Thursday, March 13, 2025
spot_img
More

    പുതുവര്‍ഷം മനോഹരമാക്കാന്‍ ഇതാ ചില മേരി വഴികള്‍

    പുതുവര്‍ഷത്തിന്റെ ആദ്യ ദിനത്തിലെ ആദ്യ മണിക്കൂറുകളിലാണ് നാം ഇപ്പോള്‍. ഈ വര്‍ഷം മുഴുവന്‍ പരിശുദ്ധ അമ്മയുടെ ജീവിതമാതൃകയിലൂടെ മുന്നോട്ടുപോകുന്നത് ഏറെ അനുഗ്രഹപ്രദമായിരിക്കും. വര്‍ഷത്തിലെ ആദ്യദിനം തന്നെ പരിശുദ്ധ അമ്മയ്ക്കായി സമര്‍പ്പിക്കപ്പെട്ട ദൈവമാതൃത്വതിരുനാള്‍ദിനത്തിലൂടെയാണ് നാം കടന്നുപോകുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഈവര്‍ഷത്തിലെ ഓരോ ദിവസവും കടന്നുപോകുമ്പോള്‍ നമ്മെ ഏറെ സഹായിക്കാനും നമ്മെ വഴിനടത്താനും പരിശുദ്ധ അമ്മയ്ക്ക് കഴിയും എന്ന് ഉറച്ചുവിശ്വസിച്ചുകൊണ്ട് മാതാവ് പറഞ്ഞുവരുന്ന വഴികളിലൂടെ നമുക്ക് നടന്നുപോകാം.

    സമ്മര്‍ദ്ദങ്ങളിലും ശാന്തത കൈവെടിയാതിരിക്കുക

    ഈ ലോകം വല്ലാത്ത സമ്മര്‍ദ്ദം നമുക്ക് തരുന്നുണ്ട്. തീരെ ചെറിയ കാര്യങ്ങളില്‍ പോലും അത് ബാധകമാണ്. എന്നാല്‍ ഇവിടെ നമുക്ക് മാതൃകയാകേണ്ടത് പരിശുദ്ധ കന്യാമറിയമാണ്. ജീവിതത്തിലെ എ്ര്രത വലിയ പ്രതികൂലങ്ങളിലും സമ്മര്‍ദ്ദങ്ങളിലും മറിയം സമചിത്തത നഷ്ടപ്പെടാതെ സൂക്ഷിച്ചു. ഇങ്ങനെയൊരു സാധ്യതയ്ക്കുവേണ്ടി നമുക്ക് പരിശുദ്ധ അമ്മയോട് പ്രാര്‍ത്ഥിക്കാം.

    ദൈവഹിതത്തോട് യെസ് പറയുക


    ജീവിതത്തില്‍ എന്തെല്ലാം സംഭവിക്കും എന്ന കാര്യത്തെക്കുറിച്ച് നമുക്ക് കൃത്യത പോര. നാളെയെന്തു സംഭവിക്കും എന്നും നമുക്കറിയില്ല. നാളെ രോഗം പിടിപെടാം.പ്രിയപ്പെട്ടവര്‍ മരിച്ചുപോകാം, സാമ്പത്തികമായി നഷ്ടങ്ങളുണ്ടായേക്കാം. എന്തുമാകട്ടെ എല്ലാം ദൈവം അറിഞ്ഞുകൊണ്ട് സംഭവിക്കുന്നവയാണെന്ന് വിശ്വസിക്കുക. ദൈവമേ നിന്റെ ഹിതം എന്നില്‍ നിറവേറട്ടെ എന്ന് പ്രാര്‍ത്ഥിക്കുക.

    സഹായം ആവശ്യമുളളവരെ തേടിച്ചെല്ലുക


    സഹായം ചോദിക്കുന്നവരില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് നമുക്ക് താല്പര്യം പ്രത്യേകിച്ച് സാമ്പത്തികകാര്യങ്ങളില്‍. ഏറ്റവും അടുത്തു നില്ക്കുന്നവര്‍ പോലും സഹായം ചോദിച്ചാല്‍ നാം ഒഴിഞ്ഞുമാറും. എന്നാല്‍ മറിയത്തിന്റെ കാര്യം നോക്കൂക. എലിസബത്തിന്റെ ആവശ്യം കേട്ടറിഞ്ഞ് അവളെ സഹായിക്കാന്‍ മറിയം യാത്രതിരിക്കുന്നു. ഈ പുതുവര്‍ഷത്തില്‍ സഹായം അര്‍ഹിക്കുന്നവരെ, ചോദിക്കുന്നവരെ സഹായിക്കാന്‍ സന്നദ്ധമാകുക.

    നീലധരിക്കുക


    ധരിക്കുന്ന വസ്ത്രത്തിന്റെ നിറം നമ്മുടെ മാനസികാവസ്ഥയുടെ പ്രതിഫലനമാണെന്ന് പൊതുവെ പറയാറുണ്ട്.. നീല നിറം മാതാവിന്റെ നിറമാണ്. വിശ്വാസം, വിശ്വസ്തത, സ്വര്‍ഗ്ഗം എന്നിവയുടെ പ്രതീകം. കഴിയുമെങ്കില്‍ ഈ നിറം ജീവിതത്തിന്റെ ഭാഗമാക്കുക.പരിശുദ്ധ അമ്മയുടെ നിറമാണ് അതെന്ന വിശ്വാസത്തോടെ…

    എളിമയുണ്ടായിരിക്കുക

    ദൈവപുത്രന്റെ അമ്മയാകാന്‍ ഭാഗ്യം ലഭിച്ചവളായിരുന്നു പരിശുദ്ധഅമ്മ. പക്ഷേ മറിയമൊരിക്കലും അതോര്‍ത്ത് അഹങ്കരിച്ചില്ല. എന്നാല്‍ നാമോ? ജീവിതത്തില്‍ തീരെ ചെറിയ കാര്യങ്ങളുടെപേരില്‍ പോലും നാം അഹങ്കരിക്കുന്നു. നല്ല ജോലികിട്ടുമ്പോള്‍, നല്ല വീടുണ്ടാകുമ്പോള്‍, സാമ്പത്തികസ്ഥിതി മെച്ചപ്പെടുമ്പോള്‍.. എന്നാല്‍ ഒന്നിനെയുമോര്‍ത്ത് അഹങ്കരിക്കാന്‍ നമുക്ക് അര്‍ഹതയില്ല. നേട്ടങ്ങളെ ദൈവത്തിന്റെ കൈയില്‍ നിന്ന് സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ എളിമയുണ്ടായിരിക്കുകയുള്ളൂ.

    മറിയത്തിന്റെ ഈ ഗുണങ്ങള്‍ സ്വീകരിച്ചുകൊണ്ട് നമുക്ക് പുതുവര്‍ഷത്തില്‍ ആത്മീയമായി മുന്നേറാം. മരിയന്‍ പത്രത്തിന്റെ എല്ലാ പ്രിയവായനക്കാര്‍ക്കും നന്മ നിറഞ്ഞ, ദൈവഹിതത്തിന് വിധേയനപ്പെടാന്‍ സന്മനസ്സുള്ള ഒരു പുതുവര്‍ഷം ആത്മാര്‍ത്ഥമായി നേരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!