ക്രിസ്തുമസ് കാലത്ത് വത്തിക്കാനില്‍ നിന്നുള്ള വാര്‍ത്തകളില്‍ സ്ഥിരമായി ഇടംപിടിക്കുന്നതാണ് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ സ്ഥാപിക്കുന്ന ഭീമാകാരനായ ക്രിസ്തുമസ് ട്രീയെക്കുറിച്ചുളളത്. ആ വാര്‍ത്ത വായിക്കുമ്പോള്‍ നമ്മളില്‍ പലരുടെയും വിചാരം ആദികാലം മുതല്ക്കുള്ള പാരമ്പര്യമായിരിക്കും അതെന്നാണ്.
എന്നാല്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്താണ് ഇത്തരമൊരു രീതിക്ക് തുടക്കം കുറിച്ചത്. കൃത്യമായി പറഞ്ഞാല്‍ 1982 മുതല്‍. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെക്കുറിച്ചുള്ള കഥകള്‍ എന്ന പുസ്തകത്തിലാണ് ഇക്കാര്യം ഗ്രന്ഥകാരനായ വ്‌ളോഡിമിറെസ് റെഡ്‌സിയോച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്തുമസിനെയും ക്രിസ്തുമസ് ട്രീയെയും ഏറെ സ്‌നേഹിച്ച വ്യക്തിയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍. ജന്മനാടായ പോളണ്ടില്‍ നിന്നുള്ള പാരമ്പര്യമാണ് ജോണ്‍പോള്‍ വത്തിക്കാനില്‍ ആരംഭിച്ചത്. അടുത്തകാലം മുതല്ക്കാണ് ഇറ്റലിയില്‍ ക്രിസ്തുമസ് ട്രീ പാരമ്പര്യം ആരംഭിച്ചത്. എന്നാല്‍ 20 ാം നൂറ്റാണ്ടിന് മുമ്പുതന്നെ നോര്‍ത്തേണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഈ പതിവ് വ്യാപകമായിരുന്നു. രക്ഷയുടെ സന്ദേശം ഈശോയുടെ മനുഷ്യാവതാരത്തിലൂടെ നല്കുന്നതില്‍ ക്രിസ്തുമസ് ട്രീ സഹായിക്കുന്നു എന്നായിരുന്നു പാപ്പയുടെ വിശ്വാസം. നിത്യജീവിതത്തിന്റെ പ്രതീകമാണ് ക്രിസ്തുമസ് ട്രീയെന്നും ജോണ്‍പോള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ചുരുക്കത്തില്‍ നാല്പതോളം വര്‍ഷമായി സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ക്രിസ്തുമസിന്റെ ശക്തമായ പ്രതീകമായി ക്രിസ്തുമസ് ട്രീ ഉയര്‍ന്നുനില്ക്കുന്നു.