പലതരം പ്രതിസന്ധിയിലൂടെയാണ് ഇക്കാലത്ത് പലരും കടന്നുപോകുന്നത്. പലര്‍ക്കും ജോലി നഷ്ടമായിട്ടുണ്ട്. വേറെ ചിലര്‍ക്ക് ജോലി നഷ്ടമായേക്കാന്‍ സാധ്യതയുണ്ട്. വേറെ ചിലരാവട്ടെ ജോലിയില്ലാതെ വിഷമിക്കുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ ദൈവത്തിലേക്ക് തിരിയുകയും അവിടുത്തെ ആശ്രയിക്കുകയും മാത്രമേ നമുക്ക് ചെയ്യാനുളളൂ. കാരണം നാം നിസ്സഹായരാണ്. നാം ആരെ ആശ്രയിക്കുന്നുവോ അവര്‍ക്കും മാനുഷികമായ പരിമിതിയുണ്ട്. എന്നാല്‍ എല്ലാ പരിമിതിയെയും അതിലംഘിക്കുന്നതാണ് ദൈവികശക്തി. ആ ദൈവികശക്തിയില്‍ ആശ്രയിച്ചുകൊണ്ട്, വിശ്വസിച്ചുകൊണ്ട് താഴെപ്പറയുന്ന വചനങ്ങള്‍ ഏറ്റുചൊല്ലി പ്രാര്‍ത്ഥിക്കുക..
അതിനാല്‍ എന്തു ഭക്ഷിക്കും എന്തു പാനം ചെയ്യും എന്തു ധരിക്കും എന്ന് വിചാരിച്ച് നിങ്ങള്‍ ആകുലരാകേണ്ട. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത്. നിങ്ങള്‍ക്കിവയെല്ലാം ആവശ്യമാണെന്ന് നിങ്ങളുടെ സ്വര്‍ഗ്ഗീയ പിതാവ് അറിയുന്നു. ( മത്താ: 6:31-32)
വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക സാധ്യമല്ല. ദൈവസന്നിധിയില്‍ ശരണം പ്രാപിക്കുന്നവര്‍ ദൈവം ഉണ്ടെന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക് അവിടുന്ന് പ്രതിഫലം നല്കുമെന്നും വിശ്വസിക്കണം. ( ഹെബ്ര 11:6)
ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍ നിങ്ങള്‍ താഴ്മയോടെ നില്ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പ്പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.( 1 പത്രോ 5: 6-7)
ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാര്‍ത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാസ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകള്‍ ദൈവസന്നിധിയില്‍ അര്‍പ്പിക്കുവിന്‍( ഫിലിപ്പി 4:6)
അനര്‍ത്ഥകാലത്ത് എന്നെ വിളിച്ചപേക്ഷിക്കുക. ഞാന്‍ നിന്നെ മോചിപ്പിക്കും. നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.( സങ്കീ 50: 15)