Friday, October 24, 2025
spot_img
More

    തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇക്കാര്യം പറയുന്നത്: ബിഷപ് മാര്‍ ജോസ് പുളിക്കല്‍

    കത്തോലിക്കാസഭയുടെ ജനക്ഷേമപദ്ധതികള്‍ ക്രൈസ്തവര്‍ക്കുവേണ്ടി മാത്രമുള്ളതല്ല. ആതുരശുശ്രൂഷാലയങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കാരുണ്യഭവനങ്ങള്‍ എന്നിവയെല്ലാം എല്ലാവര്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുന്നവയാണ്. എല്ലാവര്‍ക്കും അത് സംലഭ്യവുമാണ്.

    ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ ജനക്ഷേമപദ്ധതികളാണ് കത്തോലിക്കാ രൂപതകള്‍ തോറും ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്. ഇതൊന്നും പരസ്യമായി അവതരിപ്പിച്ച് ജനങ്ങളുടെ ശ്രദ്ധ നേടാന്‍ സഭ അധികമൊന്നും ശ്രമിക്കുന്നില്ല. അതിന് കാരണമുണ്ട,് കര്‍ത്താവിന്റെ മനസ്സറിഞ്ഞ്, ക്രിസ്തുവിന്റെ കരുണാര്‍ദ്രസ്‌നേഹത്തിന്റെ ആ പ്രകാശത്തിലാണ് സഭ ഇത് നിര്‍വഹിക്കുന്നത്. അതു മാത്രവുമല്ല ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുത് എന്ന സുവിശേഷദര്‍ശനവും സഭയ്ക്ക് മുമ്പിലുണ്ട്. ഇപ്പോഴും അത് അങ്ങനെ തന്നെയാണ് സൂക്ഷിക്കുന്നതും.

    എങ്കിലും തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇത്തരം ചില നിരീക്ഷണങ്ങള്‍ നടത്താതിരിക്കാനാവില്ല. കാഞ്ഞിരപ്പള്ളി രൂപതയില്‍ ഒരു വര്‍ഷം 20 ല്‍പരം കോടിയുടെ ജനക്ഷേമ പദ്ധതികളാണ് രൂപതാസംവിധാനങ്ങള്‍ ഉപയോഗിച്ച് ജനങ്ങളുടെ പങ്കാളിത്തത്തോടെ ചെയ്യുന്നത്. രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലനാട്, പീരുമേട് ഡവലപ്പ്‌മെന്റ് സൊസൈറ്റികള്‍ വഴി ബൃഹത്തായ പദ്ധതികള് കര്‍ഷകര്‍ക്കും തീരെ പാവപ്പെട്ടവരുമായവര്‍ക്കുവേണ്ടി, അവഗണിക്കപ്പെട്ടവര്‍ക്കുവേണ്ടി ഒക്കെ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഇതോടൊപ്പം ദശാംശ സ്വീകരണത്തിലൂടെ സമാഹരിച്ചെടുക്കുന്ന തുക അതാത് ഇടവകകളിലേക്ക് തന്നെ ചികിത്സാസഹായനിധിയായും മറ്റും തിരികെ നല്കുന്നുമുണ്ട്. ഇതു തന്നെ വര്‍ഷം ഒരു കോടിയിലധികം രൂപയാണ്.

    സന്യാസസമൂഹങ്ങള്‍ ചെയ്യുന്നതും ഇടവകതലത്തില്‍ ചെയ്യുന്നതുമായ സാമ്പത്തികസഹായവുമുണ്ട്. ഇതെല്ലാം കൂടിചേരുമ്പോള്‍ എത്രയോ വലിയ തുകയാണ് ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നത്. ഇത് കാഞ്ഞിരപ്പളളി രൂപതയുടെ കാര്യം മാത്രമല്ല ഇതുപോലെ കേരളത്തിലെ 32 രൂപതകളും വിവിധങ്ങളായ ജനക്ഷേമപദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളൊന്നും പരിഗണിക്കാതെ, കുടുംബവര്‍ഷാചരണത്തോട് അനുബന്ധിച്ച് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഇറക്കിയ സര്‍ക്കുലറിനെ തമസ്‌ക്കരിക്കുന്നതും വിമര്‍ശിക്കുന്നതും തെറ്റാണ്.

    സഭയുടെ മനസ്സാണ് കല്ലറങ്ങാട്ട് പിതാവ് അവതരിപ്പിച്ചത്. മനുഷ്യജീവന് കത്തോലിക്കാസഭ വലിയ വില കല്പിക്കുന്നുണ്ട്. ഒരു ശിശു ഉദരത്തില്‍ രൂപമെടുക്കുന്നതു മുതല്‍ സ്വഭാവികമരണംവരെ അങ്ങേയറ്റം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതുകൊണ്ടാണ് ഭ്രൂണഹത്യ വലിയ പാതകമാണെന്ന് സഭ പറയുന്നത്. ജീവന്‍ നിലനിര്‍ത്താനും സ്വീകരിക്കാനുമുള്ള കടമ എല്ലാവര്‍ക്കുമുണ്ട്. ദൈവത്തിന്റെ സൃഷ്ടികര്‍മ്മത്തോട് സഹകരിക്കുന്നവരാണ് കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കുന്ന മാതാപിതാക്കള്‍. അത് നിഷേധിക്കുകയും സ്വാര്‍ത്ഥലക്ഷ്യങ്ങള്‍ക്ക് വേണ്ടി കുഞ്ഞുങ്ങളെ വേണ്ടെന്ന് വയ്ക്കുകയും ചെയ്യുന്നതിനെയാണ് സഭ എതിര്‍ക്കുന്നത്.

    കേരളത്തിലെ ക്രൈസ്തവസമൂഹം അഭിമുഖീകരിക്കുന്ന വലിയൊരു ജനസംഖ്യാപ്രതിസന്ധി കൂടിയുണ്ട്.കേരളസര്‍ക്കാരിന്റെ ഇക്കണോമിക്‌സ് ആന്റ് സ്റ്റാറ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് അവതരിപ്പിച്ച കണക്ക് അനുസരിച്ച് ക്രൈസ്തവസമൂഹത്തിന്റെ ജനനനിരക്ക് ജനനം 14. 31 ശതമാനമാകുമ്പോള്‍,മരണനിരക്ക് 19.86 ശതമാനമാണ്. അതായത് പതിനാലു പേര്‍ ജനിക്കുമ്പോള്‍ 19 പേര്‍ മരിക്കുന്നുവെന്ന് പറയാം. ഇത് വലിയൊരു അപകടകരമായ സാഹചര്യമാണ്. വളരെ ആശങ്ക ഇതുണര്‍ത്തുന്നുണ്ട്.

    അതോടൊപ്പം മറ്റ് ചില സമുദായങ്ങളുടെ ജനനനിരക്കു ശ്രദ്ധിക്കൂ. മുസ്ലീം വിഭാഗത്തിന്റേത് 43.79 ഹൈന്ദവവിഭാഗത്തിന്റെത് 41.69ആണ്. ഇതൊക്കെ കാണിക്കുന്നത് ക്രൈസ്തവസമൂഹം പാഴ്‌സി സിന്‍ഡ്രോം അഭിമുഖീകരിക്കുന്നുവെന്നാണ്. ഈ സമയത്ത് ഉത്തരവാദിത്തപ്പെട്ട സഭാപിതാക്കന്മാര്‍ ഇക്കാര്യങ്ങള്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നത് അവരുടെ കടമയാണ്. അതുകൊണ്ട് കല്ലറങ്ങാട്ട് പിതാവ് അവതരിപ്പിച്ച പദ്ധതികള്‍ തികച്ചും അനുയോജ്യവും അഭിനന്ദനാര്‍ഹവുമാണെന്ന് പറയാന്‍ എനിക്ക് തെല്ലും മടിയില്ല. ഇതിന് പരിപൂര്‍ണ്ണ പിന്തുണയും അര്‍പ്പിക്കുന്നു.

    കാഞ്ഞിരപ്പള്ളി രൂപതയിലും വിവിധ്ങ്ങളായ കുടുംബക്ഷേമപദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരികയാണ്. നാലോ അതില്‍ കൂടുതലോ അംഗങ്ങളുള്ള കുടുംബങ്ങള്‍ക്ക് നിലവിലുള്ള ചികിത്സാസഹായം വിദ്യാഭ്യാസസഹായം, അതുപോലെ ശിശുപരിപാലനം എന്നിവയ്ക്ക് പുറമെ പുതിയ പദ്ധതികള്‍ ഉടനടി ആവിഷ്‌ക്കരിക്കുകയും അത് വിശ്വാസസമൂഹത്തെ അറിയിക്കുകയും ചെയ്യും.

    കേരളത്തിന്റെ ഒരു സാംസ്‌കാരികസാമൂഹിക ഭൂമികയില്‍ എല്ലാ വിഭാഗങ്ങളും ഒരുമിച്ചു മുന്നോട്ടുപോകണം. ഒരുമിച്ചു ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും പങ്കുവയ്ക്കുകയും ചെയ്യുന്ന മതതേരസമൂഹമാണ് കേരളത്തിന് ആവശ്യം. അത്തരമൊരു അന്തരീക്ഷം ഇവിടെ നിലനില്‍ക്കുന്നുണ്ടെങ്കില്‍ തന്നെ അതിനെ തകര്‍ക്കുന്ന വിധത്തിലുള്ള വര്‍ഗ്ഗീയചിന്തകള്‍ വ്യാപിച്ചുവരുന്നുവെന്നത് വളരെ നിര്‍ഭാഗ്യകരമാണ്. ഇത്തരം അന്തരീക്ഷത്തിലും സഭയുടെ കാഴ്ചപ്പാടുകള്‍ വിശ്വാസസമൂഹത്തിന് മനസ്സിലാവുന്നുണ്ട് എന്നത് വളരെ ആശ്വാസകരമാണ്, സന്തോഷകരമാണ്.

    ഇത്തരംചര്‍ച്ചകള്‍തന്നെ വിശ്വാസസമൂഹം വളരെ താല്പര്യപൂര്‍വ്വം ഏറ്റെടുത്തിരിക്കുന്നു. അവര്‍ക്ക് ഇക്കാര്യം മനസിലാവുന്നുണ്ട്. മറ്റ് തരത്തിലുള്ള നിഗൂഡ അജണ്ടകള്‍ പുറംതള്ളപ്പെടുക തന്നെ ചെയ്യും. സഭയുടെ ജനക്ഷേമപ്രവര്‍ത്തനങ്ങളെ തീരുമാനിക്കേണ്ടതും അംഗീകരിക്കേണ്ടതും നിക്ഷിപ്തതാല്പര്യങ്ങളുള്ള മാധ്യമങ്ങളോ മാധ്യമരാജാക്കന്മാരോ അല്ല. സഭയുടെ വിശ്വാസസമൂഹവും സഭാനേതൃത്വവുമാണ്.

    സാമൂഹികപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവസമൂഹത്തിന്റെ,കത്തോലിക്കാസമൂഹത്തിന്റെ നിലപാടുകള്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടി തുറന്നിട്ടിരിക്കുന്നവയാണല്ലോ. കേരളത്തിന്റെ മതസൗഹാര്‍ദ്ദം കെട്ടണയാതിരിക്കാന്‍ നമുക്ക് ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാം, ശ്രമിക്കാം ദൈവം അതിന് നമ്മെ അനുഗ്രഹിക്കട്ടെ .

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!