂണിഫോമില്‍ കപ്പിത്താനുമുണ്ട്. മധ്യഭാഗത്ത് പിതാവിന്റെ ദൈവത്തിന്റെ രൂപം. ഇതിന് ചുവട്ടില്‍ ഏഴ് മാലാഖമാര്‍. കപ്പലിന്റെ പിന്‍ഭാഗത്ത് മെത്രാന്‍സ്ഥാനത്തിന്റെ അടയാളം. കപ്പലിന്റെ വശത്ത് വലിയ മത്സ്യം യോനായെ കടല്‍ക്കരയില്‍ ഛര്‍ദ്ദി്ക്കുന്നതും ചിത്രീകരണത്തിലുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് കപ്പല്‍ പ്രദക്ഷിണം നടക്കുന്നത്.