പുലിയന്‍പാറ: കോതമംഗലം രൂപതയിലെ പുലിയന്‍പാറ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയം ഞായറാഴ്ച മുതല്‍ അടച്ചിടുവാന്‍ പൊതുയോഗം തീരുമാനിച്ചു. ഞായറാഴ്ചയിലെ എട്ടുമണിക്കുള്ള കുര്‍ബാനയ്ക്ക് ശേഷമാണ് ദേവാലയം അടച്ചത്. ദേവാലയത്തിന് തൊട്ടടുത്ത് ഒരു ഭീമന്‍ ടാര്‍ മിക്‌സിങ് പ്ലാന്റ് തുടങ്ങിയ സാഹചര്യത്തില്‍ അവിടെ നിന്ന് പുറപ്പെടുന്ന വിഷപ്പുകയും പൊടിപടലങ്ങളും രൂക്ഷഗന്ധവും അതിഭയങ്കര ശബ്ദവും മൂലം തിരുക്കര്‍മ്മങ്ങള്‍ നടത്തുന്നതിനോ വികാരിക്ക് പള്ളിമേടയില്‍ താമസിക്കുന്നതിനോ പറ്റാത്ത സാഹചര്യത്തിലാണ് ദേവാലയം അടച്ചിടുന്നത്.
പൊതുയോഗം കൂടിയെടുത്ത തീരുമാനം രൂപതാകാര്യാലയത്തില്‍ അറിയിക്കുകയും നിലവിലുള്ള അവസ്ഥക്ക് മാറ്റം വരുന്നതുവരെ പള്ളി അടച്ചിടാന്‍ നിര്‍ദ്ദേശം ലഭിക്കുകയും ചെയ്ത സാഹചര്യത്തിലാണ് വേദനാകരമായ ഈ തീരുമാനം എടുത്തിരിക്കുന്നതെന്ന് വികാരി ഫാ. പോള്‍ വിലങ്ങുപാറ പുറപ്പെടുവിച്ച പത്രക്കുറിപ്പില്‍ പറയുന്നു.