“സുവിശേഷത്തിലെ ഈശോ നിന്റെ ശക്തികേന്ദ്രവും ഈശോയുടെ സുവിശേഷം നിന്റെ ജീവിത നിയമവുമാകട്ടെ” എന്നെ എക്കാലവും ആകർഷിക്കുകയും കൊതിപ്പിക്കുകയും ചെയ്തിട്ടുള്ള ഒരു പ്രർത്ഥനയുടെ ഭാഗമാണിത്. ഇത് പ്രാർത്ഥിക്കുമ്പോഴും കേൾക്കുമ്പോഴും എന്തൊക്കയോ ഇതിൽ ഉള്ളതായി നമുക്ക് അനുഭവപ്പെടുക സ്വാഭാവികവുമാണ്. എന്നാൽ ഈ പ്രാർത്ഥനാശകലം ജീവിതമാക്കി മാറ്റുക എന്നത് ഏറെ പ്രയാസമാർന്ന കാര്യമാണ്. ഇത് ആർക്കെങ്കിലും സാധ്യമായിട്ടുണ്ടോ എന്ന എന്റെ അന്വേഷണം ആദ്യം എത്തിച്ചേർന്നത് രണ്ടാം ക്രിസ്തു എന്ന അപരാഭിധാനത്താൽ അറിയപ്പെടുന്ന അസ്സീസിയിലെ ഫ്രാൻസീസിലേക്കാണ്. (മറ്റനേകർക്കിത് സാധിച്ചിട്ടുണ്ട് എന്നത് ഞാൻ വിസ്മരിക്കുന്നില്ല) ഫ്രാൻസീസിനിത് പൂർണമായ അർത്ഥത്തിൽ സാധ്യമായിരുന്നു. ഫ്രാൻസീസിന് സുവിശേഷത്തിലെ ഈശോയും ഈശോയുടെ സുവിശേഷവുമല്ലാതെ മറ്റൊന്നും സ്വന്തമായിട്ടില്ലായിരുന്നു എന്നറിയുമ്പോൾ ഞാൻ കുറേക്കൂടി സന്തോഷവാനായി മാറുകയാണ്. ഒപ്പം ഈ വിശുദ്ധനോടുള്ള പ്രിയം വർദ്ധിക്കുകയാണ്.
വിശുദ്ധ ഫ്രാൻസീസ് എപ്രകാരമാണ് ഈശോയുടെ സുവിശേഷം സ്വന്തമാക്കി മാറ്റിയത്? ഇതിനുള്ള ഉത്തരം തേടി ഒത്തിരി അലയുകയൊന്നും വേണ്ട, ഫ്രാൻസീസിലേക്കൊന്ന് മിഴിപായിച്ചാൽ മാത്രം മതി. ഏറ്റവും ലളിതമായി പറഞ്ഞാൽ, ഫ്രാൻസീസ് ക്രിസ്തുവിനെ അറിഞ്ഞ നാൾ മുതൽ അവനെക്കുറിച്ച് കൂടുതലായി പഠിച്ചു, പഠിച്ചത് ജീവിച്ചു അപ്പോൾ മുതൽ അവന്റെ ജീവിതം സുവിശേഷമായി മാറി. മത്തായിയുടെ സുവിശേഷത്തിൽ നാം വായിക്കുന്ന ഒരു വചനം ഇപ്രകാരമാണ്: “ഞാൻ ശാന്തശീലനും വിനീതഹൃദയനുമാകയാൽ എന്റെ നുകം വഹിക്കുകയും എന്നിൽനിന്നു പഠിക്കുകയും ചെയ്യുവിൻ” (മത്തായി 11:29). ഈ വചനത്തിലെ ഒരു ഭാഗത്തിന് പ്രത്യേകം ഊന്നൽ കൊടുക്കേണ്ടതായി ഫ്രാൻസീസ് മനസിലായി. “എന്നിൽ നിന്ന് പഠിക്കുകയും ചെയ്യുവിൻ” എന്ന് ഈശോ പറയുന്നതാണത്. ഈശോയുടെ വചനം ഫ്രാൻസീസ് ഹൃദയത്തിലേറ്റി ജീവിക്കാൻ തുടങ്ങിയപ്പോൾ അവനെ ഭ്രാന്തനെന്ന് വിളിച്ചവരും കല്ലെറിഞ്ഞവരുമുണ്ട് അവിടെയൊന്നും ഈ മനുഷ്യൻ പതറിയില്ല. അവനറിഞ്ഞ ക്രിസ്തു അവന്റെ ഉള്ളിൽ വെളിച്ചമായി. അതവന്റെയുള്ളിൽ സ്നേഹമായി സാഹോദര്യമായി അനുകമ്പയായി അങ്ങനെ എണ്ണിയാലൊടുങ്ങാത്ത നന്മകളുടെ ഭണ്ഡാരമായി. ഒടുവിലവൻ കർത്താവിന്റെ അഞ്ചുമുറിവുകളും ഏറ്റുവാങ്ങി ജീവിക്കുന്ന സുവിശേഷമായിത്തീർന്നു.
ഫ്രാൻസീസ് ഈശോയുടെ വചനം പഠിച്ചു, ജീവിച്ചു അങ്ങനെ സുവിശേഷമായി, മറ്റൊരു ക്രിസ്തുവായി രൂപാന്തരപ്പെട്ടു. പക്ഷേ എന്തുകൊണ്ടാണ് അസ്സീസിയിലെ വി. ഫ്രാൻസീസിനെപ്പോലെ ഞാനും നീയുമൊക്കെ സുവിശേഷമായിമാറാതെ പോകുന്നത്? ഞാനെത്രയോ പ്രാവശ്യം ഈശോയുടെ സുവിശേഷം വായിച്ചിരിക്കുന്നു, എത്രയോ പ്രാവശ്യം പലർക്കായത് വ്യാഖ്യാനിച്ച് കൊടുത്തിരിക്കുന്നു. എന്നിട്ടും എന്തേ ഞാൻ ഇക്കാര്യത്തിൽ പരാജിതനാകുന്നു എന്ന ചോദ്യം എന്റെ ഉള്ളിൽ നിന്നും എന്നോട് ചോദിക്കുന്നത് ഞാൻ കേൾക്കുന്നു. ഇവിടെ കർത്താവിന്റേയും മനുഷ്യരുടേയും മുൻപിൽ തലകുനിച്ച് നിൽക്കാനല്ലാതെ ഒന്ന് ന്യായീകരിക്കാൻ പോലും എനിക്കാകുന്നില്ല എന്നതാണ് എന്റെ അവസ്ഥ. കർത്താവിന്റെ സുവിശേഷം ഞാൻ വായിക്കുന്നു, ഏറിയാൽ വ്യാഖ്യാനിക്കുന്നു. അതിനപ്പുറം വി. ഫ്രാൻസീസ് പഠിച്ചതുപോലെ ഈശോയുടെ സുവിശേഷത്തെ ഞാൻ കണ്ടിട്ടില്ല എന്നതാണ് സത്യം.
തന്നോടൊപ്പം ചേർന്ന സഹോദരന്മാരോടുകൂടെ ഒരു സന്യാസ സമൂഹത്തിന് രൂപം കൊടുക്കുമ്പോൾ, അതിന് വേണ്ടി എഴുതിയുണ്ടാക്കിയ നിയമാവലിയുടെ ഭൂരിഭാഗവും ഈശോയുടെ സുവിശേഷമായിരുന്നു. ഇതെങ്ങിനെ നിങ്ങൾ ജീവിക്കുമെന്ന ചോദ്യമാണ് സഭാധികാരികൾ ഫ്രാൻസീസിന്റെ മുൻപിൽ ഉയർത്തുന്നത്. എങ്ങിനെ എന്നതിനെക്കുറിച്ച് ഫ്രാൻസീസിന് യാതൊരുവിധ സംശയങ്ങളുമില്ലായിരുന്നു. എന്തെന്നാൽ സുവിശേഷത്തിലെ ഈശോ ഫ്രാൻസീസിന്റെ ശക്തികേന്ദ്രവും ഈശോയുടെ സുവിശേഷം അവനും ഒപ്പമുള്ളവർക്കും ജീവിത നിയമവുമായിരുന്നു.
ഈശോയിൽ നിന്നും പഠിച്ചതിനാൽ, ഫ്രാൻസീസ് എല്ലാ സൃഷ്ടവസ്തുക്കളേയും സഹോദരനായും സഹോദരിയായും കണുകയും സ്നേഹിക്കുകയും ചെയ്തു. അവന്റെ മുൻപിൽ വെറുക്കപ്പെടേണ്ടവരായോ ഒഴിവാക്കപ്പെടേണ്ടവരായോ ആരുമില്ലായിരുന്നു. കാരണം ഈശോയും ഈശോയുടെ സുവിശേഷവും സ്നേഹമായിരുന്നു എന്ന് കൃത്യമായി ഫ്രാൻസീസ് പഠിച്ചെടുത്തു. അതവൻ ജീവിതത്തിൽ പ്രാവർത്തികമാക്കി.
ഞാനൊരു ക്രിസ്ത്യാനിയെന്നോ കത്തോലിക്കാ വിശ്വാസിയെന്നോ അതുമല്ലെങ്കിൽ ഫ്രാൻസീസ്കൻ സന്യാസിയെന്നോ അഭിമാനം കൊള്ളുന്ന വ്യക്തിയായതുകൊണ്ട് മാത്രം കാര്യമില്ലാ എന്ന വസ്തുത അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ മറക്കാതെ ഉള്ളിൽ സൂക്ഷിക്കാൻ നമുക്ക് സാധിക്കട്ടെ. ഇത്തരത്തിലുള്ള ചില അഭിമാനങ്ങളാണ് നമ്മുടെ നാട്ടിൽ അസമാധാനം സൃഷ്ടിക്കുന്നതെന്നും ബോധമുള്ളവർക്ക് മനസിലാകുന്നുണ്ട്. എന്നാൽ ആരെങ്കിലും ഫ്രാൻസീസിനെപ്പോലെ ഈശോയുടെ സുവിശേഷമാകാനുള്ള പരിശ്രമം നടത്തുന്നുവെങ്കിൽ വി. പൗലോസ് പറയുന്നവ നമ്മിലും അന്വർത്ഥമാകും. “എന്നിൽനിന്നു പഠിച്ചതും സ്വീകരിച്ചതും കേട്ടതും എന്നിൽ കണ്ടതും നിങ്ങൾ ചെയ്യുവിൻ. അപ്പോൾ സമാധാനത്തിന്റെ ദൈവം നിങ്ങളുടെ കൂടെയുണ്ടാായിരിക്കും” (ഫിലിപ്പി 4:9).
വി. പൗലോസ് ഗലാത്തിയായിലെ സഭാംഗങ്ങളോട് പറഞ്ഞതുപോലെ പുതിയ സൃഷ്ടിയാവുക എന്നതാണ് പരമപ്രധാനം എന്ന ആത്മീയ സത്യത്തെ ഹൃത്തിലേറ്റാൻ സുവിശേഷത്തിലെ ഈശോയിൽനിന്നും പഠിച്ച ഫ്രാൻസീസിന് കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഈ കുറിപ്പ് എഴുതാനുള്ള എന്റെ പ്രേരണപോലും. ഈശോയിൽനിന്നും പഠിക്കുമ്പോൾ നമുക്ക് എല്ലാത്തിനും വ്യക്തതയുണ്ടാകും. അപ്പോൾ ഞാനും ഒരു പുതിയ സൃഷ്ടിയായി പരിണമിക്കും അങ്ങനെ ഈശോയുടെ സുവിശേഷത്തിനപ്പുറം മറ്റൊരു ആശാകേന്ദ്രം നമ്മുടെ മുൻപിലില്ലാ എന്ന തിരിച്ചറിവ് ഉള്ളിലുണ്ടാവുകയും ചെയ്യും.
എന്റെ കുഞ്ഞുനാളിൽ എന്റെ ഇടവകയിൽ വന്ന ഒരു കപ്പൂച്ചിൻ വൈദീകൻ (പേര് ഞാൻ ഓർമ്മിക്കുന്നില്ല) ഫ്രാൻസീസിനെക്കുറിച്ച് പറഞ്ഞ കാര്യം ഇന്നുമെന്റെ ഉള്ളിലുണ്ട്, അതിപ്രകാരമാണ് “പുൽക്കൂട്ടിൽ ജനിച്ച് തച്ചനായ് വളർന്ന യേശുവെപ്പോലായ് തീരണം ഞാനും, ആശവേറില്ല, ലേശവുമെന്നിൽ” ഈശോ എപ്രകാരമായിരുന്നോ ജീവിച്ചത് അതിനപ്പുറം കൊതിക്കാൻ ഞാനാരാണ് എന്ന ബോധമാണിത്, ഇതാണ് ഫ്രാൻസീസ്. ഇതല്ലേ നമ്മളും സ്വന്തമാക്കേണ്ടത്. ഇത്തരത്തിൽ ബോധോദയം കിട്ടിക്കഴിഞ്ഞാൽ അധികാരത്തിനും പദവികൾക്കും വേണ്ടി ആരും നെട്ടോട്ടമോടില്ല, അപരനെ മോശമായി ചിത്രീകരിക്കില്ല, ക്രിസ്തുവിന്റെ മനസിന് നിരക്കാത്തതൊന്നും ചെയ്യുകയുമില്ല. നമുക്കും ഈശോയിൽ നിന്നും പഠിക്കാൻ ആഗ്രഹിക്കാം. അങ്ങനെ അസ്സീസിയിലെ ഫ്രാൻസീസിനെപ്പോലെ സ്വയം സമാധാനം അനുഭവിക്കുകയും പങ്കുവയ്ക്കുകയും ചെയ്യാം.
2020 ഒക്ടോബർ മൂന്നിന് ഫ്രാൻസീസ് പാപ്പാ അസ്സീസിയിലെത്തി ഒപ്പുവച്ച ഫ്രത്തെല്ലി തൂത്തി (എല്ലാവരും സഹോദരർ) എന്ന ചാക്രിക ലേഖനം മുഴുവൻ നിറഞ്ഞുനിൽക്കുന്നത് സുവിശേഷമായി മാറിയ അസ്സീസിയിലെ ഫ്രാൻസീസിന്റെ മനസാണ് എന്ന് പറയുന്നത് അതിശയോക്തിയല്ല. ഫ്രാൻസീസിനെ മനസിലാക്കുന്ന ആർക്കും പറയാൻ കഴിയുന്ന സത്യമാണ് ഫ്രാൻസീസ് പാപ്പായും പറഞ്ഞിരിക്കുന്നത്. ഫ്രാൻസീസ് പാപ്പായ്ക്കൊക്കെ സാധിച്ചതുപോലെ അസ്സീസിയിലെ വി. ഫ്രാൻസീസിനെ മനസിലാക്കാൻ ആർക്കെല്ലാം സാധിക്കുന്നുവോ അവർക്കൊക്കെ ഈശോയേയും മനസിലാക്കാൻ കഴിയുന്നു എന്നതാണ് നമുക്കുള്ള പ്രത്യാശ.
രണ്ടാം ക്രിസ്തുവെന്നറിയപ്പെടുന്ന അസ്സീസിയിലെ വിശുദ്ധ ഫ്രാൻസീസിന്റെ തിരുനാൾ മംഗളങ്ങൾ പ്രാർത്ഥനാപൂർവം നേരുന്നു.
പോൾ കൊട്ടാരം കപ്പൂച്ചിൻ