തൃശൂര്‍: ധ്യാനകേന്ദ്രങ്ങളുടെയും വൈദികരുടെയും പേരില്‍ വ്യാജഫോണ്‍ കോളുകള്‍. യുവതീയുവാക്കന്മാരെ ലക്ഷ്യമിട്ടുകൊണ്ടാണ് ഈ വന്‍ തട്ടിപ്പുസംഘം പ്രവര്‍ത്തിക്കുന്നത്. ധ്യാനകേന്ദ്രങ്ങളെയും ധ്യാനഗുരുക്കന്മാരെയും അവഹേളിക്കുകയും അതുവഴി യുവതീയുവാക്കളെ ചൂഷണം ചെയ്യുകയുമാണ് ഈ തട്ടിപ്പുകാരുടെ ലക്ഷ്യം.
ക്രൈസ്തവസമൂഹത്തില്‍ ധ്യാനകേന്ദ്രങ്ങള്‍ക്കും വൈദികര്‍ക്കുമുളള വിശ്വാസ്യത മനസ്സിലാക്കിക്കൊണ്ടാണ് ഈ തട്ടിപ്പ്. വൈദികനാണെന്നും ധ്യാനകേന്ദ്രങ്ങളില്‍ നിന്നാണെന്നും അവകാശപ്പെട്ടുകൊണ്ടാണ് യുവതീയുവാക്കളെ തേടി ഫോണ്‍കോളുകള്‍ എത്തുന്നത്.ആദ്യം ഫോണ്‍കോളിലൂടെ സൗഹൃദം സ്ഥാപിക്കുകയും. മറ്റ് ചെറുപ്പക്കാരുടെ ഫോണ്‍നമ്പറുകള്‍ സംഘടിപ്പിക്കുകയും തുടര്‍ന്ന് അവരെ വിളിച്ച് സൗഹൃദമുണ്ടാക്കി അശ്ലീലസംഭാഷണം നടത്തുകയുമാണ് പതിവുരീതി. സര്‍വ്വേ നടത്താനാണെന്നും കൗണ്‍സലിംങിനാണെന്നും പറഞ്ഞാണ് ഫോണ്‍നമ്പറുകള്‍ സമ്പാദിക്കുന്നത്.പിന്നീട് അവരെ മാനസികമായ സമ്മര്‍ദ്ദത്തിന് അടിമകളാക്കുകയും ചെയ്യും.
ഇടുക്കി, തൃശൂര്‍, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ ഫോണ്‍വിളികളും. ഇവയുടെ നിജസ്ഥിതി അറിയാനുള്ള അന്വേഷണത്തിലാണ് തട്ടിപ്പാണെന്ന് മനസ്സിലാക്കിയത്. ഇത്തരം തട്ട്ിപ്പിനെതിരെ യുവതീയുവാക്കളും കുടുംബാംഗങ്ങളും ജാഗ്രതപാലിക്കണമെന്ന് വിവിധ ക്രൈസ്തവസംഘടനകള്‍ ആവശ്യപ്പെട്ടു.( ഷെക്കെയ്‌ന ടെലിവിഷന്റെ വാര്‍ത്ത അടിസ്ഥാനമാക്കി തയ്യാറാക്കിയത്).