2013 മുതല്‍ 2024 വരെയുള്ള പൊന്തിഫിക്കേറ്റില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചവരുടെ എണ്ണം റിക്കാര്‍ഡിലേക്ക്. 912 പേരെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇതുവരെ വിശുദ്ധരായി ഉയര്‍ത്തിയിട്ടുളളത്. ഇതില്‍ ഏറ്റവും ഒടുവിലത്തേത് മാമ അന്തൂല എന്ന് അറിയപ്പെടുന്ന മരിയ അന്തോണിയോ ഡി പാസാണ്. അര്‍ജന്റീനക്കാരിയായ വിശുദ്ധ,പാപ്പായുടെ നാട്ടുകാരിയാണെന്ന പ്രത്യേകതയുമുണ്ട്.
2013 മുതല്ക്കുളള വിശുദ്ധരുടെ നാമകരണനടപടികളുടെ ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യം ഇറ്റലി കഴിഞ്ഞാല്‍ ഈ കാലത്ത് ഏറ്റവും കൂടുതല്‍ വിശുദ്ധരുണ്ടായിട്ടുള്ളത് ബ്രസീലില്‍ നിന്നാണെന്നാണ്. 31 പേര്‍. ജോണ്‍ ഇരുപത്തിമൂന്നാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, പോള്‍ ആറാമന്‍, മദര്‍ തെരേസ, ആര്‍ച്ച് ബിഷപ് ഓസ്‌ക്കാര്‍ റൊമേറോ, കര്‍ദിനാള്‍ ന്യൂമാന്‍, ചാള്‍സ് ഫൂക്കോള്‍ഡ്, ദേവസഹായം പിള്ള എന്നിവരെയെല്ലാം വിശുദ്ധരാക്കി ഉയര്‍ത്തിയത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.
വിശുദ്ധ കൊച്ചുത്രേസ്യായുടെ മാതാപിതാക്കളായ സെലിനെയും മാര്‍ട്ടിനെയും ഒരുമിച്ച് വിശുദ്ധപദവിയിലേക്കുയര്‍ത്തിയതും ഫാത്തിമാ ദര്‍ശകരായ ജസീന്തയെയും ഫ്രാന്‍സിസ്‌ക്കോയെയും വിശുദ്ധപദവിയിലേക്കുയര്‍ത്തിയതും ഫ്രാന്‍സിസ് മാര്‍പാപ്പയാണ്.