സ്‌റ്റോക്ക്‌ഹോം: ഈസ്റ്റര്‍ ദിനം സ്വീഡനിലെ സ്‌റ്റോക്ക് ഹോം കത്തീഡ്രല്‍ വിശ്വാസികളെകൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.യുക്രെയ്ന്‍ കത്തോലിക്കരായിരുന്നു ദേവാലയം നിറഞ്ഞുണ്ടായിരുന്നത്.
യുക്രെയ്‌നിലെ യുദ്ധാന്തരീക്ഷവും ദുരിതങ്ങളും ദൈവത്തിലുള്ള വിശ്വാസത്തില്‍ നിന്ന് തങ്ങളെ അകറ്റുന്നില്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു ഇവര്‍. പള്ളിക്ക് വെളിയില്‍ പോലും വിശ്വാസികള്‍ നിറഞ്ഞിട്ടുണ്ടായിരുന്നു. സ്വീഡനിലെ ഏക കത്തോലിക്കാ രൂപതയാണ് യുക്രെയ്‌നിയന്‍ കത്തോലിക്കാ മിഷന്‍.
ഫെബ്രുവരി 24 മുതല്‍ 33,100 യുക്രെയ്ന്‍ പൗരന്മാരാണ് സ്വീഡനിലേക്ക് അഭയാര്‍ത്ഥികളായി ചേക്കേറാന്‍ രജിസ്ട്രര്‍ ചെയ്തിരിക്കുന്നതെന്ന് സ്വീഡീഷ് മൈഗ്രേഷന്‍ ഏജന്‍സി പറയുന്നു. കത്തീഡ്രല്‍ നിറഞ്ഞുകവിഞ്ഞ് വെളിയില്‍ പോലും നില്ക്കുന്ന വിധത്തിലുള്ള കാഴ്ച ഇതിന് മുമ്പൊരിക്കലും താന്‍ കണ്ടിട്ടില്ലെന്ന് ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനായിരുന്ന കര്‍ദിനാള്‍ ആന്‍ഡ്രെസ് അര്‍ബോറിലസ് പറഞ്ഞു.
സ്വീഡനിലെ യുക്രെയ്ന്‍കാര്‍ ഒരിക്കലും ഒറ്റക്കല്ലെന്നും അവരെ അനാഥരാക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ വേദനയോടെയാണ് തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കാനായി അവരെത്തിയത്. എന്നാല്‍ ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക്‌ശേഷം അവരുടെ മുഖത്ത് പ്രകാശമുണ്ടായിരുന്നു. മരണത്തിനും തിന്മയ്ക്കുംമേല്‍ ജീവന്‍ വിജയം വരിച്ച ദിനമാണല്ലോ ഈസ്റ്റര്‍. അദ്ദേഹം അഭിപ്രായപ്പെട്ടു.
യുക്രെയ്‌നിലെ 80 ശതമാനവും ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്തവരാണ്. 9 ശതമാനം ഗ്രീക്ക് കത്തോലിക്കരും.