ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുക എന്നത് അത്യന്തം വേദനാകരമായ ഒരു അവസ്ഥയാണ്. ഒറ്റപ്പെട്ടുപോയവര്‍ക്ക് ഉള്ളുതുറന്ന് ചിരിക്കാന്‍ പോലും കഴിയാറില്ല. ചുറ്റിനുമുള്ളവര്‍ തങ്ങളുടെ ജീവിതത്തിന്റെ സന്തോഷവുമായി മുന്നോട്ടുപോകുമ്പോള്‍ ഒറ്റപ്പെട്ടുപോയവര്‍ ദു:ഖം താങ്ങി, ഏകാന്തരായി കഴിഞ്ഞുകൂടുന്നു. ഇത്തരമൊരു അവസ്ഥയെ ആത്മീയമായി നേരിടുക എന്നതാണ് വിശ്വാസികളെന്ന നിലയിലുള്ള നമ്മുടെ കടമ. ഇതിന് നമ്മെ സഹായിക്കുന്നത് പ്രാര്‍ത്ഥനയാണ്. ഉള്ളിലുള്ള ഏകാന്തതയുടെ കനത്ത ഇരുട്ടിനെ നമുക്ക് പ്രാര്‍ത്ഥനയുടെ വെളിച്ചം തെളിച്ച് അകറ്റാം. ഇതാ മനോഹരമായ ഒരു പ്രാര്‍ത്ഥന:
ഓ കര്‍ത്താവേ, അങ്ങയുടെ മഹാകാരുണ്യത്താല്‍ എന്റെ ആത്മാവിനെയും മനസ്സിനെയും കാത്തുരക്ഷിക്കണമേ. ഞാന്‍ ഇപ്പോള്‍ കടന്നുപോകുന്ന തീവ്രമായ ഒറ്റപ്പെടലിന്റെ, ഏകാന്തതയുടെ, ആരുമില്ലാ്ത്തതിന്റെ എല്ലാ അവസ്ഥകളെയും അങ്ങേയ്ക്ക് സമര്‍പ്പിക്കുന്നു. എനിക്കുവേണ്ടികൂടിയാണ് അ്ങ്ങ് കുരിശിലേറിയതെന്നും പീഡാസഹനത്തിലൂടെ ഉത്ഥാനം ചെയ്തതെന്നും ഞാന്‍ വിശ്വസിക്കുന്നു. എന്റെ ജീവിതത്തിലെ എല്ലാ നിരാശകളെയും അകറ്റാന്‍ അങ്ങയുടെ സ്‌നേഹസാന്നിധ്യത്തിന് സാധിക്കുമെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.
അങ്ങയുടെ വെളിച്ചം കൊണ്ട് എന്റെ ആത്മാവിനെ പ്രകാശിപ്പിക്കണമേ. എന്നെ അസ്വസ്ഥപ്പെടുത്തുന്നതെല്ലാം അങ്ങയുടെ സ്‌നേഹം കൊണ്ട് ഇല്ലാതാക്കണമേ. അങ്ങേ സ്‌നേഹവും കരുണയും എനിക്ക് നല്കണമേ. എന്റെ ഏകാന്തതയിലേക്ക് അങ്ങ് കൂട്ടായി കടന്നുവരണമേ. അങ്ങയെ പൂര്‍ണ്ണമായും സ്‌നേഹിക്കാനും അവിടുത്തോടൊത്തായിരിക്കാനും എന്നെ സഹായിക്കണമേ. അങ്ങയെക്കുറിച്ചുള്ള ഓര്‍മ്മ ഇല്ലാതെപോയതും അങ്ങയുടെ സാന്നിധ്യത്തെക്കുറിച്ചു വിസ്മരിച്ചുപോയതുമാണ് എന്റെ ഏകാന്തതയ്ക്ക് കാരണമായതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആരൊക്കെ എന്നെ ഉപേക്ഷിച്ചുപോയാലും അങ്ങ് മാത്രമെന്റെ സുഹൃത്തായി ഉണ്ടാകണേ.. മറ്റുള്ളവരെല്ലാം പൊയ്‌ക്കോട്ടെ. എനിക്ക് അങ്ങ് മാത്രം മതി.. അങ്ങ് മാത്രം. ഓ എന്റെ ഈശോയേ, ഓ എന്റെ സ്‌നേഹിതാ.. ഓ എന്റെ പ്രിയനേ ഞാന്‍ നിന്റെ അരികിലായി ചേര്‍ന്നിരിക്കട്ടെ. ആമ്മേന്‍.