Tuesday, January 21, 2025
spot_img

മരിച്ചവര്‍ക്കുവേണ്ടിയുള്ള മാസമല്ല പ്രത്യാശയുടെ മാസമാണ് നവംബര്‍


“സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക്‌ അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. യേശു മരിക്കുകയും വീണ്ടും ഉയിര്‍ക്കുകയും ചെയ്‌തു എന്നു നാം വിശ്വസിക്കുന്നതുപോലെ, യേശുവില്‍ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിര്‍പ്പിക്കും.” (1 തെസലോനിക്കാ 4:13-14) 

മരണം എന്നു കേൾക്കുമ്പോഴേ കണ്ണുനിറയുന്ന ധാരാളം പേരുണ്ട്. എപ്പോഴും തങ്ങളുടെ ഒപ്പമുണ്ടാകണം എന്നാഗ്രഹിച്ച അവരുടെ പ്രിയപ്പെട്ടവർ മരണത്തിലൂടെ അകന്ന് പോയത് ഉൾക്കൊള്ളാൻ സാധിക്കാത്തതാണ് കാരണമായിട്ടുള്ളത്.

വി. പൗലോസ് പറഞ്ഞുതരുന്നതുപോലെ, യേശുവിൽ നിദ്രപ്രാപിച്ചവരെ ദൈവം അവനോടുകൂടെ ഉയിർപ്പിക്കും എന്ന് പ്രത്യാശിക്കുന്നവർക്ക് മരണം എന്നാൽ എന്നും കരഞ്ഞ് ജീവിക്കാനുളളതല്ല. കാരണം, അവർക്ക് മരണത്തിനപ്പുറം ഒരു ജീവിതമുണ്ട് എന്ന പ്രത്യാശ മുൻപിലുണ്ട്. ആ പ്രത്യാശയിൽ എല്ലാ നൊമ്പരങ്ങളും അലിഞ്ഞില്ലാതാകും. എനിക്കും ഈ പ്രത്യാശ എപ്പോഴും ഉണ്ടായിരുന്നെങ്കിൽ ..! 

വി.പൗലോസ് പറയുന്നതുപോലെ ഒരാൾ ഈശോയിൽ നിദ്രപ്രാപിക്കണമെങ്കിൽ നിശ്ചയമായും ഈശോയിൽ ജീവിക്കണം.  നമുക്ക് ഏറ്റവും പ്രയാസമേറിയ കാര്യവും ഇത് തന്നെയാണ്.  ഈ മണ്ണിലെ ജീവിതം ആരെല്ലാം ഈശോയിൽ ജീവിക്കുന്നുവോ അവർക്ക് സങ്കീർത്തകൻ പറയുന്നതുപോലെ, തങ്ങളുടെആയുഷ്‌കാലം എഴുപതോ എണ്‍പതോ വർഷമായാലും (സങ്കീ. 90:10) യാതൊരുവിധത്തിലുമുള്ള ബുദ്ധിമുട്ടും ഉണ്ടാകില്ല. അവർ എപ്പോഴും പ്രത്യാശയുള്ളവരും മറ്റുള്ളവർക്ക് സന്തോഷം പകരുന്നവരുമായിരിക്കും. എല്ലാ ക്രിസ്തുവിശ്വാസികളിൽ നിന്നും പ്രതീക്ഷികുന്നതും ഇത് തന്നെയാണ്. 

മരണവും മരണത്തെക്കുറിച്ചുള്ള ചിന്തകളും ശോകഭരിതമാക്കാനുള്ളതല്ല, ആഘോഷിക്കാനുള്ളതാണ് എന്ന് പറഞ്ഞുതന്ന ഒരു വിശുദ്ധ സന്യാസി ഈയടുത്ത നാളിൽ സ്വർഗത്തിലേക്ക് യാത്രയായി. കപ്പൂച്ചിൻ സഭാംഗങ്ങളായ ധാരാളംപേരുടെ നേവിസ് മാസ്റ്ററായിരുന്ന  ജോർജ്കുട്ടി അച്ചനായിരുന്നത്. പരിശീലന കാലത്ത്  ശിഷ്യരായ എല്ലാവരോടും ആവർത്തിച്ച് പറഞ്ഞിട്ടുള്ളത് താൻ മരിക്കുമ്പോൾ ചെയ്യേണ്ട ഒരു കാര്യത്തെക്കുറിച്ചാണ്. സീറോ മലബാർ സഭയിൽ, മരിച്ചവർക്കായി ബലിയർപ്പിച്ച് പ്രാർത്ഥിക്കുമ്പോൾ ഉപയോഗിക്കുന്നത് അൽപം ശോകഭാവം കലർന്ന ട്യൂണാണ് . എന്നാൽ തനിക്ക് വേണ്ടത് ആഘോഷമായ ട്യൂണോടു കൂടിയ  കുർബാനയാണെന്നായിരുന്നു അച്ചന്റെ ആഗ്രഹം. അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട അസ്സീസിയിലെ ഫ്രാൻസീസ് മരണത്തെ സഹോദരി എന്ന് വിളിച്ച് പാട്ടുപാടി  സന്തോഷത്തോടെയാണ് സ്വർഗപ്രവേശനം നടത്തിയത്. അതുപോലെ തന്നെ ജോർജുകുട്ടിയച്ചന്റെ  മൃതസംസ്കാരത്തിൽ ആഘോഷമായ ട്യൂണോടുകൂടിയ കുർബാനയർപ്പിച്ചാണ് അദ്ദേഹത്തെ സഭാംഗങ്ങൾ ആദരിച്ചത്. 

ഈശോയിൽ ജീവിക്കുന്നവരെല്ലാം മരണമെന്ന സത്യത്തെ സ്വാഗതം ചെയ്യാൻ ഒരുങ്ങിയിരിക്കുന്നവരാണെന്നതിൽ സംശയമില്ല. അല്ലാത്തവർ മരണം വരാതിരിക്കാൻ കൊതിക്കുന്നവരായിരിക്കാൻ സാധ്യത കൂടുതലാണ്. തനിക്കൊപ്പമുള്ള എല്ലാവരും മരണം വരിച്ചാലും ഞാൻ മാത്രം മരിക്കില്ലാ എന്ന തരത്തിൽ ജീവിക്കുന്നവരുണ്ട്. അത്തരത്തിൽ ഭാവികാര്യങ്ങൾ ക്രമീകരിക്കുന്നവരുമുണ്ട്. അവരൊന്നും ക്രിസ്തുവിന്റെ ഉത്ഥാന മഹത്വം തിരിച്ചറിഞ്ഞിട്ടില്ല എന്ന് മാത്രമേ പറയാനാകൂ. അവർക്ക് മണ്ണിലെ ജീവിതത്തെക്കുറിച്ച് മാത്രമേ ചിന്തയുള്ളു. 

പല വിശ്വാസികൾക്കും  നവംബർ മാസം  മരിച്ചവരുടെ മാസമാണ്. മരണത്താൽ തങ്ങളിൽ നിന്നകന്നുപോയ പ്രിയപ്പെട്ട എല്ലാവരേയും ഒരുമിച്ച് ഓർമ്മിക്കുകയും അവർക്കായി പ്രാർത്ഥിക്കുവാനും സാധിക്കുന്നത് നല്ല കാര്യമാണ്. എന്നാൽ  പല വിശ്വാസികളും ചെയ്തുകൂട്ടുന്ന കാര്യങ്ങൾ കാണുമ്പോൾ, മരിച്ചുപോയവർ ജീവന്റെ നാഥനോടൊപ്പം ജീവന്റെ നാട്ടിലാണെന്നത് മറന്നു പോകുന്നുണ്ടോ എന്ന് സംശയം തോന്നാറുണ്ട്. മരിച്ചവരുടെ മാസമെന്നും മരിച്ചവർക്കു വേണ്ടിയുള്ള മാസമെന്നൊക്കെ പറയുന്നതിലും നല്ലതല്ലേ, പ്രത്യാശയുടെ മാസമെന്ന് പറയുന്നത്. എന്തെന്നാൽ ഈശോയിലുള്ള പ്രത്യാശയാണല്ലോ ക്രൈസ്തവ ജീവിതത്തിന് ആധാരം.

പോൾ കൊട്ടാരം കപ്പൂച്ചിൻ

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_img
spot_img
spot_img

Spiritual Updates

Latest News

More Updates

error: Content is protected !!