കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയ്ക്കുവേണ്ടി വ്യത്യസ്ത ആരാധനക്രമ രീതി തള്ളിക്കളയുന്നുവെന്ന് പൗരസ്ത്യസഭകള്‍ക്കായുളള വത്തിക്കാന്‍ കാര്യാലയം എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് അയച്ച കത്തില്‍ വ്യക്തമാക്കി. ഈ മാസം 20 ന് പൗരസ്ത്യസഭകള്‍ക്കായളള വത്തിക്കാന്‍ കാര്യാലയം പ്രിഫെക്ട് കര്‍ദിനാള്‍ ലെയണാര്‌ദോ സാന്ദ്രി ആര്‍ച്ച് ബിഷപ് സെക്രട്ടറി ജോര്‍ദോ ദെമെത്രിയോ ഗല്ലാറോ എന്നിവരാണ് കത്തയച്ചിരിക്കുന്നത്.
ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ സിനഡ് തീരുമാനപ്രകാരമുളള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന് അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അതിരൂപതയിലെ പള്ളികളില്‍ ഒക്ടോബര്‍ ഒമ്പത് ഞായറാഴ്ച വായിക്കാനായി ഇതുസംബന്ധിച്ച് ആര്‍ച്ച് ബിഷപ് താഴത്ത് സര്‍ക്കുലര്‍ പുറത്തിറക്കി. സിനഡ് തീരുമാനം അനുസരിച്ചുള്ള ഏകീകൃത രീതി വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ പാലിക്കണമെന്ന് സര്‍്ക്കുലര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സക്രാരിയുടെ സ്ഥാനം, ജപമാല,കുരിശിന്റെ വഴി തുടങ്ങിയ സഭ അംഗീകരിച്ച എല്ലാ ഭക്താഭ്യാസങ്ങളും അതേപടി തുടരുമെന്നും സര്‍ക്കുലറില്‍ അറിയിച്ചു.