വത്തിക്കാന്‍സിറ്റി: ആരാധനയില്ലാത്ത ക്രിസ്തുമതം ക്രിസ്തുരഹിത ക്രിസ്തുമതമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.
ആരാധനാകര്‍മ്മം വസ്തുനിഷ്ഠമായ മാനത്തോടെ തന്നെ തീക്ഷ്ണതയോടെ ആഘോഷിക്കേണ്ടതാണ്. വിശുദ്ധ കുര്‍ബാന ശ്രവിച്ചാല്‍ മാത്രം പോരാ. ശ്രവിക്കുക എന്നത് ശരിയായ പ്രയോഗമല്ല. ഞാന്‍ കുര്‍ബാന കേള്‍ക്കാന്‍ പോകുകയല്ല. ഒരു കാര്യത്തില്‍ മുഴുകാതെ വെറും കാഴ്ചക്കാര്‍ ആകുന്നതുപോലെ നമുക്ക് കുര്‍ബാന കേള്‍ക്കാനാകില്ല.
വിശുദ്ധ കുര്‍ബാന എന്നും ആഘോഷിക്കപ്പെടുകയാണ് ചെയ്യുന്നത്. അതിന് നേതൃത്വമേകുന്ന പുരോഹിതന്‍ മാത്രമല്ല അതില്‍ പങ്കുകൊളളുന്ന സകല ക്രൈസ്തവരും ചേര്‍ന്നാണ് അത് ആഘോഷിക്കുന്നത്. അതിന്റെ കേന്ദ്രം ക്രിസ്തുവാണ്.തടവറകളിലെ പീഡനകാലത്ത് ഭവനങ്ങളില്‍ ഒളിച്ചുകഴിഞ്ഞിരുന്ന വേളയിലോ ക്രൈസ്തവര്‍ നടത്തിയതോ നടത്തുന്നതോ പോലുള്ള ലളിതമായ ആരാധനാകര്‍മ്മങ്ങളില്‍ പോലും ക്രിസ്തു യഥാര്‍ത്ഥത്തില്‍ സന്നിഹിതനാകുകയും തന്നില്‍ വിശ്വസിക്കുന്നവര്‍ക്കായി സ്വയം നല്കുകയും ചെയ്യുന്നു.
ക്രിസ്ത്യാനിയുടെ പ്രാര്‍ത്ഥന യേശുവിന്റെ കൗദാശിക സാന്നിധ്യത്തെ സ്വന്തമാക്കിത്തീര്‍ക്കുന്നു. മാര്‍പാപ്പ പറഞ്ഞു. പേപ്പല്‍ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയില്‍ നിന്ന് ദൃശ്യശ്രാവ്യമാധ്യമങ്ങളിലൂടെ നല്കിയ പൊതുദര്‍ശന വേളയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പ.