വിശുദ്ധ കുര്‍ബാനയെ വിളിക്കുന്ന മറ്റ് പേരുകളോ? വിശുദ്ധ കുര്‍ബാനയ്ക്ക് മറ്റ് പേരുകളുണ്ടെന്നോ? തീര്‍ച്ചയായും വിശുദ്ധ കുര്‍ബാന മറ്റ് പല പേരുകളിലും കൂടി അറിയപ്പെടുന്നുണ്ട്. ഏതൊക്കെയാണ് ആ പേരുകളെന്നും എന്തുകൊണ്ടാണ് അവ അങ്ങനെ അറിയപ്പെടുന്നതെന്നും നമുക്ക് നോക്കാം.
ദൈവത്തോടുളള കൃതജ്ഞതാപ്രകടനമായതിനാല്‍ കൃതജ്ഞതാസ്‌തോത്രം എന്ന് വിശുദ്ധ കുര്‍ബാന വിളിക്കപ്പെടുന്നു.
കര്‍ത്താവ് തന്റെ പീഡാനുഭവത്തിന്റെ തലേരാത്രിയില്‍ ശിഷ്യന്മാരോടൊപ്പം കഴിച്ച അത്താഴവുമായി ബന്ധമുളളതിനാല്‍ കര്‍ത്താവിന്റെ അത്താഴം എന്നും പേരുണ്ട്.
ഭക്ഷണമേശയിലെന്ന പോലെ അന്ത്യഅത്താഴത്തില്‍ യേശു അപ്പം ആശീര്‍വദിക്കുകയും വിളമ്പുകയും ചെയ്തതുകൊണ്ട് അപ്പം മുറിക്കല്‍ എന്നാണ് മറ്റൊരു പേര്.
സഭയുടെ ദൃശ്യാവിഷ്‌ക്കാരമായ വിശ്വാസികളുടെ സമ്മേളനത്തില്‍ സ്‌തോത്രയാഗം ആഘോഷിക്കപ്പെടുന്നതിനാല്‍ വിശുദ്ധ കുര്‍ബാന സ്‌തോത്രയാഗ സമ്മേളനമായി അറിയപ്പെടുന്നു.
വിശുദ്ധബലി, വിശുദ്ധവും ദൈവികവുമായ ആരാധന,വിശുദ്ധ കൂട്ടായ്മ, ദിവ്യപ്രേഷണം എന്നീ പേരുകളിലും വിശുദ്ധ കുര്‍ബാന വിശേഷിപ്പിക്കപ്പെടുന്നു.