ദൈവമുണ്ടോ, ദൈവം പ്രവര്‍ത്തനനിരതനാണോ, ദൈവമുണ്ടായിരുന്നുവെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നോ… ഇങ്ങനെയൊക്കെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നവരെ കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ദൈവത്തെ കേവലം മാനുഷികബുദ്ധികൊണ്ട് വിലയിരുത്താനും സമീപിക്കാനും ശ്രമിക്കുന്നവരുടേതാണ് ഇത്തരം ചിന്തകള്‍.
കണ്ണുകൊണ്ട് അതായത് ദൃശ്യമായ വിധത്തിലുളള ഇടപെടലുകള്‍കൊണ്ടാണ് ഇക്കൂട്ടര്‍ ദൈവത്തെ വിലയിരുത്തുന്നത് . തങ്ങള്‍ ആഗ്രഹിക്കുകയും വിചാരിക്കുകയും ചെയ്യുന്നത് സംഭവിക്കാതെ വരുമ്പോഴോ തങ്ങളുടെ ആഗ്രഹത്തിന് വിരുദ്ധമായി സംഭവിക്കുമ്പോഴോ അവര്‍ ദൈവത്തെ ചോദ്യം ചെയ്യുന്നു. ദൈവത്തെ നിഷേധിക്കുന്നു. അത്യന്തം ദയനീയമായ ഈ അവസ്ഥയെ മുന്‍കൂട്ടി കണ്ടുകൊണ്ടാണ് സഭാപ്രസംഗകന്‍ വിശദീകരണം നല്കിയിരിക്കുന്നത്. അത് ഇപ്രകാരമാണ്.
ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെയാണ് എന്ന് അറിയാത്തതുപോലെ സര്‍വത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികളും നീ അറിയുന്നില്ല.( സഭാ 11:5)
അതെ, നമ്മുടെ ബുദ്ധിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതും അദൃശ്യവുമായ ഒരുപാടു കാര്യങ്ങള്‍ ദൈവികപദ്ധതിയിലുണ്ട്. ഈ ലോകത്തില്‍ നടക്കുന്ന പല കാര്യങ്ങളുടെ പോലും യുക്തിസഹത നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. അപ്പോഴാണോ ദൈവികരഹസ്യങ്ങളും പ്രവൃത്തികളും? അതുകൊണ്ട് ദൈവികപ്രവൃത്തികള്‍ക്ക് പൂര്‍ണ്ണമായും കീഴടങ്ങി നമുക്ക് ദൈവത്തെ പുകഴ്ത്താം.