ഹൂസ്റ്റണ്‍: ജീവിതത്തിലെ ഇരുള്‍ മൂടിയ ദിനങ്ങളിലാണ് ക്രിസ്തുവിനെ അറിഞ്ഞതെന്നും അന്നുമുതല്‍ ജീവിതത്തിലേക്ക് പ്രകാശം കടന്നുവന്നുവെന്നും ക്രിസ്റ്റീന മോഹിനി. സീറോ മലബാര്‍ നാഷനല്‍ കണ്‍വന്‍ഷനില്‍ ജീവിതസാക്ഷ്യം പങ്കുവക്കുകയായിരുന്നു മുന്‍ ചലച്ചിത്രതാരം കൂടിയായ മോഹിനി.
ആദ്യ പ്രസവം കഴിഞ്ഞ ഇരുപത്തിനാലാം വയസു മുതല്‍ സ്‌പോണ്ടിലോസിസ് രോഗം പിടികൂടിയെന്നും തുടര്‍ന്ന് വിഷാദവും ഏകാന്തതയും ചേര്‍ന്ന് ജീവിതത്തെ വരിഞ്ഞുമുറുക്കിയെന്നും പഴയകാലത്തിന്റെ ഓര്‍മ്മകള്‍ താരം പങ്കുവച്ചു. അന്നത്തെ ദിനങ്ങളില്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിട്ടുണ്ട്. ആ ദിനങ്ങളിലാണ് ബൈബിളുമായി പരിചയത്തിലാകുന്നത്.
തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച മോഹിനിക്ക് ബൈബിളും ക്രിസ്തുവും പുതിയൊരു അത്ഭുതമായിരുന്നു. ബൈബിള്‍ വഴി ക്രിസ്തുവിലേക്കും അവിടെ നിന്ന് ദിവ്യകാരുണ്യാനുഭവത്തിലേക്കും ജീവിതം വഴി മാറി. ജപമാലയും ദൈവമാതൃസ്തുതികളും ജീവിതത്തിന്റെ ഭാഗമായി. പതുക്കെപതുക്കെ തന്നെപിടികൂടിയിരുന്ന വിഷാദത്തിന്റെയും രോഗത്തിന്റെയും ദു:ഖത്തിന്റെയും അരൂപികള്‍ വിട്ടുപോകുകയും ജീവിതം പ്രകാശമാനമാവുകയും ചെയ്തു.
പരിശുദ്ധ അമ്മയിലൂടെയാണ് താന്‍ ഈശോയുടെ വഴിയിലെത്തിയതെന്നും മോഹിനി സാക്ഷ്യപ്പെടുത്തി. മുന്‍ചലച്ചിത്രതാരത്തിന്റെ ജീവിതസാക്ഷ്യം അത്ഭുതാദരവോടെയാണ് സദസ് കേട്ടിരുന്നത്.
ഇന്ന് സുവിശേഷപ്രഘോഷണ വേദിയില്‍ സജീവസാക്ഷ്യമാണ് മോഹിനി.