2021 ഒക്ടോബർ 14 ന് കർത്താവിന്റെ സവിധത്തിലേക്ക് യാത്രയായ കപ്പൂച്ചിൻ സഭാംഗമായ ജോർജുകുട്ടി അച്ചനെക്കുറിച്ച് ഒരു കുറിപ്പ്. അത് ക്രിസ്തുവായിരുന്നു എന്ന പേരില്‍ ടി പത്മനാഭന്‍ എഴുതിയതും ഈ വിശുദ്ധ വൈദികനെക്കുറിച്ചായിരുന്നു
സന്യാസ പരിശീലനത്തിന്റെ ഏറ്റവും പ്രധാനമായ സമയം നോവിഷ്യേറ്റാണ്. സന്യാസത്തെക്കുറിച്ച് ഏറ്റവും വ്യക്തതയോട പറഞ്ഞു തരികയും തങ്ങൾ ശിഷ്ടകാലം ജീവിക്കേണ്ട സന്യാസത്തിന്റെ ഉദാത്ത മാതൃകകൾ സന്യാസാർത്ഥികൾക്ക് കണ്ട് മനസിലാക്കാനും ജീവിതഭാഗമാക്കാനും സാധിക്കുന്ന ഇടംകൂടിയാണ് നോവിഷ്യേറ്റ്. അതിനാൽ നോവിസ് മാസ്റ്റർ എന്ന ഉത്തരവാദിത്വം ഒരാളെ ഏൽപിക്കുന്നത് വളരെ കരുതലോടുകൂടിയാണ്. പല പ്രാവശ്യമായി ഏതാണ്ട് 20 ഓളം വർഷങ്ങൾ ജോർജ്കുട്ടിയച്ചൻ നോവിസ് മാസ്റ്ററായിരുന്നു എന്നതു തന്നെ അദ്ദേഹത്തിന്റെ വിശുദ്ധിയുടെ തെളിവാണ്. ഇക്കാലങ്ങളിലെ ശിഷ്യരും അധികാരികളും ഇത് ശരിവയ്ക്കുകയും ചെയ്യും.
25 വർഷങ്ങൾക്ക് മുൻപ് മൂവാറ്റുപുഴയിലെ ലോറേറ്റോ അശ്രമത്തിലേക്ക് ഒരു നോവിസായി കടന്നുചെന്നപ്പോൾ എന്റെ ഉള്ളിൽ ഒത്തിരി ആകുലയും സംശയങ്ങളുമൊക്കെയുണ്ടായിരുന്നു. എന്നാൽ അവിടെ എത്തിയപ്പോൾ യാതൊരു മുൻപരിചയമൊന്നുമില്ലാതിരുന്ന നോവിസ് മാസ്റ്ററായ ജോർജ്കുട്ടിയച്ചൻ വളരെ വാത്സല്യത്തോടെയാണ് ഞങ്ങളെ സ്വീകരിച്ചത്. അതായിരുന്നു ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ തുടക്കം. ആദ്യം അടുക്കാൻ അൽപം ഭയമുണ്ടായിരുന്നു. പതുക്കെ പതുക്കെ അത് മാറി. പിന്നീട് കൃത്യം ഒരു വർഷം നീണ്ടു നിന്ന നോവിഷ്യേറ്റ് ജീവിതം. അന്ന് അച്ചൻ പകർന്നുതന്ന ആത്മീയത ഇന്നും മിഴിവാർന്നു നിൽക്കുന്നു.
പതിമൂന്നോളം വർഷങ്ങൾ സന്യാസ പരിശീലനമുണ്ടായിരുന്നെങ്കിലും ഇന്നും ഹൃദയത്തോട് ചേർത്ത് സൂക്ഷിക്കുന്ന ഒരു വർഷമാണ് എന്റെ നോവിഷ്യേറ്റ്. അതിൽ ഞാൻ ഒരിക്കലും മറക്കാത്ത ഗുരു ജോർജ്കുട്ടിയച്ചനും.
എല്ലാ ദിവസവുമുള്ള ജോർജ്കുട്ടിയച്ചന്റെ ക്ലാസുകൾക്കായി ഞങ്ങൾ കാത്തിരിക്കുമായിരുന്നു. അതുപോലെ തന്നെ ഞായറാഴ്ചകളിലെ അദ്ദേഹത്തിന്റെ പ്രസംഗത്തിനും. എത്ര സുന്ദരവും പ്രചോദനാത്മകവുമായിരുന്നത്. വ്യക്തമായ ബോധ്യത്തിൽ നിന്നുള്ളവയായിരുന്നു അദ്ദേഹം പറഞ്ഞ ഓരോ വാക്കും അല്ലാതെ എന്തെങ്കിലും പറയണം എന്നതല്ലായിരുന്നു അതിന്റെ പിന്നിലുള്ള മനസ്. അതായിരുന്നു ഞങ്ങൾ ആ സ്വരം കാത്തിരിക്കാനുള്ള കാരണവും.
അറിയപ്പെടുന്ന ഒരു കപ്പൂച്ചിനാകണമെന്നോ, അധികാര സ്ഥാനങ്ങൾ കൈയ്യാളണമെന്നോ ഒരിക്കലും ജോർജ്കുട്ടിയച്ചൻ ആഗ്രഹിച്ചിട്ടില്ല. അതിനുള്ള മോഹങ്ങൾ ഒരിക്കലുമില്ലായിരുന്നു. ഒരു യഥാർത്ഥ സന്യാസി ഇത്തരം മോഹങ്ങളിൽ നിന്നകന്ന് കഴിയണമെന്ന മനസായിരുന്നു അച്ചന്. ഒരിക്കൽ അദ്ദേഹത്തെ പ്രൊവിൻഷ്യൽ കൗൺസിലറായി തിരഞ്ഞെടുന്നു. എന്നാൽ ഉടനെതന്നെ അദ്ദേഹമത് നിരസിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ വലിയ ശിഷ്യഗണത്തിൽ പലരും അധികാരത്തിനായൊക്കെ ആഗ്രഹിക്കുന്നതും പരിശ്രമിക്കുന്നതും ഫ്രാൻസീസ്കൻ ആധ്യാത്മികതയിൽ നിന്നും അകന്നുപോകുന്നതും കാണുമ്പോൾ അദ്ദേഹത്തിന്റെ മനസ് ഒത്തിരി നൊന്തിരുന്നു. ഏറ്റവും അവസാനം കണ്ടപ്പോഴും അച്ചൻ പങ്കുവച്ചതീ നൊമ്പരമായിരുന്നു.
ഇക്കാലഘട്ടത്തിൽ വായനയെ ജീവിത ഭാഗമാക്കിയിട്ടുള്ള പുരോഹിതരും സന്യസ്തരും വളരെ കുറവാണ്. എന്നാൽ എപ്പോഴും വായിക്കാൻ ഇഷ്ടപെട്ടിരുന്ന, വായിച്ചത് മറ്റുള്ളവരോട് പറയാനിഷ്ടപ്പെട്ടിരുന്ന സന്യാസിയാണ് ജോർജ്കുട്ടിയച്ചൻ. അച്ചന്റെ വായനയിൽ എല്ലാം ഉൾപെട്ടിരുന്നു. കളിക്കുടുക്ക മുതൽ ഭാഷാപോഷിണി വരെ എന്ന് തമാശ രൂപേണ പലരും പറയാറുണ്ടങ്കിലും സത്യമായിരുന്നത്. സന്യാസത്തിന്റെ രജത ജൂബിലി പ്രമാണിച്ച് ബാച്ചുകാരായ ഞങ്ങൾ ഒന്നിച്ച് അച്ചന്റെ അടുത്തെത്തി കുറച്ചു സമയം ചിലവഴിച്ചപ്പോഴും അച്ചൻ അവശ്യപ്പെട്ടത് വായിക്കണം എന്നാണ്. വായനയില്ലാത്തതിനാൽ സമൂഹത്തിന്റെ എല്ലാ തുറകളിലും കടന്നുകൂടിയിട്ടുള്ള അപചയങ്ങൾ കണ്ടായിരിക്കാം അച്ചനങ്ങനെ പറഞ്ഞത് എന്ന് ഞാൻ കരുതുന്നു. വല്ലപ്പോഴും എന്തെങ്കിലുമൊക്കെ ഞാൻ എഴുതുന്നത് അച്ചന് കിട്ടുമ്പോൾ വായിക്കാറുണ്ടായിരുന്നു. പിന്നീട് കാണുമ്പോഴെല്ലാം പോളേ അടുത്ത പുസ്തകമെന്നാണിറങ്ങുന്നതെന്ന് ചോദിക്കുകയും വളരെ നിസ്സാരമായ എന്റെ എഴുത്തിനെ നല്ലതാണെന്ന് പറഞ്ഞ് എന്നും പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുള്ള എന്റെ പ്രിയപ്പെട്ട ഗുരുവാണിത്..
ഞങ്ങൾ നോവിഷ്യേറ്റിലായിരിക്കുന്ന കാലഘട്ടത്തിൽ ഇറങ്ങിയ ഒരു ഗാനം അച്ചന് ഒത്തിരി ഇഷ്ടമായിരുന്നു. “അവസാന മൊഴിയായ് അധരങ്ങളിൽ അവിടുത്തെ നാമമുണ്ടാകേണമേ ….” മിക്കപോഴും അച്ചനിത് മൂളിനടക്കുന്നത് കേൾക്കാനിടയായിട്ടുണ്ട്. അച്ചന്റെ അധരങ്ങളിൽ അവസാനം മാത്രമല്ല എല്ലായ്പോഴും ആ നാമമുണ്ടായിരുന്നു എന്നത് ഞങ്ങളുടെ അനുഭവം.
മണ്ണിൽ ദൈവം തന്നെ ഏൽപിച്ചത് ഏറ്റവും കൃത്യമായി പൂർത്തിയാക്കിയ ഒരു സന്യാസിയാണ് ജോർജുകുട്ടിയച്ചൻ. ഫ്രാൻസീസ്കൻ കപ്പൂച്ചിൻ സന്യാസത്തിന്റെ പരിമളം ആയിരുന്ന ഇടങ്ങളിലെല്ലാം തന്നാലാകാവുന്ന വിധം പരത്തിയ വിശുദ്ധ സന്യാസി വിണ്ണിലേക്ക് യാത്രയായി.
മിഴികളിൽ അശ്രുകണങ്ങൾ നിറയുമ്പോഴും ദൈവമേ നിന്നോട് പരാതിയൊന്നുമില്ല. ഈ വിശുദ്ധ സന്യാസിയെ ഞങ്ങൾക്ക് പ്രചോദനമായും വെല്ലുവിളിയുമായി ഇത്രയും നാളത്തേക്ക് നീ തന്നല്ലോ. ഇനി വിണ്ണിൽ നിന്നോടൊപ്പമിരുന്ന് ഞങ്ങൾക്ക് മാധ്യസ്ഥമാകുമല്ലോ എന്നതാണ് ഞങ്ങളുടെ മിഴിനീരിനെ തുടച്ചു മാറ്റുന്നത്. ഈ വിശുദ്ധ സന്യാസിയുടെ പേരിൽ ദൈവമെ നിനക്ക് നന്ദി നന്ദി മാത്രം.
ജോർജുകുട്ടിയച്ചൻ ജീവിച്ചുകാണിച്ച ഫ്രാൻസിസ്കൻ ആത്മിയത ഞങ്ങളും ജീവിക്കാൻ നല്ല ദൈവമേ ഞങ്ങളേയും അനുഗ്രഹിക്കേണമെ
പോൾ കൊട്ടാരം കപ്പൂച്ചിൻ