പെന്തക്കോസ്ത് സഭാ വിഭാഗത്തില്‍ നിന്ന് സകുടുംബം കത്തോലിക്കാസഭയിലേക്കുള്ള പാസ്റ്റര്‍ സജിത് ജോസഫിന്റെ കടന്നുവരവ് കുറെക്കാലം മുമ്പ് കേരളസഭയിലെ വലിയൊരു വാര്‍ത്തയായിരുന്നു. തുടര്‍ന്ന് ബ്ര.സജിത്തിന്റെ വിവിധ ശുശ്രൂഷകള്‍ക്കാണ് കത്തോലിക്കാസഭാവിശ്വാസികള്‍ സാക്ഷ്യം വഹിച്ചത്. സമാനതകളില്ലാത്ത വിധത്തിലുള്ള ശുശ്രൂഷകളുമായി സജിത് അഭിഷേകത്തോടെ മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് അശിനിപാതം പോലെ ഒരു വീഡിയോവൈറലായത്. വിശ്വാസികളെ ഒന്നടങ്കം ആശയക്കുഴപ്പത്തിലാക്കിയ ആ വീഡിയോയുടെ ഇതിവൃത്തം ബ്ര.സജിത്തിന്റെ രോഗശാന്തികള്‍ വെറും തട്ടിപ്പാണെന്നായിരുന്നു. മറുനാടന്‍ മലയാളിയുടെ സാരഥി ഷാജന്‍ സ് കറിയ ആയിരുന്നു വീഡിയോയ്ക്ക് പിന്നിലുണ്ടായിരുന്നത്.
കരിസ്മാറ്റിക് ശുശ്രൂഷയുടെ പ്രധാനഭാഗമായ രോഗശാന്തി ശുശ്രൂഷയുടെവിശ്വാസ്യതയെ ചോദ്യം ചെയ്തുകൊണ്ടുള്ള ആ വീഡിയോഅനേകരില്‍ ഇടര്‍ച്ചകള്‍്ക്ക് വഴിതെളിച്ചുവെന്നതാണ് അതുകൊണ്ടുണ്ടായ ഏകഫലം. എങ്കിലും വീഡിയോയിലെ ആരോപണത്തിന് മറുപടിയായി തന്റെ ശുശ്രൂഷയില്‍ പങ്കെടുത്തതുവഴി രോഗസൗഖ്യം ലഭിച്ച അധ്യാപികയെ സജിത് നേരില്‍ ചെന്നുകാണുകയും തന്റെ ഭാഗം വിശദീകരിച്ചുകൊണ്ട് വീഡിയോ പുറ്ത്തുവിടുകയും ചെയ്തു. കത്തോലിക്കാസഭയിലെ ഒരു പ്രമുഖ ഞായറാഴ്ച പത്രം ബ്ര.സജിത്തിനെ ന്യായീകരിച്ചുകൊണ്ട് എഡിറ്റോറിയല്‍ എഴുതിയപ്പോള്‍ ഒരു കത്തോലിക്കാചാനല്‍ ബ്ര.സജിത്തിന്റെ അഭിമുഖംസംപ്രേഷണം ചെയ്തു. കേരളസഭയിലെ ഒരു പ്രമുഖ വൈദികനായിരുന്നു സജിത്തുമായുള്ള അഭിമുഖം നടത്തിയത്.
മറുപടികളും പ്രതികരണങ്ങളുമായി വിവാദം ഏറെക്കുറെ കെട്ടടങ്ങിയ അടുത്തയിടെയാണ്് ഷാജന്‍ സ്‌കറിയ തുടരെ തുടരെ മൂന്ന് വീഡിയോകള്‍ ബ്ര. സജിത്തിനെതിരെ വീണ്ടും പുറത്തിറക്കിയത്.
ആദ്യത്തെ വീഡിയോയില്‍ സജിത്തിന്റെ രോഗശാന്തിവരം തട്ടിപ്പാണെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച ഷാജന്‍ സ്‌കറിയ ഈ വീഡിയോകളിലൂടെ വിളിച്ചുപറഞ്ഞത് സജിത്തിന്റെ സാമ്പത്തികതട്ടിപ്പുകളെയും ആഡംബരജീവിതത്തെയും കുറിച്ചായിരുന്നു്. കോടിക്കണക്കിന് പണം മുടക്കി സജിത്ത് നിര്‍മ്മിച്ച കൊട്ടാരസദൃശ്യമായ വീടുകളും ഇടുക്കി പരുന്തുംപാറയിലെ റിസോര്‍ട്ടും കണ്ട് അനേകായിരങ്ങള്‍ ഞെട്ടിപ്പോയി. ഷാജന്‍സ്‌കറിയ പറയുന്നതെല്ലാം സത്യമാണോ അതോ നുണയാണോ എന്ന് അറിയാതെവിഷമിച്ച അനേകായിരങ്ങള്‍ ഇവിടെയുണ്ട്.
ചാനലുകളിലെ അഭിമുഖങ്ങളിലൂടെയും പ്രസംഗങ്ങളിലൂടെയും സജിത്ത് പറഞ്ഞത് വിശ്വസിക്കണോ അതോ മറുനാടന്‍ ഷാജന്‍ പറഞ്ഞത് വിശ്വസിക്കണോ എന്ന് അമ്പരന്നുനില്ക്കുന്ന ഒരുപാടു പേരെ ഈ ദിവസങ്ങളില്‍ കാണാനിടയായിട്ടുണ്ട്.വെറും സാധാരണക്കാരാണ് അവര്‍. സഭയുടെ ഭാഗമായി നില്ക്കുകയും ക്രിസ്തുവിനെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍. അവരുടെ ഭാഗത്തു നിന്നുകൊണ്ട്, അവരുടെ അഭിപ്രായം കടമെടുത്തുകൊണ്ടാണ് ഇനി ചിലകാര്യങ്ങള്‍ പറയാന്‍ പോകുന്നത്.
കൃത്രിമവും വ്യാജവുമായ രേഖകളുണ്ടാക്കി തന്നെ അപമാനിക്കാനാണ് ഷാജന്‍ സ്‌കറിയ ശ്രമിക്കുന്നതെന്ന് ഉത്തമബോധ്യമുണ്ടെങ്കില്‍, അത് തെളിയിക്കാന്‍ രേഖകളുണ്ടെങ്കില്‍ ബ്ര.സജിത്ത് ഷാജന്‍ സ്‌കറിയ്‌ക്കെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കണം. ഏതു നുണയും സത്യംപോലെ സ്ഥാപിക്കാനുള്ള സാമര്‍ത്ഥ്യവും ഒരു മാധ്യമവുമുണ്ടെന്നുകരുതി സത്യസന്ധതയോടെസുവിശേഷവേല ചെയ്യുന്നവര്‍ക്കെതിരെ കള്ളക്കഥകള്‍ മെനഞ്ഞ് വിശ്വാസികളില്‍ ഒതപ്പുണ്ടാക്കുന്നത് ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. മറ്റൊരാളുടെ ഇടര്‍ച്ചയ്ക്ക് കാരണക്കാരാകുന്നത് ആരോ അവര്‍ക്ക് ദുരിതം എന്നാണല്ലോ തിരുവചനം പറയുന്നത്. കഴുത്തില്‍ തിരികല്ലു കെട്ടി കടലില്‍ താഴ്ത്തപ്പെടുന്നതായിരിക്കും അവര്‍ക്ക് നല്ലതെന്നും വചനം ഓര്‍മ്മപ്പെടുത്തുന്നുണ്ട്.ഇവിടെ ആരാണ് നിഷ്‌ക്കളങ്കരായവിശ്വാസികള്‍ക്ക് ഇടര്‍ച്ചയും ഒതപ്പും ഉണ്ടാക്കിയിരിക്കുന്നത്. സജിതോ ഷാജനോ.. ഇതിനുള്ളമറുപടി അവര്‍ സ്വന്തം മനസ്സാക്ഷിയോട് ചോദിച്ചുകണ്ടെത്തട്ടെ. വിശ്വാസികളുടെ മനസ്സില്‍ ഉരുത്തിരിഞ്ഞ സംശയങ്ങള്‍ ദൂരീകരിക്കാനുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തം സജിത്തിനുണ്ട്. സജിത്തിന്റെ നിശ്ശബ്ദത ഒരുപാടുപേരുടെ സംശയം വര്‍ദ്ധിപ്പിക്കുന്നുണ്ട്. സജിത്തിന് മാത്രം തീര്‍ക്കാവുന്ന സംശയങ്ങളാണ് അവ. അതുകൊണ്ട് സജിത്ത് ഇനിയെങ്കിലുംസംസാരിക്കണം. അതല്ല ഇനിയും നിശ്ശബ്ദനാകാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ഇവിടെ കളങ്കപ്പെടുന്നത് സജിത്ത് മാത്രമല്ല സഭയും ശുശ്രൂഷകളും കൂടിയാണ്.
ആരുടെയും ഉദരപൂരണത്തിനോ ആഡംബരപൂര്‍ണ്ണമായ ജീവിതത്തിനോ ഉളള വരുമാനമാര്‍ഗ്ഗമല്ല സുവിശേഷപ്രഘോഷണം. സജിത്തിനെ പോലെ ശുശ്രൂഷ അതിമനോഹരമായി നടത്താന്‍ കഴിയില്ലെങ്കിലും ക്രിസ്തുവില്‍ വിശ്വസിച്ചുകൊണ്്ട് തന്റേതായരീതിയില്‍ സുവിശേഷവേല ചെയ്യുന്ന നിരവധി സാധാരണക്കാര്‍ നമുക്ക് ചുറ്റിനുമുണ്ട്.അവരുടെ സത്യസനധതയെ മറ്റുളളവര്‍ക്ക് പരിഹസിക്കാനായി സജിത്ത് വലിച്ചെറിഞ്ഞിട്ടു കൊടുക്കരുത്.
തുടക്കം മുതല്‍ രക്തസാക്ഷിത്വത്തിന്റെ വിളഭൂമിയിലാണ് സഭ വളര്‍ന്നത്. ജീവനോ സ്വത്തോ ആയിരുന്നു വലുതെങ്കില്‍ ഇന്നും മിഡില്‍ ഈസ്റ്റിലുള്ളക്രൈസ്തവര്‍ കൂട്ടക്കൊല ചെയ്യപ്പെടുകയോപലായനം ചെയ്യുകയോ ഇല്ലായിരുന്നു. എല്ലാറ്റിനെയുംകാള്‍ സഭയാണ്,ക്രിസ്തുവാണ് വലുതെന്ന ബോധ്യമാണ്അവരെ സഹനങ്ങള്‍ ഏറ്റെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. സിംഹങ്ങളുടെ വായിലേക്കും അഗ്‌നിയിലേക്കും വലിച്ചെറിയപ്പെട്ട ആദിമസഭയിലെരക്തസാക്ഷികളുടെ ചരിത്രം പറയുന്നതും മറ്റൊന്നല്ല. ഇങ്ങനെ വളര്‍ന്നസഭയിലാണ് മേല്‍്പ്പറഞ്ഞ വിധത്തിലുള്ള അപചയങ്ങള്‍ എന്നത് അംഗീകരിക്കാനാവില്ല.
പണത്തിന് വേണ്ടി ക്രിസ്തുവിനെ ഒറ്റുകൊടുത്തയൂദാസിന് സംഭവിച്ചത് എന്തെന്ന് നമുക്കറിയാം. ഇന്നും ക്രിസ്തുവിനെ ആരെങ്കിലും ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നതെങ്കില്‍അവര്‍ക്കുംനാളെ സംഭവിക്കാനിരിക്കുന്നത് അതേ ദുരന്തം തന്നെയായിരിക്കും. അക്കാര്യത്തില്‍ ഒരു സംശയവുമില്ല.
ബ്ര.സജിത്തിന്റെ ശുശ്രൂഷകളുടെ നേരെ പൊതുസമൂഹം നെറ്റി ചുളിച്ചു നോക്കുന്ന ഈ അവസരത്തില്‍ സഭയുടെ ക്രിയാത്മകമായഇടപെടലും വിശദീകരണവും സാധാരണക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ ആശയക്കുഴപ്പം പരിഹരിക്കാന്‍ സഭാധികാരികള്‍ വിശദീകരണവും വ്യാഖ്യാനവും നല്‌കേണ്ടതുണ്ട്.അതിലൂടെ ഒരേസമയം സജിത്തിനോടും വിശ്വാസികളോടും തങ്ങള്‍ക്കുള്ള ധാര്‍മ്മികമായ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ സഭ സന്നദ്ധമാകണം, മാത്രവുമല്ല വിശ്വാസികളുടെ ആശയക്കുഴപ്പം പരിഹരിക്കാന്‍ സജിത്തിനെ പിന്തുണയ്ക്കുന്ന എല്ലാവര്‍ക്കും അവകാശമുണ്ട്.
ഉചിതമായ തീരുമാനമെടുക്കാന്‍ സജിത്തിനെ ദൈവം സഹായിക്കട്ടെ. സജിത്തിന് വേണ്ടി നമുക്ക് പ്രാര്‍ത്ഥിക്കാം.
ആരൊക്കെ വീണാലും സഭയെന്നും വാഴും.പക്ഷേ സഭയുടെ മുഖംവികൃതമാക്കാന്‍ കൂട്ടുനില്ക്കുകയില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ
ഫാ.ടോമി എടാട്ട്
ചീഫ് എഡിറ്റര്‍