ഒഹിയോ: യു എസില്‍ ഒരാള്‍ക്ക് ഒരു കത്തോലിക്കാ പുരോഹിതനാകണമെന്നുണ്ടെങ്കില്‍ അയാള്‍ക്ക് 33 വയസില്‍ കൂടുതല്‍ പ്രായം ഉണ്ടാകരുതെന്നുണ്ട്. മാത്രവുമല്ല വിവാഹിതനായിരിക്കുകയുമരുത്.
പക്ഷേ ഡീക്കന്‍ ഡ്രാക്കെ മക്കാലിസ്റ്റര്‍ കത്തോലിക്കാ പുരോഹിതനായി അഭിഷിക്തനായപ്പോള്‍ അദ്ദേഹത്തിന് 50 വയസായിരുന്നു പ്രായം. മാത്രവുമല്ല അദ്ദേഹം വിവാഹിതനും അഞ്ചു മക്കളുടെ പിതാവുമായിരുന്നു.
പെന്തക്കോസ്ത് സുവിശേഷകനായി ഏറെക്കാലം ജീവിച്ചതിന് ശേഷമാണ് അദ്ദേഹം കത്തോലിക്കാ സഭയെ ആശ്ലേഷിച്ചത്. എന്തുകൊണ്ടാണ് ഒരു കത്തോലിക്കാ പുരോഹിതനായത്? പലരും പലവട്ടം തന്നോട് ഈ ചോദ്യം ചോദിച്ചിട്ടുള്ളതായി ഡ്രാക്കെ മക്കാലിസ്റ്റര്‍ പറയുന്നു. എനിക്കതിന് കൃത്യമായ മറുപടിയില്ല, ഞാന്‍ എപ്പോഴും ഈശോയുടെ വാക്കുകള്‍ അനുസരിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നു. അതുമാത്രമാണ് അദ്ദേഹത്തിന്റെ മറുപടി.
ഇരുപതാം വയസുമുതല്‍ ദൈവം തന്റെ ജീവിതത്തില്‍ നേരിട്ട് ഇടപെടുന്നത് തനിക്ക് അനുഭവിക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അന്നുമുതല്‍ ദൈവസ്വരം കേട്ടതുകൊണ്ട് ദൈവം നയിക്കുന്ന വഴികളിലൂടെ മുന്നോട്ടുപോയി. തിയോളജിയില്‍ ബിരുദമെടുത്തത് അങ്ങനെയായിരുന്നു. തിയോളജി പഠനത്തിന് ശേഷം പെന്തക്കോസ്തല്‍ മിനിസ്ട്രിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചു.
മ്യൂസിക് മിനിസ്്റ്ററും ഡയറക്ടറും ആയിരുന്നു തുടക്കത്തില്‍. പിന്നീട് സീനിയര്‍ പാസ്റ്റര്‍ വരെയായി. കാലിഫോര്‍ണിയായില്‍ പുതിയൊരു മിനിസ്ട്രിക്ക് തുടക്കം കുറിക്കുകയും ചെയ്തു അപ്പോഴൊന്നും കത്തോലിക്കാ സഭയുമായി അടുപ്പം സ്ഥാപിക്കണമെന്ന ചിന്തയുണ്ടായിരുന്നില്ല.
ഇഡബ്ല്യൂടിഎന്‍ റേഡിയോ കേട്ടതുമുതല്‍ക്കാണ് കത്തോലിക്കാസഭയോട് ആഭിമുഖ്യമുണ്ടായിതുടങ്ങിയത്. പതുക്കെ പതുക്കെ അതിന്റെ സ്ഥിരം ശ്രോതാവായി.അതിനിടയില്‍ വിവാഹിതനും പിതാവുമൊക്കെയായിക്കഴിഞ്ഞിരുന്നു മക്കാലിസ്റ്റര്‍. മക്കളും ഭാര്യയുമൊത്ത് കത്തോലിക്കാ ദേവാലയങ്ങള്‍ സന്ദര്‍ശിക്കാനും തുടങ്ങി.
ഒടുവില്‍ നീണ്ട ആലോചനകള്‍ക്കും ധ്യാനങ്ങള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം 2004 ല്‍ കുടുംബസമേതം കത്തോലിക്കാസഭയില്‍ അംഗമായി. ഒടുവില്‍ ഇതാ കത്തോലിക്കാ പുരോഹിതനും.
പൗരോഹിത്യത്തില്‍ ഏറ്റവും അധികം സന്തോഷിപ്പിക്കുന്നത് ഏതാണ്? എന്ന ചോദ്യത്തിന് ഇദ്ദേഹം പറയുന്നു. വിശുദ്ധ കുര്‍ബാന.