കത്തോലിക്കാ സഭ തിരുരക്തത്തിന്‍റെ വണക്കത്തിനായി  നീക്കിവെച്ചിരിക്കുന്ന മാസമാണ് ജൂലൈ.
1995  ൽ നൈജീരിയക്കാരനായ ബാർണബാസിന് ലോകം മുഴുവൻ ശക്തി പ്രാപിക്കന്ന തിന്മയുടെ  ശക്തികൾക്കെതിരെ പോരാടുന്നതിനായി  ഈശോയും പരിശുദ്ധ മറിയവും  വെളിപ്പെടുത്തിക്കൊടുത്ത വസ്തുതകളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ്  തിരുരക്ത ജപമാലയും അനുബന്ധ പ്രാർത്ഥനകളും.
2000  ജൂലൈ ഒന്നിന് പരിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ രക്തദാന സംഘടനകളേയും  തിരുരക്തത്തിനായി സമർപ്പിക്കപ്പെട്ട സന്യാസസമൂഹങ്ങളെയും കത്തോലിക്ക  സംഘടനകളേയും അഭിസംബോധന ചെയ്തു നടത്തിയ പ്രഭാഷണത്തിൽ തിരുരക്ത ഭക്തിയുടെ  പ്രാധാന്യം എടുത്തു പറയുകയും ചെയ്തു.
 ഇന്ന്  വിശുദ്ധ പദവി അലങ്കരിക്കുന്ന പാപ്പയുടെ വാക്കുകൾ അനുസരിച്ച് ലോകവ്യാപകമായി  തിരുരക്ത ഭക്തി ശക്തമായി പ്രചരിക്കുകയും ചെയ്യുന്നു..
മനുഷ്യകുലത്തെ  പാപത്തിന്റെയും പൈശാചിക ശക്തികളുടെയും ബന്ധനത്തിൽനിന്ന്  വിടുവിക്കുന്നതിനും വീണ്ടെടുക്കുന്നതിനും വേണ്ടിയാണ് യേശുനാഥൻ  കാൽവരി  കുരിശിൽ രക്തം ചിന്തി ബലിയായത്. “ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി  ചിന്തപ്പെടുന്നതും ഉട മ്പടിയുടേതുമായ എന്‍െറ രക്‌തമാണ്.”(മത്തായി 26 : 28 ).
അവസാന  അത്താഴ സമയത്ത്  ഈശോ തന്റെ ശരീരം വാങ്ങി ഭക്ഷിക്കാനും രക്തം വാങ്ങി  പാനംചെയ്യുന്നതിനും  ശിഷ്യരോടും അതുവഴി യേശുവിന്റെ മൗതികശരീരത്തിൽ  അംഗമായിട്ടുള്ളതും വിശുദ്ധ കുർബാനയിൽ പങ്കുചേരുകയും ചെയ്യുന്ന എല്ലാ  വിശ്വാസികളോടും ചെയ്ത ഉടമ്പടിയാണിത്.. എന്റെ നാമത്തിൽ നിങ്ങൾ ഒന്നിച്ചു  കൂടുമ്പോൾ  ഇത് നിങ്ങൾ എന്റെ ഓർമ്മയ്ക്കായി ചെയ്യുവിൻ എന്നാണ് ഈശോ പറഞ്ഞത്.  (രണ്ടു വ്യക്തികൾ തമ്മിൽ ഒപ്പുവയ്ക്കുന്ന ഉടമ്പടി ഒരാളുടെ മാത്രം  തീരുമാനമനുസരിച്ച് മാറ്റിമറിക്കാൻ നാട്ടിലെ നിയമം പോലും അനുവദിക്കുന്നില്ല  എന്നത് ഓർക്കുക).
 
തിന്മയുടെ  ബന്ധനങ്ങളിൽനിന്ന് വിമുക്തി നേടുന്നതിനും പരിരക്ഷ ഉറപ്പാക്കുന്നതിനും  തിരുരക്തം പാനം ചെയ്യണമെന്ന് ഈശോ തറപ്പിച്ച് പറയുന്നു.  യോഹന്നാന്റെ  സുവിശേഷത്തിൽ നാലു പ്രാവശ്യം എടുത്തുപറയുന്ന ഒരു കാര്യമാണിത്.
“യേശു  പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍  മനുഷ്യപുത്രന്‍റെ ശരീരം ഭക്‌ഷിക്കുകയും അവന്‍റെ രക്‌തം പാനംചെയ്യുകയും  ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ക്കു ജീവന്‍ ഉണ്ടായിരിക്കുകയില്ല.എന്‍റെ ശരീരം ഭക്‌ഷിക്കുകയും എന്‍റെ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവസാന ദിവസം ഞാന്‍ അവനെ ഉയിര്‍പ്പിക്കും.എന്തെന്നാല്‍, എന്‍റെ ശരീരം യഥാര്‍ഥ ഭക്‌ഷണമാണ്. എന്‍റെ രക്‌തം യഥാര്‍ഥ പാനീയവുമാണ്.എന്‍െറ ശരീരം ഭക്‌ഷിക്കുകയും എന്‍െറ രക്‌തം പാനം ചെയ്യുകയും ചെയ്യുന്നവന്‍ എന്നിലും ഞാന്‍ അവനിലും വസിക്കുന്നു.”(യോഹന്നാന്‍  6 : 53-56)
ചില കാര്യങ്ങൾ പ്രാധാന്യത്തോടെ പറയുമ്പോൾ ഈശോ വാക്കുകൾ  ആവർത്തിക്കുന്നത് കാണാം. ഉദാ: സത്യം സത്യമായി.. അങ്ങനെയെങ്കിൽ നാലു  പ്രാവശ്യം തുടർച്ചയായി എടുത്തു പറയുമ്പോൾ അത് എത്രമാത്രം  പ്രാധാന്യമുള്ളതാണ് എന്ന് ചിന്തിക്കുക.അതു കൊണ്ടാകാം പൗലോസ് ശ്ലീഹ തന്റെ ലേഖനത്തിൽ യേശുവിന്റെ ഈ വാക്കുകൾ നാലു തവണ  ആവർത്തിച്ച് വ്യക്തമാക്കുന്നത്.(1 കൊറിന്തോസ് 11:23-30 വരെ വാചകങ്ങൾ ).
 
വിശുദ്ധ  കുർബാന യിലൂടെയാണ് നമുക്ക് യേശുവിന്റെ ശരീരവും രക്തവും ഭക്ഷണപാനീയങ്ങളായി  ഇപ്പോൾ ലഭിക്കുന്നത്.  എന്നാൽ യേശുവിനെ ദൈവശാസ്ത്രമെന്ന ചെറിയ പാത്രത്തിൽ  ഒതുക്കാനുള്ള ശ്രമത്തിന്റെ ഫലമായി ശരീരത്തിൽതന്നെ രക്തം ഉണ്ട് എന്നു  വാദിക്കുകയും ദിവ്യബലി മധ്യേ വിശ്വാസികൾക്ക് തിരുരക്തം നൽകിയിരുന്ന  പാരമ്പര്യം ഇല്ലാതാക്കുകയും ചെയ്തു.
 
 
 പ്രഥമവും  പ്രധാനവുമായി പൈശാചിക ശക്തികൾ നമ്മുടെ സമൂഹത്തിൽ വേരുറപ്പിക്കാൻ  പ്രധാനകാരണം കാൽവരിയിൽ യേശു ചിന്തിയ തിരുരക്തത്തോടുള്ള ഉള്ള അനാദരവും  അവമതിയും തന്നെയാണ്. 
 
ഇനിയെങ്കിലും  ഇത് തിരിച്ചറിയുകയും അർപ്പിക്കപ്പെടുന്ന ദിവ്യബലിയിൽ പങ്കുചേരുന്ന എല്ലാ  വിശ്വാസികൾക്കും സമയനഷ്ടം നോക്കാതെ അപ്പത്തിന്റേയും വീഞ്ഞിന്റെയും  സാദൃശ്യത്തിൽ  ഈശോയുടെ ശരീരവും രക്തവും നൽകാൻ ബലിയർപ്പിക്കുന്ന പുരോഹിതൻ  തയ്യാറാവണം.
 
 ദുഃഖവെള്ളിയാഴ്ച  മാത്രം തീവ്രമായി ചിന്തിക്കുകയും പ്രസംഗിക്കുകയും ചെയ്യേണ്ട ഒരു വിഷയമല്ല  ഈശോയുടെ തിരുരക്തം. അർപ്പിക്കപ്പെടുന്ന ബലികളിൽ പങ്കെടുക്കുന്ന  വിശ്വാസികൾക്കെല്ലാം പകർന്നു നൽകപ്പെടേണ്ടതും യേശു നൽകുന്നതുമായ രക്ഷാകവചം  കൂടിയാണിത്.
 
പൂർണമായ ബോധ്യത്തോടെ വിശുദ്ധ കുർബ്ബാനയിൽ പങ്കെടുക്കുകയും യേശുവിന്റെ ശരീരവും രക്തവും ഉൾക്കൊള്ളുകയും ചെയ്യുകയാണെങ്കിൽ കുടുംബങ്ങൾ അനുഭവിക്കുന്ന തകർച്ചകളിൽ നിന്നും മോചനം ഉണ്ടാകും. വൈദികരും സന്യസ്തരും ഉൾപ്പെടെയുള്ളവർ അനുഭവിക്കുന്ന രോഗപീഡകളിൽ നിന്നും വിടുതൽ ഉണ്ടാവും. ഈയൊരു ഉറപ്പാണ് യോഹന്നാന്റെ സുവിശേഷത്തിലൂടെ ഈശോതന്നെ നമുക്ക് നൽകുന്നത് .
ഇത് മനുഷ്യ ബുദ്ധിയിൽ രൂപപ്പെട്ടുവരുന്ന ദൈവശാസ്ത്രത്തിൽ ഒതുക്കാവുന്നതല്ല. തന്റെ ശരീരവും രക്തവും വേറെ വേറെ എടുത്തു വാഴ്ത്തി വിഭജിച്ചു നൽകിയ യേശുവിന് ഇല്ലാതിരുന്ന ഒരു ശാസ്ത്രം നാം കൊണ്ടു നടക്കണമോ എന്ന് യേശുവിനായി സമർപ്പിതരായ വൈദികർ ചിന്തിക്കണം. ദൈവത്തെ മനുഷ്യ ബുദ്ധിയിൽ ഒതുക്കുകയല്ല മനുഷ്യനെ ദൈവികശക്തിയിലേക്ക് ഉയർത്തുകയാണ് ചെയ്യേണ്ടത് .അതിന് ഒരുവനെ ശാരീരികമായും ആത്മീയമായും ജീവനുള്ളവനാക്കുന്നതിനുവേണ്ടി യേശു തന്നെ പകർന്നുനൽകിയ ഭക്ഷണ,പാനീയങ്ങൾ വിശ്വാസികൾക്കു നൽകാൻ ബലിയർപ്പിക്കുന്ന പുരോഹിതൻ സമയം കണ്ടെത്തണം.
 നിത്യപുരോഹിതനായ യേശുവിന്റെ  പൗരോഹിത്യത്തിൽ പങ്കുചേരുന്ന പുരോഹിതന്റെ പ്രഥമവും പ്രധാനവുമായ കടമയും  ദൗത്യവുമാണിത് എന്ന് മറക്കാതിരിക്കുക.. 
 
യേശുവിന്റെ തിരുഹൃദയം.. കരുണ നിറഞ്ഞ ഹൃദയം…യേശുവിൽ നിന്നൊഴുകുന്ന തിരുരക്തം നമ്മെ എല്ലാ മാലിന്യങ്ങളിൽ നിന്നും വിമുക്തമാക്കട്ടെ…തിരുരക്ത ഭക്തിയുടെ പ്രചാരകരാകാം… പങ്കു വെക്കാം.. യേശുവിന്റെ അനുഗ്രഹം ധാരാളമായി നേടിയെടുക്കാം..
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ.
പ്രേംജി മുണ്ടിയാങ്കൽ