Tuesday, February 3, 2026
spot_img
More

    ഉത്ഥാനം ഉത്തരമാകുമ്പോൾ

    “ക്രിസ്തു ഉയിർപ്പിക്കപ്പെട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യർത്ഥമാണ്‌. നിങ്ങളുടെ വിശ്വാസവും വ്യർത്ഥം” (1 കോറി. 15:17).

    വി. പൗലോസിനെപ്പോലെ അനുദിനം കർത്താവിന്റെ ഉത്ഥാനം ഏറ്റുപറയേണ്ടവരും ജീവിക്കേണ്ടവരുമാണ്‌ ഓരോ ക്രൈസ്തവ വിശ്വാസിയും. പീഡനത്തിന്റേയും സഹനത്തിന്റേയും മരണത്തിന്റേയും അനുഭവങ്ങൾ നിത്യേനയെന്നോണം കടന്നുവരാം, അപ്പോഴും ഈശോയുടെ ഉത്ഥാനവും അതിനോട്‌ ചേർന്ന്‌ നമുക്കും ലഭ്യമാകുന്ന പ്രത്യാശയും അവയെ എല്ലാം തരണംചെയ്യാൻ സഹായിക്കും എന്ന ബോധ്യം ഉള്ളിൽ സൂക്ഷിക്കുന്നവരണ്‌ ക്രൈസ്തവർ. ഇതാണ്‌ ഒരു ക്രിസ്ത്യാനിയുടെ മുഖമുദ്ര, ഇതാണ്‌ ഒരു ക്രിസ്ത്യാനിയെ മറ്റുള്ളവരിൽ നിന്നും വേറിട്ടുനിർത്തുന്ന ജീവിത ശൈലി.

    “കാവൽക്കാരിൽ ചിലർ പട്ടണത്തിൽ ചെന്ന്‌ സംഭവിച്ചതെല്ലാം പ്രധാനപുരോഹിതൻമാരെ അറിയിച്ചു. അവരും പ്രമാണികളും കൂടിയാലോചിച്ചതിനുശേഷം പടയാളികൾക്കുവേണ്ടത്ര പണംകൊടുത്തിട്ടു പറഞ്ഞു: ഞങ്ങൾ ഉറങ്ങിയപ്പോൾ രാത്രിയിൽ അവന്റെ ശിഷ്യൻമാർ വന്ന്‌ അവനെ മോഷ്ടിച്ചുകൊണ്ടുപോയി എന്നുപറയുവിൻ. ദേശാധിപതി ഇതറിഞ്ഞാൽ, ഞങ്ങൾ അവനെ സ്വാധീനിച്ച്‌ നിങ്ങൾക്ക്‌ ഉപദ്രവമുണ്ടാക്കാതെ നോക്കിക്കൊള്ളാം. അവർ പണം വാങ്ങി, നിർദേശമനുസരിച്ചു പ്രവർത്തിച്ചു. ഇത്‌ ഇന്നും യഹൂദരുടെയിടയിൽ പ്രചാരത്തിലിരിക്കുന്നു”. (മത്താ. 28:11-15) ഇതുപോലെ നുണപറയുന്ന ചില മനുഷ്യരെ കണ്ടിട്ടുണ്ടാകും. സത്യം എല്ലാവർക്കും അറിയാമെങ്കിലും അതിനെതിരെ യാതൊരുവിധത്തിലുമുള്ള മനശ്ചാഞ്ചല്യവും ഇല്ലാതെ നുണപറയുക. എന്നിട്ട്‌ അത്‌ സ്ഥാപിച്ചെടുക്കുക. അവർക്കത്‌ ഒരു ജീവിതരീതിയായി മാറിക്കഴിഞ്ഞു എന്നുവേണമെങ്കിലും പറയാം. അവരുടെ നിലനില്പ്തന്നെ ഇത്തരം നുണകളിലാണ്‌. എന്നാൽ ക്രിസ്തുവിന്റെ ഉത്ഥാനം അറിഞ്ഞവരും മനസിലാക്കിയവരുമായ നമ്മൾ സത്യമായും കർത്താവുയർത്തെഴുന്നേറ്റു എന്ന്‌ പ്രഘോഷിക്കുന്നതും, അവനിൽ വിശ്വസിക്കുന്നതും ഒരു നുണക്കഥയായല്ല, വ്യക്തിപരമായ ലാഭത്തിനായല്ല, യഥാർത്ഥ സത്യമായിട്ടാണ്‌, എല്ലാ സംശയങ്ങൾക്കുമുള്ള ഉത്തരമായിട്ടാണ്‌.

    ഈശോയുടെ ഉത്ഥാനം സത്യമല്ലായിരുന്നെങ്കിൽ, അവന്റെ സഭ ഇത്രത്തോളം വളരുകയില്ലായിരുന്നു, ഇന്നോളം നിലനിൽക്കുകയില്ലായിരുന്നു, ഇത്രയധികം വിശ്വാസികൾ ഇതിൽ ഉണ്ടവുകയുമില്ലായിരുന്നു എന്നത്‌ വാസ്തവമാണ്‌. ഈ യാഥാർത്ഥ്യത്തെ അംഗീകരിക്കുമ്പോഴും ഇതിൽ സന്തോഷിക്കുമ്പോഴും ഇവിടംകൊണ്ട്‌ അവസാനിപ്പിക്കേണ്ടതല്ല നമ്മുടെ വിശ്വാസജീവിതം എന്നത്‌ മറക്കാതിരിക്കാം. ഉത്ഥിതനായ കർത്താവിൽ വിശ്വസിക്കുമ്പോഴും, അവന്റെ നാമം പറഞ്ഞും എഴുതിവച്ചും ഒട്ടനവധി കാര്യങ്ങൾ ചെയ്യുമ്പോഴും, ഉത്ഥിതനായ കർത്താവിനെപ്പോലെ ഉത്ഥാനം ലഭിക്കാൻ കഴിയുന്ന വിധമുള്ള ജീവിതമാണോ ക്രിസ്തുവിശ്വാസിയുടേത്‌ എന്ന ചോദ്യം സകലയിടത്തുനിന്നും ഉയർന്നുവരുന്നത്‌ അവഗണിച്ച്‌ എത്രനാൾ നമുക്ക്‌ മുൻപോട്ട്‌ പോകാനാകും? ശരിയായതും കേൾക്കുന്നവർക്ക്‌ വ്യക്തമാകുന്നതുമായ ഉത്തരം കൊടുത്തേ മതിയാകൂ.

    “കാറ്റുവിതച്ചു കൊടുംകാറ്റു കൊയ്യുന്ന മേച്ചിൽ പുറങ്ങളിലൂടെ, അന്തിക്കിടയനെ കാണാതലഞ്ഞിടും ആട്ടിൻപറ്റങ്ങൾ ഞങ്ങൾ…” അനേകം വിശ്വാസികൾ ഇന്നും പാടിനടക്കുന്ന ഒരു ഗാനത്തിലെ വരികളാണിത്‌. വിശ്വാസജീവിതത്തിൽ നാളുകൾ ഏറെക്കഴിഞ്ഞിട്ടും ഇടയൻ കൂടെയില്ലാതെ അലയുന്ന ആട്ടിൻപറ്റമാണ്‌ ഞങ്ങൾ എന്ന്‌ പറയുന്നതിലും വലിയ ആത്മീയവൈരുദ്ധ്യം മറ്റെന്താണുള്ളത്‌. മിക്കപ്പോഴും ക്രിസ്തുവിശ്വാസികളായവർ പറയുന്നതിന്റേയും പാടുന്നതിന്റേയും ചെയ്യുന്നതിന്റേയുമൊക്കെ അർത്ഥം മനസിലാക്കാത്തവരാണ്‌ എന്ന കളിയാക്കലിന്‌ ഒരു‍‌ ഉദാഹരണം കൂടിയാണീ ഗാനത്തിലെ വരികൾ. അപ്പോഴും നമ്മൾ പാടാൻ ഇഷ്ടപ്പെടുന്നു ഇടയൻ ഒപ്പമില്ലായെന്ന്‌. ഇത്‌ ഉത്ഥാനം പ്രഘോഷിക്കുകയും ജീവിക്കുകയും ചെയ്യുന്നവർക്ക്‍ ചേർന്ന ശൈലിയല്ല. എന്തെന്നാൽ സുവിശേഷം നമ്മെ ഓർമ്മിപ്പിക്കുന്നു, ഇശോയുടെ പേര്‌ എമ്മാനുവേൽ -ദൈവം നമ്മോടു കൂടെ- ആണെന്ന്‌. ഈ ദൈവം എന്നും ഒപ്പമുള്ളവനാണ്‌, അവൻ മനുഷ്യനായി മണ്ണിൽ ജീവിച്ച നാളുകളിൽ മാത്രമല്ല, തന്റെ പീഡാസഹനവും കുരിശുമരണവും, അതിനുശേഷം മൂന്നാംദിനത്തിലെ ഉത്ഥാനവും കഴിയുമ്പോഴും അവൻ നമ്മുടെ ഒപ്പമുണ്ട്‌, പക്ഷേ അത്‌ സത്യമല്ലാത്തതുപോലെയും അംഗീകരിക്കാൻ പറ്റാത്തതുപോലെയുമാണ്‌ നാം പാടിനടക്കുന്നത്‌.

    ഈശോയോടൊപ്പം അവന്റെ എല്ലാക്കാര്യങ്ങളിലും പങ്കൂചേർന്നവരായ ശിഷ്യന്മാർക്ക്‌ ഈശോ പറഞ്ഞ പല കാര്യങ്ങളുടേയും പൊരുളെന്താണെന്ന്‌ തിരിച്ചറിയാനായില്ല എന്നത്‌ സ്പഷ്ടമാണ്‌. അതിൽ ഏറ്റവും പ്രധാനമായത്‌ അവന്റെ സഹന മരണ ഉത്ഥാനത്തെക്കുറിച്ചുള്ള പ്രവചനങ്ങളാണ്‌. “മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികൾ, പ്രധാനപുരോഹിതൻമാർ, നിയമജ്ഞർ എന്നിവരാൽ തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കുശേഷം ഉയിർത്തെഴുന്നേൽക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന്‌ അവൻ അവരെ പഠിപ്പിക്കാൻ തുടങ്ങി. അവൻ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോൾ, പത്രോസ്‌ അവനെ മാറ്റിനിർത്തിക്കൊണ്ട്‌ തടസ്സംപറയാൻ തുടങ്ങി” (മർക്കോസ്‌ 8:31-32). പത്രോസ്‌ അവനെ ശാസിച്ചു. മറ്റ്‌ ശിഷ്യന്മാർ ഈശോ പറഞ്ഞതുപോലെ സംഭവിക്കാൻ ആഗ്രഹിച്ചില്ല, അവൻ കൊല്ലപ്പെട്ടപ്പോൾ എല്ലാവരും യഹൂദന്മാരെ ഭയന്ന്‌ ഓടിയൊളിച്ചു. തങ്ങളുടെ ഗുരുവിനെ മനസിലാക്കുന്നതിൽ പരാജയപ്പെട്ട, നിരാശരായ ശിഷ്യരായിരുന്നവർ. ഈശോയുടെ പുനരുത്ഥാന ദൈവശാസ്ത്രം പ്രഖ്യാപിക്കാൻ അവർ അൽപംപോലും ഉത്സുകരായിരുന്നില്ല. ഓരോ ഘട്ടത്തിലും അവർ അതിനെ സംശയിക്കുകയും എതിക്കുകയും ചെയ്തു. ക്രിസ്തു ജീവിച്ചിരിപ്പുണ്ടെന്നും തന്റെ മരണശേഷം മഹത്വപ്പെട്ടെന്നും വ്യക്തമായി സ്വയം വെളിപ്പെടുത്തിയതിനുശേഷം മാത്രമാണ്‌, അവന്റെ പുനരുദ്ധാനം സത്യമാണെന്ന്‌ ശിഷ്യർക്ക്‍ ബോധ്യമായതും അത്‌ പങ്കുവയ്ക്കാൻ അവർ ധൈര്യപ്പെട്ടതും.

    ഉത്ഥാനത്തിരുനാളിന്റെ ആശംസകൾ പരസ്പരം കൈമാറുന്നതിലും, മെച്ചപ്പെട്ട ഭക്ഷണം കഴിക്കുന്നതിലുമൊക്കെ ചുരുങ്ങേണ്ടതല്ല ഈശോയുടെ ഉത്ഥാനം. ക്രിസ്ത്യാനിയുടെ വിശ്വാസജീവിതത്തെ അവന്റെ ഉത്ഥാനം തൊടാത്തിടത്തോളം ഇതെല്ലാം അർത്ഥമില്ലാത്തതാകും. ഇതിന്റെ ഉദാഹരണങ്ങളാണല്ലോ എങ്ങും കാണാനാകുന്നത്‌. ഒരാൾ എന്നാണ്‌ ക്രിസ്തുവിന്റെ സഭയിൽ അംഗമായതെന്നോ, ഏതുതരത്തിലുള്ള അധികാരത്തിനുടമയണെന്നോ നോക്കിയല്ല ഈശോയുടെ ഉത്ഥാനത്തിന്റെ മഹത്വം നിർണയിക്കപ്പെടുന്നത്‌. എല്ലാവരേയും ചേർത്തുനിർത്തി സ്നേഹത്തിന്റെ ശിതളിമ പങ്കുവച്ചേകുന്ന തലത്തിലേക്ക്‌ ക്രൈസ്തവർ വളരുമ്പോഴേ ഉത്ഥാനത്തിന്റെ മഹനീയത യാഥാർത്ഥ്യമാകൂ. എന്തുകൊണ്ടോ ഈ നന്മ ഇല്ലാതായിരിക്കുന്നു, അല്ല ഇല്ലാതാക്കിയിരിക്കുന്നു.

    വി. പൗലോസ്‌ കൊളോസോസുകാരോട്‌ പറഞ്ഞ വചനം നമുക്കും ഓർക്കാം “ക്രിസ്തുവിനോടൊപ്പം നിങ്ങൾ ഉയിർപ്പിക്കപ്പെട്ടെങ്കിൽ ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിൻ”. (കൊളോസോസ്‌ 3:1). ഈശോയുടെ ഉത്ഥാനത്തെ ധ്യാനിക്കുന്ന നമുക്ക്‌ ഈ വലിയ കൃപയ്ക്കായി പ്രാർത്ഥിക്കാം.

    എല്ലാ വിശ്വാസികളുടേയും സംശയങ്ങൾക്ക്‌ ഉത്തരമായ ഈശോയുടെ ഉത്ഥാനത്തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനപൂർവം നേരുന്നു. ഉത്ഥിതൻ ഉത്തരമാകട്ടെ! 

    പോൾ കൊട്ടാരം കപ്പൂച്ചിൻ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!