“ഒരു യാത്ര പോകുന്ന നേരം കൂടെയുണ്ടാകുമെൻ നാഥൻ,
ഈ ജന്മമൊരു യാത്രയല്ലോ,
നാഥൻ നമ്മെ നയിക്കുകയല്ലോ” എനിക്കിഷ്ടപ്പെട്ട ഒരു ഗാനത്തിലെ വരികളാണിത്. ജീവിതം ഒരു യാത്രയാണെന്നും ഈ യാത്രയിൽ എന്നെ നയിക്കുന്നത് എന്റെ ദൈവമാണെന്നും എനിക്ക് എപ്പോഴും ഏറ്റുപറയാനാകുക എത്രയോ വലിയ ആത്മീയമായ കാര്യമാണ്. ഈ പുതിയ വർഷത്തിലും എന്റെ ഈ ജീവിതയാത്ര ഞാൻ നടത്തുന്നത് എന്റെ നാഥന്റെ കൂടെയാണ് എങ്കിൽ എല്ലാം ശുഭകരമാകും.
“ദൈവം കൂടെയില്ലെങ്കിൽ ഒരുവനും നീ ചെയ്യുന്ന ഈ അടയാളങ്ങൾ പ്രവർത്തിക്കാൻ കഴിയുകയില്ല” (യോഹന്നാൻ 3:2) നിക്കദേമോസ് ഈശോയോട് പറയുന്ന വചനമാണിത്. ഈശോ ചെയ്ത അടയാളങ്ങളും അത്ഭുതങ്ങളും, പിതാവായ ദൈവം അവനെ ഏൽപിച്ച രക്ഷാകര ദൗത്യത്തിന്റെ ഭാഗമായിരുന്നു. അവന്റെ വാക്കുകൾ, അവന്റെ സാന്നിധ്യം, അവൻ ചെയ്ത ഓരോ പ്രവൃത്തികൾ എല്ലാം പരിശോധിച്ചാൽ ഇത് വളരെ വ്യക്തമാണ്. ദൈവത്തോടൊപ്പമായിരുന്നവൻ, ദൈവം തന്നെയായിരുന്നവൻ, ദൈവം ആഗ്രഹിച്ചത് മാത്രം ചെയ്തവൻ, ഇതായിരുന്നു ഈശോ. അല്ലാതെ, സ്വന്തമായിട്ട് അവൻ അവനുവേണ്ടി ഒന്നും ചെയ്തില്ല
ആരംഭം കുറിച്ചിരിക്കുന്ന ഈ പുതിയ വർഷത്തിൽ എന്നിൽ ഉണ്ടാകേണ്ടതായ അടിസ്ഥാനപരമായ കാര്യമാണ് അന്ന് നിക്കദേമോസ് ഈശോയോട് പറഞ്ഞതിൽ അടങ്ങിയിരിക്കുന്നത്. ഈശോയിൽ ദൈവം കൂടെയുണ്ടായിരുന്നു, എന്നാൽ എന്നിൽ എപ്പോഴും ദൈവസാന്നിധ്യം കൂടെയുണ്ടോ? ചില സമയങ്ങളിലും ചില ഇടങ്ങളിലും ചില വ്യക്തികളോടൊപ്പം ആയിരിക്കുമ്പോഴും മാത്രം അനുഭവിക്കേണ്ടതല്ല ദൈവസാന്നിധ്യം. രക്ഷകനായി മണ്ണിൽ അവതരിച്ചവൻ ഇമ്മാനുവലായി നമ്മോടൊപ്പമുണ്ട് എന്ന് വചനം സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ എനിക്കെത്രമാത്രം എന്നോടൊപ്പമുള്ള ദൈവത്തെ തിരിച്ചറിയാൻ കഴിയുന്നു എന്നത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. എപ്പോഴും ദൈവം കൂടെയുള്ളവർ അനുഭവിക്കുന്ന ആത്മീയ സന്തോഷം വിവരണതീതമാണ്. ദൈവസാന്നിധ്യം എന്നിൽ ഇല്ലാതെപോകുന്നതാകാം എന്റെ മിക്കപ്പോഴുമുള്ള കണ്ണുനീരിനും സങ്കടത്തിനുമൊക്കെ കാരണം.
വിജയ പരാജയങ്ങളുടെ അളവുകോൽ വച്ച് ഈശോയുടെ ജീവിതത്തെ അളന്നു നോക്കിയാൽ, വിജയിച്ചവൻ എന്നതിനേക്കാളും പരാജിതനായവനായിരുന്നു ഈശോ എന്ന് പൊതുവെ ആർക്കും മനസിലാക്കാൻ കഴിയും. അവനെ സ്വീകരിച്ചവരുണ്ട്, അതിലും അധികം അവനെ തിരസ്കരിച്ചവരുമുണ്ട്. തന്നെ തിരസ്കരിക്കുന്നതും തന്നേക്കുറിച്ച് മോശം പറയുന്നതും ഈശോ അറിയുന്നുമുണ്ട്. പക്ഷേ, അതൊന്നും തന്റെ പിതാവ് ഏൽപിച്ച നിയോഗത്തിൽ നിന്നും അകന്നുപോകാൻ ഇടവരുത്തിയില്ല എന്നതാണ് ഈശോയിൽ നാം കണ്ടെത്തുന്ന ആത്മീയത.
ഞാനും എന്റെ ജീവിതത്തിലേക്ക്, പ്രത്യേകിച്ച് കഴിഞ്ഞ ഒരു വർഷത്തിലേക്ക് തിരിഞ്ഞുനോക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോൾ, ഈശോയുടേതിന് സമാനമായ അനുഭവങ്ങൾ കാണാൻ ഇടയാകും എന്നതുറപ്പാണ്. വിജയിച്ച നിമിഷങ്ങളും പരാജയപ്പെട്ട നിമിഷങ്ങളും ഏറെയുണ്ടാകും. വിജയിച്ചതും സന്തോഷവും അഭിമാനവും നൽകിയ നിമിഷങ്ങളേയും അനുഭവങ്ങളേയുംകാൾ അധികമായി, പരാജയപ്പെട്ടതും തിരസ്കരിക്കപ്പെട്ടതും തെറ്റിദ്ധരിക്കപ്പെട്ടതുമായ കാര്യങ്ങളെ മറക്കാതെ സൂക്ഷിക്കുന്നു എന്നതാകാം നമ്മുടെ ആത്മീയ പ്രതിസന്ധിയുടെ കാരണം.
വിശുദ്ധ പൗലോസ് നമ്മെ ഓർമ്മപ്പെടുത്തുന്ന ഒരു വചനം ഏറെ ശ്രദ്ദേയമാണ് “ഈശോ മിശിഹായ്ക്കുണ്ടായിരുന്ന മനോഭാവം നിങ്ങളിലും ഉണ്ടാകട്ടെ” (ഫിലിപ്പി 2:5) തന്റെ വലുപ്പത്തെക്കുറിച്ചോ സാധ്യതകളെക്കുറിച്ചോ അവന് വലിയ പരിഗണനകൾ ഉണ്ടായിരുന്നില്ല. പിതാവ് അവനിൽ നിക്ഷിപ്തമാക്കിയ ഉത്തരവാദിത്വം അതായിരുന്നു ഏറ്റവും പ്രധാനപ്പെട്ടത്. പാപമൊഴികെയുള്ള എല്ലാകാര്യങ്ങളിലും മനുഷ്യരോടൊന്നായി നിന്നുകൊണ്ട് അവരിൽ രക്ഷയെത്തിക്കുക. ഈ മനോഭാവത്തെക്കുറിച്ചാണ് വി. പൗലോസ് സ്നേഹപൂർവം പറഞ്ഞുതരുന്നത്. ഇതുതന്നെയല്ലേ ദൈവവും നമ്മിൽനിന്നും പ്രതീക്ഷിക്കുന്നത്?
കൂടെക്കൂടെ ദൈവം പറയുന്നത് ഭയപ്പെടേണ്ടാ എന്നാണ്. എന്നെ സൃഷ്ടിക്കുകയും ഇന്നോളം പരിപാലിക്കുകയും ചെയ്തവന്റെ വാക്കുകൾ ഉള്ളിലെപ്പോഴും നമുക്ക് സൂക്ഷിക്കാം. ആരെയാണ് ഭപ്പെടേണ്ടതെന്ന് ഈശോ പറഞ്ഞുതരുന്നുണ്ട്, “ശരീരത്തെ കൊല്ലുകയും ആത്മാവിനെ കൊല്ലാൻ കഴിവില്ലാതിരിക്കുകയും ചെയ്യുന്നവരെ നിങ്ങൾ ഭയപ്പെടേണ്ടാ, മറിച്ച്, ആത്മാവിനെയും ശരീരത്തെയും നരകത്തിനിരയാക്കാൻ കഴിയുന്നവനെ ഭയപ്പെടുവിൻ” (മത്തായി 10:28) അതായത്, ഞാൻ ഭയപ്പെടേണ്ടത് എന്റെ ദൈവത്തെ മാത്രമാണ‍്. ദൈവത്തെ മാനിച്ച് ജീവിക്കുമ്പോൾ എന്നിൽ, ഭയത്തിന‍് സ്ഥാനമില്ല.
പുതിയ വർഷത്തിലാണ് നമ്മൾ. പുതിയ പ്രതീക്ഷകളോടെയും, പുതിയ തീരുമാനങ്ങളോടെയുമാകും നാമെല്ലാവരും പഴയ വർഷത്തോട് വിടപറഞ്ഞിട്ടുണ്ടാകുക. കഴിഞ്ഞുപോയ വർഷത്തിലെ അനുഭവങ്ങൾ പകർന്ന പാഠങ്ങളെ ഹൃദയത്തിൽ ചേർത്തുവച്ച് നമുക്ക് ഈ യാത്ര തുടങ്ങാം. നിക്കദേമോസ് ഈശോയെക്കുറിച്ച് പറഞ്ഞതുപോലെ എപ്പോഴും ദൈവം കൂടെയുള്ളവരും, വിശുദ്ധ പൗലോസ് ഓർമ്മിപ്പിച്ചതുപോലെ ഈശോയുടെ മനോഭാവമുള്ളവരുമാകാനുള്ള പരിശ്രമത്തിൽ നമുക്കും ഏർപ്പെടാം. അപ്പോൾ നമ്മുടെ ജീവിതയാത്ര ഈശോ നയിക്കുന്ന യാത്രയാകും. അതിരില്ലാത്ത ആത്മീയ സന്തോഷത്തിന്റെ യാത്രയുമാകും. ഈ പുതുവർഷത്തിൽ എല്ലാവർക്കും പ്രതീക്ഷയോടെ യാത്രതുടരാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
പോൾ കൊട്ടാരം കപ്പൂച്ചിൻ