Saturday, January 3, 2026
spot_img
More

    സുവിശേഷപ്രഘോഷണം ഫലദായകമാകാന്‍ അവശ്യം വേണ്ട രണ്ടു മേഖലകളെക്കുറിച്ച് വട്ടായിലച്ചന്‍ പറയുന്നത് കേള്‍ക്കൂ

    വൈദികനായ ആദ്യ കാലഘട്ടത്തില്‍ എന്റെ സുവിശേഷവേലയെ ഏറെ സ്വാധീനിച്ച ഒരു ദൈവവചനമായിരുന്നു മത്തായി 18 14. ഈ ചെറിയവരില്‍ ഒരുവന്‍ പോലും നശിച്ചുപോകാന്‍ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് ഇഷ്ടപ്പെടുന്നില്ല.

    അതുപോലെ വിശുദ്ധ ലൂക്കായുടെ സുവിശേഷം 10: 20 ഉം എന്നെ ഏറെ സ്വാധീനിച്ചിരുന്നു. ‘എന്നാല്‍ പിശാചുക്കള്‍ നിങ്ങള്‍ക്ക് കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ട മറിച്ച് നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍.’ കര്‍ത്താവ് രണ്ടുപേരെ സുവിശേഷവേലയ്ക്ക് അയച്ച് അവര്‍ തിരികെ വന്നപ്പോള്‍ കര്‍ത്താവ് നല്കിയ വെളിപ്പെടുത്തലാണ് അത്. നിങ്ങളുടെ പേരുകള്‍ സ്വര്‍ഗ്ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നാണ് ക്രിസ്തു പറയുന്നത്. അതുപോലെ യാക്കോബ് ശ്ലീഹായുടെ ലേഖനത്തില്‍ 5 ാം അധ്യായം 19, 20 തിരുവചനങ്ങളും എന്നെ സ്വാധീനിച്ചിട്ടുണ്ട്.

    എന്റെ സഹോദരരേ, നിങ്ങളില്‍ ഒരാള്‍ സത്യത്തില്‍ നിന്ന് വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊണ്ടുവരികയും ചെയ്യുന്നെങ്കില്‍ പാപിയെ തെറ്റായ മാര്‍ഗ്ഗത്തില്‍ നിന്നു പിന്തിരിക്കുന്നവന്‍, തന്റെ ആത്മാവിനെ മരണത്തില്‍ നിന്ന് രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.

    പ്രിയപ്പെട്ട സഹോദരങ്ങളേ ഈ തിരുവചനങ്ങളെല്ലാം എന്റെ ഹൃദയത്തെ സ്വാധീനിച്ചു. അതുപോലെ മറ്റൊന്നാണ് ഹഗായി ഒന്നാം അധ്യായം നാലാം തിരുവചനം. ഈ ആലയം തകര്‍ന്നുകിടക്കുന്ന ഈ സമയം നിങ്ങള്‍ക്ക് മച്ചിട്ട ഭവനങ്ങളില്‍ വസിക്കാനുള്ളതാണോ? ഈസമയത്തെല്ലാം കര്‍ത്താവിന്റെരാജ്യത്തിന് വേണ്ടി വേല ചെയ്യണമെന്ന്, സുവിശേഷവല്‍ക്കരണത്തിന് ഇറങ്ങിത്തിരിക്കണമെന്ന് തിരുവചനങ്ങളിലൂടെ അന്തരംഗത്തില്‍ ശക്തമായ ഉണര്‍വ് നല്കുകയായിരുന്നു.

    വൈദികനായതിന് ശേഷമുള്ള ആദ്യകാലങ്ങളില്‍ ദൈവം നല്കിയ വചനങ്ങളായിരുന്നു ഇവയെല്ലാം. കര്‍ത്താവിനോട് പ്രാര്‍ത്ഥിച്ചു, ദൈവമേ എന്താണ് ചെയ്യേണ്ടത്? ഇങ്ങനെ ചെറിയ ചെറിയ ശുശ്രൂഷകള്‍ക്ക് പോകുമ്പോള്‍ സംഭവിച്ച ഒരു കാര്യമുണ്ട്. വചനം കേള്‍ക്കാന്‍ ആളുകളുണ്ട് പക്ഷേ അവരുടെ ഹൃദയങ്ങളില്‍ മാറ്റം സംഭവിക്കുന്നില്ല. ഇങ്ങനെയൊരു അവസ്ഥയായിരുന്നു.

    ഒരു പ്രത്യേക സംഭവം പറയാം. ഒരു സ്ഥലത്ത് ധ്യാനം നടക്കുമ്പോള്‍ അവിടത്തെ കുട്ടികള്‍ ഒന്നും വചനം കേള്‍ക്കാന്‍ തയ്യാറായില്ല. അവര്‍ വളരെ അസ്വസ്ഥരായിരുന്നു. ആദ്യ ദിവസം തന്നെ ഞങ്ങള്‍ പരാജയപ്പെട്ടതുപോലെയായി. ടീമില്‍ പ്രവര്‍ത്തിക്കുന്ന ഒരു ശുശ്രൂഷകന്‍ ആരോടും പറയാതെ രാത്രിയില്‍ ചരല്‍ വിരിച്ച് മുട്ടുകുത്തി കൈകള്‍ വിരിച്ച് പാപികളുടെ മാനസാന്തരത്തിന് വേണ്ടി, ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി ജപമാല ചൊല്ലിമാധ്യസ്ഥം പ്രാര്‍ത്ഥിക്കുന്നതായി ഞാന്‍ അന്നേ ദിവസം അറിഞ്ഞു. ആരും പറഞ്ഞിട്ടായിരുന്നില്ല അദ്ദേഹം അപ്രകാരം ചെയ്തത്.

    അടുത്ത ദിവസവും ഞങ്ങള്‍ വചനപ്രസംഗത്തിന് പോയി. അതേ പ്രസംഗകര്‍. അതേ കുട്ടികള്‍.പക്ഷേ അവരില്‍ വലിയൊരു മാറ്റമുണ്ടായിരിക്കുന്നു. അവരുടെ ഹൃദയങ്ങളെ ദൈവം തൊട്ടു. അവര്‍ വചനം കേള്‍ക്കാന്‍ സന്നദ്ധരായി. അന്ന് കര്‍ത്താവ് ഒരു പ്രചോദനംം നല്കി. വചനം പ്രഘോഷിക്കുമ്പോള്‍ , പ്രഘോഷിക്കപ്പെടുന്ന വചനം ഹൃദയത്തിലേക്ക് വേരുപാകാന്‍ നമ്മുടെ രഹസ്യജീവിതത്തില്‍ പ്രായശ്ചിത്തത്തിന്റെയും പരിഹാരത്തിന്റെയുമായ ഒരു ജീവിതശൈലി രൂപപ്പെടുത്തുന്നത് സുവിശേഷവല്‍ക്കരണം ഫലദായകമാകാന്‍ ഒരുപാട് സഹായിക്കും. അതിനെ ദൈവം ഒരുപാട് വിലമതിക്കും.

    പിന്നീട് കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥം വായിച്ചപ്പോള്‍ അതിലെ 736 ാംപാരഗ്രാഫ് ഏറെ സ്വാധീനിച്ചു. നാം നമ്മെ തന്നെ എത്ര കൂടുതലായി പരിത്യജിക്കുന്നുവോ അത്രകൂടുതലായി ആത്മാവ് നമ്മെ പ്രവര്‍ത്തനോന്മുഖരാക്കും. നമ്മുടെ വചനശുശ്രൂഷ ധാരാളം ഫലം പുറപ്പെടുവിക്കാന്‍ പരിശുദ്ധാത്മാവ് നല്കിയ പ്രേരണ ഇപ്രകാരമാണ്.

    നമ്മുടെ വ്യക്തിപരമായ ജീവിതത്തില്‍ പരിഹാരത്തിന്റെയും പ്രായശ്ചിത്തത്തിന്റെയും എളിമയുടെയും അനുസരണത്തിന്റെയും ദാരിദ്ര്യത്തിന്റെയും ഒരു ജീവിതശൈലി രഹസ്യമായി നാം ശീലിക്കുകയാണെങ്കില്‍ ശുശ്രൂഷകളില്‍ പ്രകടമായ രീതിയില്‍ പരിശുദ്ധാത്മാവ് പ്രവര്‍ത്തനോന്മുഖമായിരിക്കുകയും നമ്മെ പ്രവര്‍ത്തനോന്മുഖരാക്കുകയും ചെയ്യും എന്നതിന് യാതൊരു സംശയവുമില്ല.

    രണ്ടാമത്തെ കാര്യം വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ പറഞ്ഞിരിക്കുന്ന ഒരു കാര്യമാണ്. അതെന്റെ വ്യക്തിപരമായ അനുഭവമാണ്.354 ല്‍ പറയുന്നത് ഇപ്രകാരമാണ്. നിങ്ങള്‍ എത്രമാത്രം വലിയ നേട്ടങ്ങള്‍ നേടിയാലും അനുസരണത്തിന്റെ മുദ്രയില്ലെങ്കില്‍ അത് എന്റെ സന്നിധിയില്‍ വിലകെട്ടതാണ്. വട്ടപ്പൂജ്യമാണെന്ന്. എന്താണ് അനുസരണം? മനത്തോടത്ത് പിതാവുമായുള്ള ബന്ധത്തില്‍ നിന്ന് എനിക്ക് മനസ്സിലായ കാര്യം ഇതാണ്. സഭയെ അനുസരിക്കുക. ഒരു വൈദികന്‍ ഒരുപാട് ചെയ്യുന്നതല്ല പ്രധാനം. സഭയെ അനുസരിച്ച് കൂട്ടായ്മയില്‍ ശുശ്രൂഷ ചെയ്യുക. ജീവിച്ചിരിക്കുമ്പോഴോ മരിച്ചുകഴിയുമ്പോഴോ എന്തുമായിക്കൊള്ളട്ടെ ദൈവം ആഅനുസരണത്തെ വലിയ വിലയുള്ളതായിട്ടാണ് കാണുന്നത്.

    കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥത്തില്‍ 947 ല്‍ പറയുന്നത് ഇതാണ്. എല്ലാ വിശ്വാസികളും കൂടി ഒറ്റ ശരീരമാകുന്നതുകൊണ്ട് ഓരോരുത്തരുടെയും നന്മ മറ്റുള്ളവര്‍ക്ക് പകര്‍ന്നുകിട്ടുന്നു. നമ്മള്‍ പ്രാര്‍ത്ഥിക്കുന്നതുകൊണ്ടോ നമ്മുടെ വിശുദ്ധികൊണ്ടോ കഴിവുകൊണ്ടോ അല്ല സഭയുടെ നിക്ഷേപമാണ് സഭയുടെ എല്ലാ നന്മയും കൂടി ചേര്‍ന്ന് ഒരു പൊതുഖജനാവ് രൂപീകരിക്കപ്പെടുന്നു. യേശുക്രിസ്തുവിന്റെ ക്രൂശുമരണം തൊട്ട് ശ്ലീഹന്മാര്‍,രക്തസാക്ഷികള്‍,വിശുദ്ധന്മാര്‍ എല്ലാവരുടെയും പുണ്യനിക്ഷേപം ഒരു പൊതു നിക്ഷേപമാണ്. നമ്മള്‍ നമ്മുടെ ബിഷപ്പിനോട് യോജിച്ച് ശുശ്രൂഷ ചെയ്യുമ്പോള്‍ ആ പൊതുഖജനാവില്‍ നിന്ന് നമ്മുടെ ശുശ്രൂഷയ്ക്ക് ദൈവം അഭിഷേകം നല്കുകയാണ്. കൃപ വര്‍ഷി്ക്കുകയാണ്.

    സഭയുടെ പൊതുഖജനാവില്‍ നിന്നാണ് ശുശ്രൂഷയുടെ സമയത്ത് ദൈവം അഭിഷേകം വര്‍ഷിക്കുന്നത്. യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്‌റെ യോഗ്യതയാലും സഭയുടെ കൂട്ടായ്മയാലുമാണ് ഇതുരണ്ടും എന്റെ 25 വര്‍ഷത്തെ ശുശ്രൂഷ ഫലദായകമാകാന്‍് വലിയൊരു കാരണമായിട്ടുണ്ട്.( ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍രൂപതയുടെ സുവിശേഷത്തിന്റെ ആനന്ദം എന്ന ഓണ്‍ലൈന്‍ പ്രോഗ്രാമില്‍ നടത്തിയ പ്രസംഗത്തില്‍ നിന്ന്)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!