Saturday, July 12, 2025
spot_img
More

    വചനം അനുസരിക്കുമ്പോഴാണ് നാം ജീവിക്കുന്നത്: മാര്‍ ജോസഫ് സ്രാമ്പിക്കല്‍

    പ്രസ്റ്റണ്‍: വചനം അനുസരിക്കുമ്പോഴാണ് നാം ജീവിക്കുന്നതെന്ന് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

    കാഴ്ചയ്ക്കും കേള്‍വിക്കുമാണ് പ്രാധാന്യം. വചനം മാംസമായ ഈശോയെ കാണുക. വചനമായിത്തീര്‍ന്ന ഈശോയെ കേള്‍ക്കുക. വചനമായിട്ട് ഈശോ മാറുകയാണ്. സുവിശേഷവായനയ്ക്ക് മുമ്പുള്ള സങ്കീര്‍ത്തനഭാഗങ്ങളിലും കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെയെന്ന് നാം വായിക്കുന്നുണ്ട്.

    അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങള്‍ കണ്ടത്് കാണാനും കേള്‍ക്കാനും ആഗ്രഹിച്ചതായും ബൈബിളില്‍ പറയുന്നുണ്ട്. ഈശോ പറയുന്നത് കേള്‍ക്കാനും കാണാനും അവസരം ലഭിച്ചത് ശ്ലീഹന്മാര്‍ക്കാണ്. മിശിഹാ അനുഭവത്തിലാണ് നമുക്ക് ഇത് സാധ്യമാകുന്നത്. നീ എന്നെ കണ്ടതുകൊണ്ട് വിശ്വസിച്ചു, എന്നാല്‍ കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍ എന്നാണ് തോമാശഌഹായോട് ഈശോ പറയുന്നത്.

    വിശുദ്ധകുര്‍ബാനയുടെ നന്ദിപ്രകാശനത്തില്‍ നാം ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നുണ്ട്. ദേവാലയത്തില്‍ സഞ്ചരിച്ച പാദങ്ങള്‍ പ്രകാശത്തില്‍ സഞ്ചരിക്കാന്‍ ഇടയാകട്ടെയെന്ന്. നമ്മള്‍ ദേവാലയത്തില്‍വരുന്നു. ബാഹ്യമായ കണ്ണുകള്‍ കൊണ്ട് പലതും കാണുകയും കാതുകള്‍ കൊണ്ട് കേള്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ വേറൊരു ലോകമുണ്ട്. പ്രകാശമാകുന്ന ലോകം. പ്രകാശമാകുന്ന മിശിഹായുടെ ഭാഗമായിത്തീര്‍ന്നുകൊണ്ട് ദേവാലയത്തിലായിരിക്കുമ്പോള്‍ മാത്രമേ നമുക്ക് ദൈവപുത്രന്റെയും പുത്രിയുടെയും അനുഭവമുണ്ടാകുന്നുള്ളൂ.

    ശ്ലീഹന്മാര്‍ കണ്ടതും കേട്ടതും നിയമജ്ഞര്‍ കണ്ടതില്‍ നിന്നും കേട്ടതില്‍ നിന്നും വ്യത്യസ്തമാണ്. നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം എന്ന് ചോദിക്കുന്ന നിയമജ്ഞനോട് ഈശോ ചോദിക്കുന്നത് എഴുതപ്പെട്ടിരിക്കുന്നത് നീയെന്തുവായിക്കുന്നു എന്നാണ്. എഴുതപ്പെട്ടിരിക്കുന്ന നിയമത്തോടുള്ള നിയമജ്ഞന്റെ വ്യക്തിപരമായ പ്രതികരണമാണ് ഈശോ ഇവിടെ അര്‍ത്ഥമാക്കുന്നത്. വചനത്തില്‍ നിന്നുള്ള മറുപടിയാണ് പിന്നീട് നല്കുന്നത്.

    നല്ല സമറിയാക്കാരന്റെ ഉപമ മനസ്സിലാക്കാന്‍ നമുക്ക് പ്രത്യേകമായ വ്യാഖ്യാനങ്ങള്‍ ആവശ്യമില്ല. എന്നാല്‍ സഭാപിതാക്കന്മാര്‍ ഈ തിരുവചനത്തിന് വളരെവിലപ്പെട്ട വ്യാഖ്യാനങ്ങള്‍ നല്കുന്നുണ്ട്. ജെറുസലേമില്‍ നിന്ന് ജെറീക്കോയിലേക്ക് പോകുന്ന മനുഷ്യന്‍ ആദമായിട്ടാണ് അവര്‍ വ്യാഖ്യാനിക്കുന്നത്. മനുഷ്യവംശമാണ്. ദൈവത്തെ അനുസരിക്കാതെ നുണയനായ, പിശാചിനെ കേള്‍ക്കുന്ന മനുഷ്യന്‍. ആദം.

    അവന് വസ്ത്രംനഷ്ടപ്പെടുകയാണ്. വസ്ത്രങ്ങള്‍ അപഹരിച്ചതിന് ശേഷം അവനെ അര്‍ദ്ധപ്രാണനാക്കി കടന്നുകളയുന്നു. അനുസരണക്കേട് കാണിക്കുന്ന മനുഷ്യന് ദൈവികമായ മഹത്വം നഷ്ടപ്പെടുന്നു, ദൈവകൃപ നഷ്ടപ്പെടുന്നു. പറുദീസായില്‍ നിന്ന് അകലുന്ന മനുഷ്യന് ഈ മഹത്വം നഷ്ടപ്പെടുകയാണ്. അതുപോലെ പിശാച് ആക്രമിക്കുന്നു, അര്‍ദ്ധപ്രാണനാക്കുന്നു. ഇവിടെയാണ് മനുഷ്യപുത്രന്റെ വരവിന്റെ പ്രാധാന്യം.

    നസ്രായനായ ഈശോ പിതാവിന്റെ തന്നെ മുഖവും ഹൃദയവുമാണ്. ഈശോയുടെ മുഖം കാണുമ്പോള്‍ നാം പിതാവിന്റെ മുഖമാണ് കാണുന്നത്. ധൂര്‍ത്തപുത്രന്‍ തിരിച്ചുവരുമ്പോള്‍ പിതാവ് പെരുമാറുന്നതും സമറിയാക്കാരനെ പോലെയാണ്. ഓരോ വെളിപ്പെടുത്തലിലും ക്രിസ്തു അവതരിപ്പിക്കുന്നത് പിതാവായ ദൈവത്തെ തന്നെയാണ്.

    സമറിയാക്കാരന്‍ അടുത്തുവന്നു പരിചരിച്ചു എന്ന് പറയുന്നത് മനുഷ്യാവതാരത്തെ സൂചിപ്പിക്കുകയാണ്. എണ്ണയും വീഞ്ഞുമൊഴിച്ച് മുറിവുകള്‍ വച്ചുകെട്ടുന്നത് കൂദാശകളെയാണ് സൂചിപ്പിക്കുന്നത്. രണ്ടു ദെനാറാ എന്ന് പറയുന്നത് വചനവും പരിശുദ്ധാത്മാവുമാണ്. തിരിച്ചുവരുമ്പോള്‍ തന്നുകൊള്ളാം എന്ന് പറയുന്നത് ഈശോയുടെ രണ്ടാം വരവിന്റെ സൂചനയാണ്. പിതാവിന്റെ പ്രവൃത്തിയാണ് പുത്രനിലൂടെ നിറവേറപ്പെടുന്നത്. പിതാവ് പ്രവര്‍ത്തനനിരതനാണ് ഞാനും പ്രവര്‍ത്തിക്കുന്നുവെന്നാണ് ഈശോ പറയുന്നത്.

    നീയും പോയി അതുപോലെ ചെയ്യുക. ഇതാണ് ക്രിസ്തു നമ്മോട് ആവശ്യപ്പെടുന്നത്. യഹൂദന്‍, ക്രിസ്ത്യാനി, മാനസാന്തരപ്പെടുന്ന വിജാതീയന്‍ ഓരോ ക്രിസ്ത്യാനിയും ഈശോ ചെയ്ത കാര്യം തന്നെയാണ് ചെയ്യേണ്ടത്. സഹായം ആവശ്യമുള്ള ഓരോ വ്യക്തിയും ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം അയല്‍ക്കാരനാണ്.

    സഹായം ആവശ്യമുള്ള വ്യക്തിക്ക് അയല്‍ക്കാരനായി നീ മാറണം. കൂട്ടായ്മയില്‍ ആയിരുന്നുകൊണ്ടുമാത്രമേ നമുക്ക് ഈശോ ചെയ്തതുപോലെ ചെയ്യാന്‍ സാധിക്കുകയുള്ളൂ. നല്ല സമറിയാക്കാരന്‍ ചെയ്തതുപോലെ ചെയ്യാന്‍ സാധിക്കുകയുള്ളൂ. പിതാവ് ചെയ്യാന്‍ ആഗ്രഹിക്കുന്നത് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

    ഭാര്യഭര്‍ത്തൃബന്ധം പോലെ വളരെ ഇന്റിമേറ്റ് ആയിട്ടുള്ള ബന്ധമാണ് കര്ത്താവും ശിഷ്യരും തമ്മിലുള്ളത്. എത്രയോ വലിയ കാര്യമാണ് ക്രൈസ്തവമായിട്ടുള്ള ജീവിതം. ഈശോയ്ക്കും എനിക്കും കൂടി ഒറ്റ ശരീരവും ആത്മാവും ശ്വാസവുമേയുള്ളൂ. ഈശോയുടെ മുഖം കാണുക. സ്വരം കേള്‍ക്കുക. കാല്‍ക്കലിരുന്ന് ശ്രവിക്കുക. അപ്പോഴാണ് ഇന്റിമസി രൂപപ്പെടുന്നത്. മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!