വീണുപോകാത്തവരായി ആരാണുള്ളത്? പാപങ്ങളുടെ മേഖലയില്‍ മാത്രമല്ല, സാമ്പത്തികപ്രയാസങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍, മക്കളുടെ വഴിതെറ്റല്‍, ജീവിതപങ്കാളിയുടെ അകല്‍ച്ച, രോഗങ്ങള്‍.. തൊഴില്‍ നഷ്ടങ്ങള്‍.. ഒരാളെ തറ പറ്റിക്കാന്‍ ഇതിലേതെങ്കിലും ഒന്നുമതിയാകും. പലപ്പോഴും നമ്മുടെ ഇത്തരം പതനങ്ങള്‍ കണ്ട് സന്തോഷിക്കുന്നവരായിരിക്കും ചുറ്റിനുമുള്ളവര്‍. അത് നാം ആത്മാര്‍ത്ഥതയോടെ സ്‌നേഹിച്ച സുഹൃത്തുക്കളാകാം.
രക്തബന്ധത്തിലുള്ളവരാകാം, അയല്‍ക്കാരാകാം.. കണ്ടില്ലേ… അവന്‍ തകര്‍ന്നുപോയി. അവനിനി രക്ഷപ്പെടില്ല. ഇങ്ങനെ അന്ധമായി വിധിയെഴുതുന്ന ഒരുപാടുപേരുണ്ട്. സത്യത്തില്‍ നമ്മുടെ വീഴ്ചകളാണ് ബന്ധങ്ങളെ തിരിച്ചറിയാന്‍ അവയുടെ നെല്ലും പതിരും തിരിച്ചറിയാന്‍ വഴിയൊരുക്കുന്നത്.
നമ്മുടെ പതനങ്ങളെക്കാള്‍, നഷ്ടങ്ങളെക്കാള്‍ നമ്മെ തകര്‍ത്തുന്നതുംവേദനിപ്പിക്കുന്നതും ഇത്തരം ചില വാക്കുകളായിരിക്കും. പക്ഷേ നാം അതുകൊണ്ടൊന്നും തകര്‍ന്നുപോകരുത്. നിരാശരാകരുത്. അതിന് വചനം പറഞ്ഞ് പ്രാര്‍ത്ഥിക്കുക. ഇതാ ചുവടെ ഒരു വചനം കൊടുത്തിരിക്കുന്നു.
ഈ വചനം പറഞ്ഞ് എല്ലാദിവസവും പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവികശക്തി നമ്മിലേക്ക് കടന്നുവരും. ഉയിര്‍ത്തെണീല്ക്കാന്‍ നമുക്ക് കരുത്തു ലഭിക്കുകയും ചെയ്യും.
എന്റെ ശത്രുക്കളേ എന്നെക്കുറിച്ച് ആഹ്ലാദിക്കേണ്ട, വീണാലും ഞാന്‍ എഴുന്നേല്ക്കും. ഞാന്‍ ഇരുട്ടിലായിരുന്നാലും കര്‍ത്താവ് എന്റെ വെളിച്ചമായിരിക്കും( മിക്കാ 7:8)