Thursday, December 26, 2024
spot_img
More

    പുതിയൊരു പന്തക്കുസ്തയ്ക്കായ് പ്രാർത്ഥനയോടെ…

    അപ്പസ്തോലന്മാരുടെ നടപടി പുസ്തകത്തിലെ രണ്ടാം അധ്യായം ആരംഭിക്കുന്നത്‌, പന്തക്കുസ്താദിവസം പരിശുദ്ധാത്മാവ്‌ ഈശോയുടെ ശിഷ്യരുടെമേൽ വന്നണഞ്ഞതിനെക്കുറിച്ചും തുടർന്ന്‌ സംഭവിച്ച കാര്യങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടാണ്‌. അതിപ്രകാരമാണ്‌:

    പന്തക്കുസ്താദിനം സമാഗതമായപ്പോൾ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു. കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന്‌ ആകാശത്തുനിന്നുണ്ടായി. അത്‌ അവർ സമ്മേളിച്ചിരുന്ന വീടുമുഴുവൻ നിറഞ്ഞു. അഗ്നിജ്വാലകൾപോലുള്ള നാവുകൾ തങ്ങളോരോരുത്തരുടെയുംമേൽ വന്നു നിൽക്കുന്നതായി അവർ കണ്ടു. അവരെല്ലാവരും പരിശുദ്ധാത്മാവിനാൽ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച്‌ അവർ വിവിധ ഭാഷകളിൽ സംസാരിക്കാൻ തുടങ്ങി. ആകാശത്തിൻകീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദർ ജറുസലെമിൽ ഉണ്ടായിരുന്നു. ആരവം ഉണ്ടായപ്പോൾ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളിൽ അപ്പസ്തോലൻമാർ സംസാരിക്കുന്നതുകേട്ട്‌ അദ്ഭുതപ്പെടുകയും ചെയ്തു. അവർ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ? നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയിൽ ശ്രവിക്കുന്നതെങ്ങനെ? നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികൾ അവർ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളിൽ കേൾക്കുന്നല്ലോ. ഇതിന്റെയെല്ലാം അർഥമെന്ത്‌ എന്ന്‌ പരസ്പരം ചോദിച്ചുകൊണ്ട്‌ എല്ലാവരും വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു. (2:1-12)

    ഈശോയുടെ അമ്മയായ മറിയത്തോടൊപ്പം പ്രാർത്ഥനയോടെ കാത്തിരുന്ന ശിഷ്യരിലേക്കാണ്‌ അഗ്നിനാളങ്ങളായി പരിശുദ്ധാത്മാവ്‌ പന്തക്കുസ്തായുടെ ദിവസം ആവസിച്ചത്‌. മൂന്ന്‌ വർഷങ്ങൾക്ക്‌ മുൻപ്‌ ഈശോ തിരഞ്ഞെടുത്ത അവന്റെ പ്രിയ ശിഷ്യന്മാർ ഇതാ അവൻതന്നെ വാഗ്ദാനം ചെയ്ത ആത്മാവാൽ നിറഞ്ഞ്‌, പുതിയ സൃഷ്ടികളായി മാറിയിരിക്കുന്നു. വാക്കുകൾക്ക്‌ വിവരിക്കാനാവത്ത വിധത്തിലുള്ള മാറ്റമാണ്‌ അവർ സ്വയം അനുഭവിച്ചറിഞ്ഞത്‌. ക്രിസ്തുകേന്ദ്രീകൃതമായ വിശ്വാസവും ജീവിതവും അവരിൽ ആഴപ്പെടുത്തിയെടുക്കുന്നതിനും തങ്ങളോടൊപ്പമായിരുന്നപ്പോൾ അവൻ പങ്കുവച്ച ഓരോ കാര്യങ്ങളും സത്യമായിരുന്നു എന്ന്‌ തിരിച്ചറിയുന്നതിനുമൊക്കെ ഈ പന്തക്കുസ്താ ദിവസം അവർക്ക്‌ ഏറെ സഹായകമായി മാറി.

    ഈശോയുടെ ഉത്ഥാനമാണ്‌ സഭയുടെ അടിസ്ഥാനം, അവൻ ഉയിർത്തിട്ടില്ലെങ്കിൽ സഭയോ അതിനോട്‌ ചേർന്നുള്ളതോ ഒന്നും രൂപപ്പെടുകയുമില്ലായിരുന്നു. എങ്കിലും, ഉത്ഥിതനെ പ്രഘോഷിക്കുന്നതിന്‌ അവരെ സഹായിച്ചതും അവരെ ഒരുക്കിയതും ഈ വലിയ ആത്മീയ അനുഭവം പകർന്ന പന്തക്കുസ്താ തന്നെയായിരുന്നു എന്നതിൽ യാതൊരു സംശയവും ആർക്കുമുണ്ടാവുകയില്ല.

    കാലങ്ങൾ കഴിഞ്ഞു, അന്നത്തെ പന്തക്കുസ്തായുടെ ബാക്കിപത്രം എന്നതുപോലെ ഈശോയുടെ സജീവ സാന്നിധ്യമായി ക്രിസ്തുവിന്റെ സഭ ലോകമെമ്പാടും വളർന്നു പന്തലിച്ചു. അനേകർ ക്രിസ്തുവിനെ അറിഞ്ഞു, അറിഞ്ഞവരിൽ കുറേയധികംപേർ അത്‌ ആത്മാർത്ഥമായ ബോധ്യത്തോടെ പങ്കുവച്ചു. അങ്ങിനെ വളർന്നു വളർന്ന്‌ ഇന്ന്‌ നാമോരുത്തരും ഉൾചേർന്നിരിക്കുന്ന വിശ്വാസ ഇടങ്ങളും സമൂഹങ്ങളും രൂപപ്പെടുകയും നാം ക്രിസ്തുവിശ്വാസികളായി മാറ്റപ്പെടുകയും ചെയ്തു.

    അന്നത്തെ പന്തക്കുസ്തായിൽ അഗ്നിനാളങ്ങളുടെ രൂപത്തിൽ ഈശോയുടെ പ്രിയ ശിഷ്യരിലേക്ക്‌ കടന്നുവന്നത്‌ സത്യാത്മാവ്‌ തന്നെയായിരുന്നു എന്നതിന്‌ അവരുടെ ജീവിതം തന്നെ സാക്ഷ്യം നൽകുന്നു. പന്തക്കുസ്താ ദിനത്തെക്കുറിച്ച്‌ നടപടി പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതിലെ ഒരു കാര്യം ഏറെ ശ്രദ്ദേയമാണ്‌; അന്ന്‌ ജറുസലെമിൽ വന്ന്‌ ചേർന്ന ആകാശത്തിൻകീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരും വിവിധ ഭാഷകൾ സംസാരിക്കുന്നവരുമായ യഹൂദർ തങ്ങളോരോരുത്തരുടെയും ഭാഷകളിൽ അപ്പസ്തോലൻമാർ സംസാരിക്കുന്നതുകേട്ട്‌ അദ്ഭുതപ്പെടുകയും ചെയ്തു. ഇതിനർത്ഥം എന്തെന്നാൽ, അന്ന്‌ ജറൂസലെമിൽ എത്തിച്ചേർന്ന യഹൂദർക്കെല്ലാവർക്കും, ഈശോയുടെ ശിഷ്യന്മാർ പറഞ്ഞ കാര്യങ്ങൾ കൃത്യമായും വ്യക്തമായും മനസിലാക്കാൻ സാധിച്ചു എന്നുതന്നെയാണ്‌.

    എങ്കിലും ക്രിസ്തുവിന്റെ നാമത്തിൽ ആദിമസഭയുടെ തുടർച്ച എന്ന അഭിമാനത്തോടെയും വിശേഷണത്തോടെയും രൂപപ്പെട്ടിരിക്കുന്ന നമ്മുടെയൊക്കെ ചെറുതും വലുതുമായ ഇന്നത്തെ ആത്മീയ/വിശ്വാസ സമൂഹങ്ങളിൽ ഒരു വലിയ കുറവ്‌ വളരെ പ്രകടമായി തെളിഞ്ഞുകാണുന്നു, അത്‌ നോവുണർത്തുകയും ചെയ്യുന്നു. ആർക്കുമൊന്നും മനസിലാകുന്നില്ല എന്നതാണി കുറവ്‌ എന്നതല്ലാതെ മറ്റൊന്നുമല്ല.

    മനസിലാക്കപ്പെടുന്നതിനേക്കാൾ മനസിലാക്കുന്നതിനും (വിശുദ്ധ ഫ്രാൻസീസിന്റെ പേരിലുള്ള സമാധാന പ്രാർത്ഥനയിലെ ഒരു ഭാഗമാണിത്‌) എന്ന പ്രാർത്ഥനയൊക്കെ പലയിടങ്ങളിൽ നിന്നായും പല ഭാഷകളിലായും ഏതാണ്ടെല്ലാ ദിവസവും അനേകർ ദൈവസന്നിധിയിലേക്ക്‌ ഉയർത്താറുണ്ട്‌, എന്നിട്ടും നമ്മിലാർക്കുമൊന്നും മനസിലാകുന്നില്ല. ഒന്നിനു പിറകെ ഒന്നായി വിശദീകരണങ്ങൾ കൊടുത്തിട്ടും അല്ലെങ്കിൽ കിട്ടിയിട്ടും ഒപ്പം പ്രാർത്ഥിച്ചിട്ടും ഒന്നും മനസിലാകുന്നില്ലല്ലോ എന്ന വേവലാതി മാത്രമാണ്‌ മിച്ചമായുള്ളത്‌.

    ഇന്ന്‌, വിവിധ ഭാഷകൾ സംസാരിക്കാൻ കഴിവുള്ളവരും അനവധിയായ യോഗ്യതകളുള്ളവരുമായി ക്രിസ്തുവിശ്വാസികളും അവർക്ക്‌ നേതൃത്വം കൊടുക്കുന്നവരും വളർന്നിട്ടുണ്ട്‌ എന്നത്‌ സന്തോഷമേകുന്ന വസ്തുതയാണ്‌. എങ്കിലും ഈശോയുടെ ശിഷ്യരെപ്പോലെ ഭാഷകൾക്കും അറിവിനും അപ്പുറം നിൽക്കുന്ന സ്നേഹത്തിന്റെ സാക്ഷ്യം ജീവിതത്താൽ പകരുന്നതിൽ നാം പരാജിതരായി എന്ന്‌ താഴ്മയോടെ സമ്മതിക്കേണ്ടിയിരിക്കുന്നു. ഒരുതരം വൈരുധ്യാത്മക ആത്മീയതയാണ്‌ ഉയർന്ന്‌ നിൽക്കുന്നത്‌ എന്ന്‌ സാരം.

    ഈശോയുടെ ശിഷ്യർക്ക്‌ പന്തക്കുസ്താനുഭവത്തോടെ, തങ്ങളിലെ വലുപ്പചെറുപ്പങ്ങളെക്കുറിച്ച്‌ പ്രശ്നങ്ങളില്ലായിരുന്നു. അവർ ഒരേ മനസോടെ ഒന്നിച്ച്‌ കഴിഞ്ഞിരുന്നു എന്നുള്ള വചനങ്ങൾ പിന്നീട്‌ നാം വായിക്കുന്നുണ്ട്‌, അതുപോലെ മറ്റുള്ളവർക്ക്‌ കൊടുക്കാൻ സ്വർണമോ വെള്ളിയോ ഒന്നുമില്ലായിരുന്നു. ആകെയുണ്ടായിരുന്നത്‌ ക്രിസ്തുമാത്രമായിരുന്നു. ഇതായിരുന്നു അവരിൽ ആ പുണ്യദിനത്തിൽ സത്യാത്മാവിന്റെ നിറവിലൂടെ സംഭവിച്ചത്‌ എന്ന്‌ തിരുവചനം നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട്‌. ആത്മാവിന്റെ നിറവിൽ കർത്താവിന്‌ സാക്ഷ്യം നൽകിയ അപ്പസ്തോലന്മാരിൽ നിന്നും വിപരീതമായി അവൻ പകർന്നേകിയതിനെല്ലാം എതിരായുള്ള സാക്ഷ്യങ്ങളാണ്‌ പലരും ഈ ദിനങ്ങളിൽ ഉയർത്തുന്നത്‌. ഈ പ്രവണത അനുദിനം വർദ്ധിക്കുകയാണെന്നത്‌ മനസിലാക്കേണ്ടവർ മനസിലാക്കുന്നുമില്ല.

    `കർത്താവിന്റേത്‌` എന്ന ലേബലോടുകൂടി നാമോരുത്തരും ഈ മണ്ണിൽ നമ്മുടെ വിശ്വാസം ജീവിക്കുമ്പോൾ, അവന്റെ വചനങ്ങളെ കുറച്ചുകൂടിയെങ്കിലും മനസിലാക്കാൻ ഒരു ശ്രമം നമ്മിലുണ്ടാകുന്നത്‌ ഈ പന്തക്കുസ്തായിൽ നല്ലതാണ്‌. എന്തെന്നാൽ സ്വർണംപോലെ വിലപിടിപ്പുള്ളതാണ്‌ നമ്മുടെ ജീവിതം. എന്നാൽ സ്വർണം അഗ്നിയിൽ ശുദ്ധീകരിച്ച്‌ അതിനെ പുതിയരൂപത്തിലാക്കുമ്പോഴാണ്‌ അതിന്റെ മൂല്യവും ഉപയോഗവും കൂടുന്നത്‌ എന്ന്‌ നമുക്കറിയാം. അതുപോലെ ദൈവത്തിന്റെ ആത്മാവ്‌ അഗ്നിയായി നമ്മിൽ കടന്നുവരികയും നമ്മിലെ നന്മയല്ലാത്തവയെല്ലാം ഉരുക്കിമാറ്റുകയും ചെയ്യുമ്പോൾ, ഈശോയുടെ ശിഷ്യരെപ്പോലെ നമ്മളും പുതിയവരാകും, നമ്മുടെ മൂല്യവും ആത്മീയമായി ഏറെ ഉയരുകയും ചെയ്യും. ഈ വലിയ ആത്മീയ സത്യത്തിലേക്കും, സന്തോഷത്തിലേക്കും, ബോധ്യത്തിലേക്കും നമ്മുടെ ഓരോരുത്തരുടെയും ഹൃദയവും ജീവിതവും എത്തിച്ചേരുവാനും അതിൽ നിലനിൽക്കാനും സാധിക്കട്ടെ.

    ഏവർക്കും പന്തക്കുസ്താ തിരുനാളിന്റെ ആശംസകൾ…!

    പോൾ കൊട്ടാരം കപ്പൂച്ചിൻ

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!