പരിശുദ്ധിയില്‍ നിന്നും നന്മയില്‍ നിന്നും നമ്മെ അകറ്റിനിര്‍ത്താനും തിന്മയ്ക്കും ദുഷ്ടതയ്ക്കും അടിപ്പെടുത്തുവാനുമാണ് സാത്താന്‍ ആഗ്രഹിക്കുന്നത്. സാത്താനോടുള്ള പോരാട്ടത്തില്‍ നമ്മെ രക്ഷിക്കാന്‍ കഴിയുന്നവലിയ ശക്തിയാണ് പരിശുദ്ധ മറിയം.
എന്നാല്‍ സാത്താന്‍ ആ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാന്‍ ഒരിക്കലും നമ്മെ അനുവദിക്കുന്നില്ല. പലവിധ പ്രലോഭനങ്ങളും വിചാരങ്ങളും പ്രവൃത്തികളും വഴി സാത്താന്‍ നമ്മെ അകറ്റാന്‍ പരമാവധി ശ്രമിക്കുന്നു. പക്ഷേ അപ്പോഴെല്ലാം നാം മാതാവിന്റെ മേലങ്കിയില്‍ മുറുകെ പിടിക്കുകയാണ് വേണ്ടത്. മാതാവ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ലോകത്തിന് വേണ്ടിയുള്ള നമ്മുടെ നാഥയുടെ കരുണയുടെ സന്ദേശത്തിലാണ് മാതാവ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
സാത്താന്‍ നിന്നെ തള്ളിമാറ്റാന്‍ ശ്രമിക്കുന്നതിനാല്‍ എന്റെ മേലങ്കിയില്‍ മുറുകെപിടിക്കാന്‍ ഞാന്‍ നിന്നോട് ആവശ്യപ്പെട്ടിട്ടുള്ളതല്ലേ എന്നാണ് അമ്മ ചോദിക്കുന്നത്.
ദൈവത്തോട് അടുത്തായിരിക്കാന്‍ യാചിക്കുമ്പോള്‍ തന്റെ ആഴമേറിയ സുസ്ഥിരമായ സാന്നിധ്യം അവിടുന്ന് നിനക്ക് നല്കുന്നു. അങ്ങനെ നീ എന്റെ കരങ്ങളില്‍ കൂടുതല്‍ ശാന്തമായി വിശ്രമിക്കും. അങ്ങനെ എല്ലാവരും നിന്നില്‍ ദൈവത്തെ ദര്‍ശിക്കുകയും ചെയ്യും. എന്നാണ് അമ്മ പറഞ്ഞിരിക്കുന്നത്.
അതുകൊണ്ട് അമ്മയുടെ മേലങ്കിയിലുള്ള പിടുത്തം വിടല്ലേ. അമ്മ നമ്മെ കാത്തുകൊള്ളൂം.