വത്തിക്കാന്‍സിറ്റി: ജപമാലയ്ക്കുവേണ്ടി സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒക്ടോബര്‍ മാസത്തില്‍ കുടുംബങ്ങളെ ജപമാലപ്രാര്‍ത്ഥനയില്‍ കൂടുതല്‍ ഭക്തിയുള്ളവരാക്കി മാറ്റാന്‍ സൗജന്യ ഈ ബുക്കുമായി വത്തിക്കാന്‍. വത്തിക്കാന്‍ ഡിസാസ്റ്ററി ഫോര്‍ ലെയ്റ്റി, ദ ഫാമിലി ആന്റ് ലൈഫ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
ജപമാല രഹസ്യങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അമോരിസ് ലെറ്റീഷ്യയില്‍ നിന്നുള്ള ഉദ്ധരണികളും ചേര്‍ത്തുളളതാണ് പുസ്തകം. 21 പേജുള്ള ഈ ബുക്ക് ആമസോണ്‍ കിന്റലിലും ഗൂഗിള്‍ പ്ലേ ബുക്‌സിലും ഇംഗ്ലീഷ്,സപാനീഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് ഭാഷകളില്‍ ലഭിക്കും. തിരുക്കുടുംബത്തിന്റെ ജീവിതത്തില്‍ നിന്നുളള സംഭവങ്ങള്‍ക്കൊപ്പം മാതാപിതാക്കളെ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കാനും കൂടി ഈ പുസ്തകം പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന് സന്തോഷത്തിന്റെ മൂന്നാം രഹസ്യം ധ്യാനിക്കുമ്പോള്‍ മാതാപിതാക്കളാകാന്‍ പോകുന്നു എന്നറിയുമ്പോള്‍ തങ്ങള്‍ അനുഭവിച്ച വികാരം എന്തായിരുന്നുവെന്ന് മാതാപിതാക്കള്‍ക്ക് പങ്കുവയ്ക്കാവുന്നതാണ്.
അതുപോലെ ഈശോ കുരിശുചുമന്ന് പോകുമ്പോള്‍, തന്റെ കുടുംബത്തിലെ രോഗിയായ ഒരു വ്യക്തിയോടുള്ള തങ്ങളുടെ പ്രതികരണം എന്തായിരിക്കുമെന്ന് ഓരോരുത്തരും ആത്മശോധന നടത്താനുള്ളഅവസരവുമുണ്ട്.