ക്രാക്കോവ്: തിരുഹൃദയതിരുനാള്‍ ദിനമായ ഇന്നലെ പോളണ്ടിനെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചു. ബസിലിക്ക ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ദേവാലയത്തിലാണ് ചടങ്ങുകള്‍ നടന്നത്. പോളീഷ് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് തലവന്‍ ആര്‍ച്ച് ബിഷപ് സ്റ്റാനിസ്ലാവ് ഗാഡെസ്‌ക്കി മുഖ്യകാര്‍മ്മികനായിരുന്നു.
പോളണ്ടിനെ ആദ്യമായി ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിച്ചത് 1920 ജൂലൈ 27 നായിരുന്നു. ബ്ലാക്ക് മഡോണയുടെ മൊണാസ്ട്രിയില്‍ വച്ചായിരുന്നു അന്ന് ചടങ്ങ് നടന്നത്.
ലെനിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവം ഈസ്റ്റേണ്‍ യൂറോപ്പില്‍ നടക്കുന്ന അവസരമായിരുന്നു അത്. റെഡ് ആര്‍മി പോളണ്ട് പിടിച്ചെടുക്കുമെന്നായിരുന്നു ലെനിന്റെ വിശ്വാസം. എന്നാല്‍ തിരുഹൃദയത്തിന്റെ സമര്‍പ്പണത്തിന് മൂന്നാഴ്ചകള്‍ക്ക് ശേഷം റെഡ് ആര്‍മിക്കു മേല്‍ പോളണ്ടിന്റെ വിജയമുണ്ടായി. മിറക്കിള്‍ ഓണ്‍ ദ വിസ്റ്റുല എന്നാണ് ഇത് അറിയപ്പെട്ടത്.
തുടര്‍ന്ന് എല്ലാ വര്‍ഷവും ഈശോയുടെ തിരുഹൃദയത്തിനുള്ള സമര്‍പ്പണം നടത്തുക പതിവായി.
ഈശോയുടെ സംരക്ഷണത്തിന് നന്ദി പറയുക, ചെയ്ത പാപങ്ങള്‍ക്ക് മാപ്പു ചോദിക്കുക. അനുദിന ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ വിശ്വാസം ശക്തീകരിക്കുക എന്നിവയാണ് സമര്‍പ്പണം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ആര്‍ച്ച് ബിഷപ് സ്ലാനിസ്ലാവ് വ്യക്തമാക്കി.