Tuesday, December 3, 2024
spot_img
More

    18-ബഹുമാനപ്പെട്ട ഡാനിയേൽ പൂവണ്ണത്തിൽ അച്ഛൻ നയിക്കുന്ന വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിന്റെ ക്രമമനുസരിച്ചുള്ള ദൈവമാതാവിന്റെ വിമല ഹൃദയ പ്രതിഷ്ടാ ഒരുക്കം

    ==========================================================================

    33 ദിവസത്തെ സമ്പൂർണ വിമലഹൃദയ പ്രതിഷ്ഠക്കുള്ള നിർദ്ദേശങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയ്യുക

    പതിമൂന്നാം ദിവസം മുതൽ പത്തൊൻപതാം ദിവസം വരെയുള്ള (രണ്ടാം ഘട്ടം ) ഒരുക്ക പ്രാർത്ഥനകൾ ചൊല്ലുവാൻ ഇവിടെ ക്ലിക് ചെയ്യുക

    ==========================================================================

    പതിനെട്ടാം ദിവസം


    2 -ാം ഘട്ടം – ആത്മജ്ഞാനം

    1. ക്രിസ്താനുകരണ വായന

    ന്യായവിധിയും പാപികൾക്കുള്ള ശിക്ഷയും.

    1. എല്ലാ കാര്യങ്ങളിലും നീ അന്ത്യം ഓർമ്മിക്കുക. അതിനിഷ്കർഷയുള്ള ന്യായാധിപന്റെ മുമ്പിലാണു നീ നിൽക്കുക. അവിടുന്നിൽനിന്ന് ആർക്കും ഒന്നും മറച്ചു വയ്ക്കാൻ കഴിയുകയില്ല. അവിടുന്ന് കൈക്കൂലി വാങ്ങുകയോ ഒഴിവുകഴിവു കേൾക്കുകയോ ചെയ്യുകയില്ല. എല്ലാ വിധികളും നീതിയുക്തമായിരിക്കുകയും ചെയ്യും. അവിടുത്തെ മുമ്പിൽ നീ എങ്ങനെ നില്ക്കും?

    ഹാ! മഹാ നിർഭാഗ്യനും ബുദ്ധിഹീനനുമായ പാപീ കോപിച്ചിരിക്കുന്ന ഒരു മനുഷ്യന്റെ മുഖത്തു നോക്കാൻ ഭയപ്പെടുന്ന നീ നിന്റെ സമസ്ത തെററുകളും അറിഞ്ഞി രിക്കുന്ന ദൈവത്തോട് എന്തുത്തരമാണു പറയുക? വിധിദിവസത്തിൽ മറ്റുള്ളവർക്കു വേണ്ടി ഒഴികഴിവു പറയാനോ വാദപ്രതിവാദം നടത്താനോ ആർക്കും സാധിക്കുകയില്ല. ഓരോരുത്തനും താന്താങ്ങളെക്കുറിച്ചു സമാധാനം ബോധിപ്പിക്കാൻ വേണ്ടുവോളമുണ്ടായിരിക്കും.

    ആകയാൽ ആ ദിവസത്തിനുവേണ്ടി നീ എന്താണ് ഒരുങ്ങാത്തത്. ഇന്നു നിന്റെ അദ്ധ്വാനത്തിനു മൂല്യമുണ്ട്; നിന്റെ കണ്ണുനീരു സ്വീകാര്യമാണ്; നിന്റെ നെടുവീർപ്പുകൾ കേൾക്കപ്പെടും; നിന്റെ അനുതാപം പാപങ്ങളെ പരിഹരിച്ചു നിന്നെ ശുദ്ധിയുള്ളവനാക്കും.

    1. ക്ഷമാശീലനായ മനുഷ്യൻ മഹത്തരവും രക്ഷാകരവുമായ ഒരു ശുദ്ധീകരണസ്ഥലത്താണു കഴിയുന്നത്. ദ്രോഹമേററിട്ടും അവൻ തന്റെ ക്ളേശത്തെപ്പററി ചിന്തിക്കാതെ അന്യന്റെ ദ്രോഹബുദ്ധിയെപ്പററി ഖേദിക്കുന്നു; തന്റെ ശത്രുക്കൾക്കുവേണ്ടി പ്രാർത്ഥിച്ച് അവരുടെ കുറ്റങ്ങൾ ഹൃദയപൂർവ്വം ക്ഷമിക്കുന്നു; അന്യരോടു ക്ഷമാപണം ചെയ്യാൻ താമസം വരുത്തുന്നില്ല; കോപിക്കുന്നതിനു പകരം സന്തോഷപൂർവ്വം കാരുണ്യം പ്രദർശിപ്പിക്കുന്നു തന്നോടുതന്നെ ബലം പ്രയോഗിച്ച് ജഡത്തെ അരുവിക്ക് നിശ്ശേഷം കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു. പാപങ്ങളിൽ നിന്ന് മോചനം പ്രാപിക്കുന്നതും ദുർഗ്ഗണങ്ങളെ നിർമ്മലമാക്കുന്നതും ഭാവിയിലേയ്ക്ക് നീട്ടി വയ്ക്കാതെ ഇപ്പോൾത്തന്നെ സാധിക്കുന്നതാണ് ഉത്തമം. ജഡത്തോട് നമുക്കുള്ള ക്രമരഹിതമായ സ്നേഹം നമ്മെ വാസ്തവത്തിൽ വഞ്ചിക്കുകയാണ്. –
    2. (നരകാഗ്നി നിന്റെ പാപങ്ങളെയല്ലാതെ മറെറന്തിനേയാണ് വിഴുങ്ങാനിരിക്കുന്നത്?

    നിന്നിൽത്തന്നെ ലാളിച്ച് എത്രയധികം നീ ജഡത്തെ പിന്തുടരുമോ അത്രയധികം പിന്നീടു നീ കഷ്ടപ്പെടും. ആ അഗ്നിക്ക് അങ്ങനെ വിറകുശേഖരിക്കുകയാണ്.

    ഒരുത്തൻ ഏതു വിഷയത്തിൽ അധികം പാപം ചെയ്തുവോ, ആ വിഷയത്തിൽത്തന്നെ കഠിനശിക്ഷയും അനുഭവിക്കും. അലസർ ചുട്ട ഇരുമ്പാണികളാൽ കുത്തിത്തുളയ്ക്കപ്പെടും; ഭോജനപ്രിയർ വിശപ്പും ദാഹവും കൊണ്ടു മർദ്ദിക്കപ്പെടും. ജഡമോഹികളും വിഷയലമ്പടന്മാരും വെന്തുരുകുന്ന
    കീലിലും ദുർഗ്ഗന്ധം വീശുന്ന ഗന്ധകത്തിലും അത്യന്തം ആമഗ്നരായിത്തീരും; അസൂയാലുക്കൾ ചെന്നായ്ക്കളെ പ്പോലെ ദു:ഖത്താൽ ഓളിയിടുകയും ചെയ്യും.

    4, ഓരോരോ ദുഷ്കൃത്യങ്ങൾക്ക് അവിടെ അതാതിനു തക്കതായ പീഡനങ്ങൾ സഹിക്കേണ്ടിവരും. അവിടെ അഹങ്കാരികൾ സർവ്വദാ ലജ്ജിതരാകും; അത്യാഗ്രഹികൾ ക്ളേശഭൂയിഷ്ഠമായ ദാരിദ്ര്യത്താൽ കഷ്ടപ്പെടും.
    അവിടെ ഒരു മണിക്കൂർ നേരത്തേയ്ക്കുള്ള ശിക്ഷ
    ഭൂമിയിൽ നൂറു സംവത്സരത്തെ കഠിനതപസ്സിനേക്കാൾ
    കടുപ്പമായിരിക്കും.

    അവിടെ ശിക്ഷാവിധേയരായവർക്കു യാതൊരു സമാധാനവും ആശ്വാസവുമില്ല; എന്നാൽ, ഭൂമിയിൽ ചിലപ്പോഴെങ്കിലും അദ്ധ്വാനം നിറുത്തിവെച്ച് സ്നേഹിതരിൽ നിന്ന് ആശ്വാസം അനുഭവിക്കാം.

    വിധിദിവസത്തിൽ ഭാഗ്യവാന്മാരോടുകൂടെ ഭദ്രരായിരിക്കുവാൻ ഇപ്പോൾ ജാഗ്രതാപൂർവ്വം പാപങ്ങളെക്കുറിച്ചു പശ്ചാത്തപിക്കുവിൻ.

    തങ്ങളെ ദ്രോഹിച്ചു ഞെരുക്കിയവരുടെ മുമ്പാകെ നീതിമാന്മാർ നിശ്ചലം, ധീരധീരം നിലകൊള്ളും.

    ഇന്നു മനുഷ്യവിധിക്കായി കീഴ്പ്പെട്ടവൻ അന്നു വിധിക്കുവാനായി നില്ക്കും.

    ഇന്നു ദാരിദ്ര്യവും എളിമയുമുള്ളവർക്ക് അന്നു വളരെ മനശ്ശരണമുണ്ടാകും; അഹങ്കാരികൾക്ക് സർവ്വവിധഭയവും
    വന്നുചേരും.

    1. ക്രിസ്തുവിനുവേണ്ടി ഭോഷനും നിന്ദിതനുമാകുവാൻ ഈ ലോകത്തിൽ അഭ്യസിച്ചവനാണു യഥാർതത്തിൽ ബുദ്ധിമാനെന്ന് അപ്പോൾ വിശദമാകും. ക്ഷമാപൂർവ്വം ഭൂമിയിൽ അനുഭവിച്ച് എല്ലാ അനർത്ഥംങ്ങളോടും അപ്പോഴും പ്രിയം തോന്നും. ദുഷ്ടന്മാർ വാപൊത്തും. ദൈവഭക്തരെല്ലാവരും അപ്പോൾ ആനന്ദിക്കും, ഭക്തിവിഹീനർ ദു:ഖിക്കും . എന്നും വിശിഷ്ടഭോജ്യങ്ങൾകൊണ്ടു പോഷിതരാ വരേക്കാൾ കൂടുതലായി സ്വശരീരത്തെ നിഗ്രഹിച്ച് അന്ന് ആഹ്ലാദിക്കും. ഹീനമായ വസ്ത്രം അന്നു ശോഭിക്കും; ആഡംബരവേഷം നിന്ദ്യമാകും.

    പാവപ്പെട്ട കുടിൽ അന്നു പൊൻപൂമേടയേക്കാൾ വിലമതിക്കപ്പെടും.

    സകലലൗകിക ശക്തികളേയുംകാൾ അന്നു വിലപ്പോക്കുക സ്ഥിരമായ ക്ഷമാശീലമാണ്.

    നിഷ്കപടമായ അനുസരണ എല്ലാ ലൗകിക തന്ത്രങ്ങളേയും കാൾ അന്ന് അമൂല്യമായിരിക്കും.

    1. തത്ത്വശാസ്ത്ര പാണ്ഡിത്യത്തേക്കാൾ നിർമ്മലമായ
      മനസ്സാക്ഷി അന്നു കൂടുതൽ ആനന്ദം കണ്ടെത്തും. ധനത്തോടുള്ള വെറുപ്പ് ലൗകികരുടെ സകല നിക്ഷേപ ങ്ങളേക്കാൾ അനർഘമാണ്. രുചികരമായ പദാർത്ഥങ്ങൾ ഭക്ഷിച്ചതുകൊണ്ടല്ല. ഭക്തിയോടെ പ്രാർത്ഥിച്ചതുകൊണ്ടാണ് അന്നു നിനക്ക് ആശ്വാസമുണ്ടാകുക.
      അതിഭാഷണത്തിനെന്നതിനേക്കാൾ മൗനത്തിന് അന്നു നിനക്കു കൂടുതൽ സന്തോഷം ലഭിക്കും. മനംകുളിർപ്പിക്കുന്ന വാക്കുകളേക്കാൾ സൽക്കർമ്മങ്ങൾ അന്നു കൂടുതൽ പ്രകീർത്തിക്കപ്പെടും.

    അന്ന് ലൗകികസന്തോഷങ്ങളേക്കാൾ സംപ്രീതമായിരി ക്കുക കണിശമായ ജീവിതരീതിയും കഠിനമായ തപസ്സുമത്രേ.

    അന്ന് ഉൽക്കടമായ ദു:ഖങ്ങളെ തരണം ചെയ്യാൻ ഇപ്പോൾ നിസ്സാരകാര്യങ്ങളിൽ സഹനം പരിശീലിക്കണം.

    ഭാവിയിൽ എന്തു സഹിക്കാൻ കഴിയുമെന്ന് ഇവിടെ ത്തന്നെ പരീക്ഷിച്ചു നോക്കിക്കൊള്ളുക. ഇന്നു നിസ്സാര സഹനങ്ങൾ വഹിക്കാൻ കഴിയുന്നില്ലെ
    ങ്കിൽ, നീ എങ്ങനെ നിത്യശിക്ഷ സഹിക്കും? ഇന്നു ലഘുവായ പീഡനം നിന്നെ അക്ഷമനാക്കുന്നെങ്കിൽ, നിത്യാഗ്നി നിന്നെ എന്തുചെയ്യും? ഈ ലോകത്തിൽ സുഖിച്ചാനന്ദിക്കുക, പരത്തിൽ ക്രിസ്തുവിനോടുകൂടെ വാഴുക എന്നീ രണ്ടു സന്തോഷങ്ങളും അനുഭവിക്കുവാൻ നിനക്ക് സാധിക്കുകയില്ല.

    1. ഇന്നുവരെ സദാ ബഹുമാനവും സുഖവും ആസ്വദിച്ചവനാണെങ്കിൽക്കൂടി, ഈ ക്ഷണത്തിൽ മരണം വന്നുചേരു കയാണെങ്കിൽ അവകൊണ്ടെല്ലാം അവനെന്തു പ്രയോജനം? ആകയാൽ ദൈവത്തെ സ്നേഹിക്കുകയും അവിടുത്തെ സേവിക്കുകയും ചെയ്യുന്നതൊഴികെ ശേഷമെല്ലാം മായയാണ്. പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിക്കുന്നവൻ മരണത്തേയോ ശിക്ഷാവിധികളേയോ നരകത്തയോ ഭയപ്പെടുന്നില്ല. പൂർണ്ണസ്നേഹം ദൈവത്തിങ്കലേയ്ക്കു നിർഭയമായ പ്രവേശനം നൽകുന്നു.

    പാപം ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തുന്നവർ മരണത്തേയും വിധിയേയും ഭയപ്പെടുന്നതിൽ ആശ്ചര്യമൊന്നുമില്ല. ദൈവസ്നേഹം നിന്നെ തിന്മയിൽ നിന്ന് അകറ്റുകയില്ലെങ്കിൽ, നരകഭയം നിന്നെ അതിൽനിന്ന് അകററുന്നത് ഉത്തമം. ദൈവഭയമില്ലാത്തവൻ നന്മയിൽ ദീർഘകാലം നിലനില്ക്കുകയില്ല; അവർ താമസമില്ലാതെ പിശാചിന്റെ കെണിയിൽ അകപ്പെടുന്നതാണ്.

    വിചിന്തനം.

    ദൈവത്തിന്റെ വിധികളോടും നിത്യശിക്ഷയോടുമുള്ള ഭയം നമ്മുടെ ദുരാശകൾക്ക് ഒരു കടിഞ്ഞാണാണ്. അതു പാപവാസനകളെ അമർത്തുന്നു. പ്രതികാരം, അശുദ്ധത, കോപം, അനീതി, നുണ മുതലായ പാപങ്ങളിലുള്ള സന്തോഷം എത്ര ക്ഷണികമാണ്. എന്നാൽ അവ വരുത്തിക്കൂട്ടുന്ന ശിക്ഷ നിത്യവുമത്രേ. മരണാനന്തരമുള്ള ശിക്ഷയിൽ നിന്നുമുക്തിനേടാൻ ഈ ലോകത്തിൽ നാം തന്നെ നമ്മെ ശിക്ഷിക്കുകയാണു വേണ്ടത്.

    പ്രാർത്ഥിക്കാം.
    ജീവിച്ചിരിക്കുന്നവരുടേയും മരിച്ചവരുടേയും ന്യായാധിപനായ കർത്താവേ, മരണനിമിഷത്തിൽ ഞങ്ങളുടെ നിത്യഭാഗധേയം നിർണ്ണയിക്കുന്നവനേ, അങ്ങു ഞങ്ങളുടെ രക്ഷകനും ന്യായാധിപനുമാണ്. ഞങ്ങളുടെ പാപം അങ്ങയെ കോപിപ്പിച്ചിരിക്കുന്നു; അങ്ങയുടെ തിരുമുറിവുകൾ അങ്ങ യുടെ കാരുണ്യത്തെ പ്രദ്യോതിപ്പിക്കുന്നു. ഈ തിരുമുറിവുകളും പാപപ്പൊറുതിക്കായി അങ്ങു ചിന്തിയ രക്തവും കാണുക. ഞങ്ങളുടെ തെററുകൾ ഞങ്ങളോടു ക്ഷമിക്കുകയും ചെയ്യുക.

    ആമ്മേൻ.

    അനുസ്മരണാവിഷയം: പാപങ്ങളിൽനിന്നു മോചനം പ്രാപിക്കുന്നതും ദുർഗ്ഗണങ്ങളെ നിർമ്മലമാക്കുന്നതും ഭാവിയിലേയ്ക്ക് നീട്ടിവയ്ക്കാതെ ഇപ്പോൾത്തന്നെ സാധി ക്കുന്നതാണുത്തമം.

    അഭ്യാസം: നിന്റെ അന്ത്യത്തെപ്പററി ചിന്തിക്കുക എന്നാൽ, പാപം ചെയ്യുകയില്ല.

    2. യഥാര്‍ത്ഥ മരിയഭക്തിയിൽ നിന്നുള്ള വായന
    വി.ലൂയിസ് ഡി മോൺഫോര്‍ട്ട്.

    അന്ത്യകാലങ്ങളില്‍ പരിശുദ്ധ മറിയം ആദരിക്കപ്പെടുന്നത് ദൈവഹിതപ്രകാരമാണ്‌.

    അന്ത്യകാലങ്ങളില്‍ തന്റെ പരിശുദ്ധ മാതാവായ മറിയം പൂര്‍വ്വാധികം അറിയപ്പെടുവാനും സ്‌നേഹിക്കപ്പെടുവാനും ബഹുമാനിക്കപ്പെടുവാനും ദൈവം ആഗ്രഹിക്കുന്നു. അടുത്തുതന്നെ ഞാന്‍ വിശദമാക്കുവാന്‍ ആഗ്രഹിക്കുന്നവ, തെരഞ്ഞെടുക്കപ്പെട്ടവര്‍ മനസ്സിലാക്കുകയും പരിശുദ്ധാത്മാവിന്റെ പ്രകാശത്താലും കൃപാവരത്താലും അതിന്റെ ആഴങ്ങളിലേക്ക് ഉള്‍പ്രവൈശിക്കുകയും വേണം. എന്നിട്ട് അവ പരിപൂര്‍ണ്ണമായി അനുഷ്ഠിക്കുകയും ചെയ്താല്‍, മുകളില്‍ പറഞ്ഞവ സംഭവിക്കും. അപ്പോള്‍ സാധിക്കുന്നിടത്തോളം സ്പഷ്ടമായി അവര്‍ വിശ്വാസ സംരക്ഷണത്തിലും നിയന്ത്രണത്തിലും കൊടുങ്കാറ്റിനെയും കൊള്ളക്കാരെയും മറികടന്ന് സുരക്ഷിതരായി സസന്തോഷം തങ്ങളുടെ ജീവിതാന്ത്യമായ തുറമുഖത്തടുക്കും.

    അവര്‍ ഈ രാജ്ഞിയുടെ മഹത്ത്വം ദര്‍ശിക്കും. അവളുടെ സേവനത്തിനായി തങ്ങളെത്തന്നെ പൂര്‍ണ്ണമായും പ്രജകളും സ്‌നേഹഅടിമകളുമായി സമര്‍പ്പിക്കും; അവളുടെ മാതൃസഹജമായ നന്മയും മാധുര്യവും രുചിച്ചറിയുകയും വത്സലതനയരെപ്പോലെ കരകവിഞ്ഞൊഴുകുന്ന അവളെ അവര്‍ തിരിച്ചറിയും. അവളുടെ അനുഗ്രഹം തങ്ങള്‍ക്ക് അനിവാര്യമെന്നും അവര്‍ ഏറ്റുപറയും.

    ക്രിസ്തുവിന്റെ പക്കല്‍ ഏറ്റവും പ്രിയപ്പെട്ട അഭിഭാഷകയും തങ്ങള്‍ക്കുള്ള മദ്ധ്യസ്ഥയുമെന്ന നിലയില്‍ അവര്‍ സകലതിനും അവളരെ അഭയം തേടും. ക്രിസ്തുവിനെ സമീപിക്കുന്നതിനുള്ള പൂര്‍ണ്ണവും ഋജുവും ഉറപ്പുള്ളതുമായി ക്രിസ്തുവിന്റേതായി മാറുവാന്‍ വേണ്ടി തങ്ങളുടെ ആത്മശരീരങ്ങള്‍ അവര്‍ നിര്‍ലോഭം അവല്‍ക്കു സമര്‍പ്പിക്കുകയും ചെയ്യും.

    എന്നാല്‍ ആരായിരിക്കും ഈ ദാസര്‍, ഈ അടിമകള്‍, ഈ മേരിസുതര്‍? അവര്‍ എരിയുന്ന അഗ്നികുണ്ഡമായി ലോകമാസകലം ദിവ്യസ്‌നേഹാഗ്നി ജ്വലിപ്പിക്കുന്ന ദൈവകാര്യസ്ഥന്മാരായിരിക്കും.
    ശക്തന്റെ കൈകളില്‍ അസ്ത്രങ്ങള്‍ എന്നതുപോലെ (സങ്കീ. 12.4) മറിയത്തിന്റെ ബലിഷ്ഠകരങ്ങളില്‍, അവളുടെ ശത്രുക്കളെ പിളര്‍ക്കുന്ന മൂര്‍ച്ചയേറിയ ആയുധങ്ങളായിരിക്കും, മേരിസുതര്‍.

    അവര്‍ ലേവിയുടെ മക്കളായിരിക്കും. ക്ലേശാഗ്നിയില്‍ അവര്‍ ശുദ്ധീകരിക്കപ്പെട്ടു. ദൈവത്തോടു ചേര്‍ന്നു നില്ക്കും (1 കോറി 6:17). സ്‌നേഹമാകുന്ന കനകം ഹൃദയത്തിലും, പ്രാര്‍ത്ഥനയാകുന്ന കുന്തുരുക്കം ആത്മാവിലും, ആശാനിഗ്രഹമാകുന്ന മീറാ ശരീരത്തിലും വഹിച്ചുകൊണ്ട് യാതൊരു ചിന്താകുലതയുമില്ലാതെ നാഥനോട് അവര്‍ പൂര്‍ണ്ണമായി ഐക്യപ്പെടും. പാവങ്ങളിലും വിനീതരിലും ക്രിസ്തുവിന്റെ മധുരഗന്ധം അവര്‍ പരത്തും എന്നാല്‍ ….. അഹങ്കാരികളായ ലൗകായതികര്‍ക്കും സമ്പന്നര്‍ക്കും മാരകഗന്ധമായി മാറും.

    നമുക്കു പ്രാര്‍ത്ഥിക്കാം

    പരിശുദ്ധ മറിയമേ, എന്റെ അമ്മേ, ഞാന്‍ എന്നെത്തന്നെ അങ്ങയുടെ വിമലഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. ഞാനും എനിക്കുള്ളവയും അങ്ങയുടേതാണ്. അങ്ങയുടെ കരുണയുടെ മേല്‍വസ്ത്രം കൊണ്ടെന്നെ മറയ്ക്കണമെ. എന്നെ അങ്ങയുടെ പൈതലായി സംരക്ഷിക്കുകയും, എന്റെ ആത്മാവിനെ സ്വര്‍ഗ്ഗത്തില്‍ ഈശോയുടെ സവിധത്തിലേക്ക് സുരക്ഷിതമായി നയിക്കുകയും ചെയ്യണമേ. കരുണയുടെ മാതാവേ എന്നെ മുഴുവനായി അങ്ങേയ്ക്കു ഞാന്‍ സമര്‍പ്പിക്കുന്നു. ഇപ്പോഴും, നിത്യതയിലും എന്റെ ആത്മാവിനെ ഞാന്‍ അങ്ങേയ്ക്ക് ഭരമേല്‍പ്പിക്കുന്നു. അങ്ങയുടെ പരിശുദ്ധ മേലങ്കിയാല്‍ എന്നെ പൊതിയണമെ, ആമ്മേന്‍.

    3. വിമലഹൃദയപ്രതിഷ്ഠാ ഒരുക്ക ധ്യാനവും വിചിന്തനവും



    ധ്യാനവിഷയവും പ്രാർത്ഥനയും

    ലോകത്തിന്റെ സ്വാധീനങ്ങൾ ചെറുക്കാനുള്ള പ്രാപ്തിക്കുറവ്

    “ലോകത്തോടുള്ള മൈത്രി ദൈവത്തോടുള്ള ശത്രുതയാണെന്ന് നിങ്ങളറിയുന്നില്ലേ? ലോകത്തിന്റെ മിത്രമാകാൻ ആഗ്രഹിക്കുന്നവൻ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു ” (വി. യാക്കോ 4:4 ).

    ആമുഖം

    ധ്യാനചൈതന്യം എളുപ്പത്തിൽ നഷ്പ്പെടുത്തുന്ന ഒന്നായ ലോകത്തിന്റെ സ്വാധീനത്തെപ്പറ്റി ഇന്നു വിചിന്തനം നടത്താം. മിശിഹായെയും അവിടത്തെ പ്രബോധനങ്ങളെയും അവഗണിച്ച് ത്രിവിധ ദുരാശകൾക്ക് അടിപ്പെട്ടു ജീവിക്കുന്ന മനുഷ്യസമൂഹത്തെയാണ് ലോകം എന്നതുകൊണ്ട് മേലുദ്ധരിച്ച വി. യാക്കോബ് 4:4 – ലെ തിരുവചനത്തിൽ അർഥമാക്കുന്നത്.

    ‘ലോക’ ത്തിന്റെ നാലുവിധ ദുസ്വാധീനങ്ങളെപ്പറ്റി നമുക്ക് അറിവുണ്ടായിരുന്നാലേ അതിന്റെ സ്വാധീനത്തെ ചെറുക്കാനാവൂ.

    1. ലോകം നമ്മെ വശീകരിക്കും

    ലോകത്തിന്റേതായ സിദ്ധാന്തങ്ങൾ വഴിയും മായാപ്രകടനങ്ങൾ വഴിയും ദുഷിച്ച മാതൃക വഴിയുമാണ് അത് നമ്മെ വശീകരിക്കുന്നത്.
    a ) ലോകത്തിന്റെ സിദ്ധാന്തങ്ങൾ വഴി:
    ക്രിസ്തുവിന്റെ സുവിശേഷപഠനങ്ങൾക്ക് തികച്ചും വിപരീതമായ ആദർശങ്ങളാണ് ലോകം പ്രചരിപ്പിക്കുന്നത്. “ജീവിതം സുഖിക്കാനുള്ളതാണ്”; “യൗവനം പാഴാക്കരുത് “; ” സത്യം മാത്രം പറഞ്ഞാൽ ഒരു ബിസിനസ്സും ചെയ്യാനാവില്ല ” എന്നിങ്ങനെ പോകുന്നു ലോകത്തിന്റെ വ്യർഥ സിദ്ധാന്തങ്ങൾ.
    b ) മായാപ്രകടനങ്ങൾവഴി :
    ലോകം നമ്മെ പെട്ടെന്ന് വശീകരിക്കുന്നത് അതിന്റെ മായാപ്രകടനങ്ങൾ വഴിയാണ്. അടക്കമില്ലാത്ത വസ്ത്രധാരണം, അധാർമിക കാര്യങ്ങൾ പ്രദർശിപ്പിക്കുന്ന സിനിമയും ടി.വി പരിപാടികളും അശ്ലീല ചിത്രീകരണങ്ങളുള്ള വെബ്സൈറ്റുകൾ, ധാർമികതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന പരസ്യങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗവും അശ്ലീല വിനോദങ്ങളുമടങ്ങിയ സത്കാരങ്ങൾ, പാപസാഹചര്യമുള്ള യാത്രകൾ, വിനോദകേന്ദ്രങ്ങൾ താമസസ്ഥലങ്ങൾ വിദ്യാലയങ്ങൾ ഹോസ്റ്റലുകൾ, വിശുദ്ധിയുടെയും ധാർമിക മൂല്യങ്ങളുടെയും കാര്യത്തിൽ നിഷ്കർഷയില്ലാത്തതും ആർഭാടങ്ങൾക്കും സുഖലോലുപതയ്ക്കും പ്രാധാന്യം കൊടുക്കുന്നതുമായ കുടുംബാന്തരീക്ഷം എന്നിവയൊക്കെ മായാപ്രകടനം വഴി ലോകം നമ്മെ വശീകരിക്കുന്നതിന്റെ ദൃഷ്ടാന്തങ്ങളാണ്.
    c ) ദുർമാതൃകകൾ വഴി :
    ഭൗതിക സുഖസൗകര്യങ്ങൾക്കു മാത്രം മുൻഗണന കൊടുക്കുന്ന നാമമാത്ര ക്രൈസ്തവർ, ദൈവത്തെയും ദൈവകാര്യങ്ങളെയും പൂർണമായി ത്യജിച്ച് ഈ ജീവിതത്തിനു മാത്രം പ്രാധാന്യം കൊടുക്കുന്ന വ്യക്തികൾ, വിവാഹം കഴിക്കാതെതന്നെ പാപകരമായ ബന്ധങ്ങളിൽ കഴിയുന്നവർ, കുടുംബ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിവാഹമോചനത്തിനു ശ്രമിക്കുന്ന ദമ്പതിമാർ, നീതി വിരുദ്ധമായി ധനം സമ്പാദിക്കുന്നവർ ഇവരൊക്കെ അനേകർക്കു പ്രലോഭനഹേതുക്കളാണ്. ഇതിനുപുറമേ, ഇത്തരക്കാരുടെ അപരാധങ്ങൾ കണ്ണടച്ചു കളയാൻ ലോകം കാണിക്കുന്ന സന്നദ്ധത തിന്മയ്ക്ക് വലിയ പ്രോത്സാഹനമാണ്.

    2. ലോകം നമ്മെ ഭീക്ഷണിപ്പെടുത്തും

    മതവിശ്വാസംനിമിത്തം ചില സ്ഥാനമാനങ്ങൾക്കോ ഉദ്യോഗങ്ങൾക്കോ അനർഹരായി ഭവിക്കുമെന്ന് ഭീഷണി ഉണ്ടായേക്കാം. വിശ്വാസ ജീവിതത്തിലും പ്രാർഥനാ ജീവിതത്തിലുമുള്ള സജീവ പങ്കാ മൂലം ” മാന്യന്മാരു ” ടെ സദസുകളിൽ പ്രത്യക്ഷപ്പെടാൻ അയോഗ്യരായേക്കാം. സുവിശേഷപ്രചാരണവും പ്രേഷിത പ്രവർത്തനവും മൂലം കയ്യേറ്റം ചെയ്യപ്പെടാനോ ജീവനുതന്നെ ഭീക്ഷണി ഉണ്ടാകാനോ സാധ്യതയുമുണ്ടാകാം.

    3. ലോകം നമ്മെ പരിഹസിക്കും

    പരിഹാസവും ആക്ഷേപവും കൊണ്ട് നമ്മെ നന്മയിൽനിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് ലോകത്തിന്റെ സ്വഭാവമാണ്. തെറ്റായ കാര്യങ്ങളിൽ പഴയതുപോലെ സഹകരിക്കാത്തതിനും ആധ്യാത്മിക കാര്യങ്ങളിൽ ശുഷ്കാന്തി കാണിക്കുന്നതിനും ലോകത്തിന്റെ അധാർമിക വസ്ത്ര ധാരണ രീതിയും ജീവിത ശൈലിയും ഉപേക്ഷിച്ചതിനും, ചീത്ത കൂട്ടുകെട്ടുകൾ അവസാനിപ്പിച്ചതിനും ഏറ്റവും അടുത്ത വ്യക്തികളിൽ നിന്നുപോലും പരിഹാസം ഏല്ക്കേണ്ടിവരും. പ്രാർഥനയിലും പ്രേഷിതപ്രവർത്തനങ്ങളിലുമുള്ള ശുഷ്കാന്തിക്ക് സ്വന്തം കുടുംബത്തിൽനിന്നു തന്നെ പരിഹാസവും നിരുത്സാഹപ്പെടുത്തലുകളും ലഭിച്ചെന്നുവരും. “ദൈവത്തിനും പള്ളിക്കും വേണ്ടി നടന്നിട്ട് എന്തു കിട്ടി” എന്നു ചോദിച്ച് വീട്ടുകാർ പോലും പുച്ഛിച്ചേക്കും !

    4. ലോകം നമ്മെ പീഡിപ്പിക്കും

    ദൈവത്തോടും സഭയോടുമുള്ള പ്രതിബദ്ധതയിൽനിന്നു പിന്തിരിപ്പിക്കാൻ ലോകം നമ്മെ മാനസികമായും ശാരീരികമായും പീഡിപ്പിക്കും. ഞായറാഴ്ച്ച ജോലി ചെയ്യാൻ വിസമ്മതിച്ചതിന് ജോലിയിൽനിന്നു പിരിച്ചുവിടപ്പെടുക, കള്ളത്തരത്തിനും വഞ്ചനയ്ക്കും കൂട്ട് നില്ക്കാതിരുന്നതിന് ബിസിനസ് നഷ്ടപ്പെടുക, അനീതിയും ചൂഷണവും ചോദ്യം ചെയ്തതിന് ഭീക്ഷണിപ്പെടുത്തുക, അധാർമികവും അശ്ലീലവുമായ കാര്യങ്ങൾക്ക് സഹകരിക്കാതിരിക്കുന്നതിന് അപവാദമേല്ക്കേണ്ടിവരുകയോ സാമ്പത്തിക നഷ്ടം സഹിക്കേണ്ടിവരുകയോ ചെയ്യുക, ദാമ്പത്യ ജീവിതത്തിൽ അമിതാസക്തിക്കും വഴിവിട്ട പ്രവർത്തനങ്ങൾക്കും കൂട്ട് നിൽക്കാത്തതിന്റെ പേരിൽ വിവാഹമോചനത്തിന് നിർബന്ധിക്കപ്പെടുക, പ്രണയാഭ്യർഥന നിരസിച്ചതിന് വധഭീക്ഷണി നേരിടേണ്ടി വരുക, ആത്മീയ കാര്യങ്ങളിൽ ശുഷ്കാന്തിയുള്ളതിന്റെ പേരിൽ മാത്രം വിവാഹാലോചനകൾ മുടങ്ങിപ്പോവുക മുതലായവ ലോകം നമ്മെ പീഡിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങളാണ്.

    മാധ്യമങ്ങളിലൂടെ ലോകം നമ്മെ നശിപ്പിക്കും

    ആധുനികകാലത്ത് ലോകം നമ്മെ വശീകരിക്കുന്ന ഏറ്റവും ശക്തമായ വഴി സാമൂഹിക മാധ്യമങ്ങളാണ്, പ്രത്യേകിച്ച് നവമാധ്യമങ്ങൾ. സാമൂഹിക മാധ്യമങ്ങൾ സംപ്രേഷണം ചെയ്യുന്ന പല കാര്യങ്ങളും അത്യന്തം ആപത്കരമാണ്. അവ വീക്ഷിക്കുമ്പോൾ, സ്വാഭാവികമായി അവ നമ്മുടെ ഹൃദയത്തിൽ നിക്ഷേപമായിത്തീരുന്നു. ഹൃദയത്തിൽ ഒരിക്കൽ പ്രവേശിച്ച തിന്മ പ്രവൃത്തിയായി കാലാന്തരത്തിൽ പ്രത്യക്ഷപ്പെടും. പല കുറ്റകൃത്യങ്ങളിലേക്കും കുറ്റവാളികളെ നയിച്ചത് മാധ്യമങ്ങളിൽ അവർ കണ്ട കാര്യങ്ങളാണെന്ന് മാധ്യമങ്ങൾ തന്നെ സമ്മതിച്ചുപറയുന്നുണ്ട്.

    യേശുവിന്റെ കുരിശുമരണത്തിന്റെ ഫലമായി ലഭിച്ച പരിശുദ്ധാത്മാവിനെ ഹൃദയത്തിൽനിന്ന് അടിച്ചോടിക്കുകയാണ്, മാധ്യമങ്ങളിലൂടെ വരുന്ന സർവതും ധാർമികതയുടെ മാനദണ്ഡമനുസരിച്ചുള്ള വിവേചനം കൂടാതെ കാണുമ്പോൾ നാം ചെയ്യുന്നതെന്ന് ഓർത്തിരിക്കണം.

    അധാർമിക മാധ്യമാസ്വാദനത്തിന്റെ സുഖം ഉപേക്ഷിക്കണം

    സുവിശേഷത്തിൽ അവതരിപ്പിച്ചിരിക്കുന്ന രത്നവ്യാപാരിയെപ്പോലെ, പരിശുദ്ധാത്മാവു തരുന്ന ഉന്നതമായ സന്തോഷത്തിനുവേണ്ടി ടിവിയും മറ്റും തരുന്ന നൈമിഷിക സന്തോഷങ്ങൾ ഉപേക്ഷിക്കാൻ മാത്രം നമ്മൾ ബുദ്ധിശാലികളാകണം. ദൈവികജ്ഞാനത്തിനായി മാത്രം നമ്മുടെ ബുദ്ധിയും ആന്തരികകഴിവുകളും ശ്രദ്ധകേന്ദ്രീകരിക്കേണ്ടതിനായി, മാധ്യമങ്ങൾ തരുന്ന വ്യർഥഅറിവുകൾ നമ്മൾ ഉപേക്ഷിക്കണം. മഹാജ്ഞാനിയായ ഫ്രാൻസിസ് പാപ്പാ 28 വർഷങ്ങളായി ടിവി കണ്ടിട്ട് എന്ന കാര്യം നമ്മെ ഏറെ ചിന്തിപ്പിക്കേണ്ടതുണ്ട് (1991 ജൂലൈ 15 മുതൽ ടെലിവിഷൻ കാണൽ പരിശുദ്ധ മറിയത്തോടുള്ള സ്നേഹത്തെപ്രതി പാപ്പാ വേണ്ടെന്നുവച്ചു !). പത്രവായനയ്ക്കാകട്ടെ, വെറും പത്തുമിനിറ്റേ പാപ്പാ ചെലവഴിക്കുന്നുള്ളൂ (ദീപിക ദിനപത്രം).

    ശാരീരിക ജീവനും ആരോഗ്യത്തിനും ഹാനികരമായ വിഷലിപ്ത ഭക്ഷണസാധനങ്ങൾ പരപ്രേരണ കൂടാതെതന്നെ ഒഴിവാക്കുന്നുവെങ്കിൽ ക്രിസ്തുവിന്റെ കുരിശുമരണത്താൽ നമുക്കു സംലഭ്യമായ ദൈവിക ജീവന് (പ്രസാദവര ജീവന് ) ഹാനികരമായ മാധ്യമ ഉപയോഗം എത്ര വിവേകത്തോടെ നാം ഒഴിവാക്കേണ്ടതാണ് !

    ലോകത്തിന്റെ വ്യർഥകാര്യങ്ങൾക്ക് സമയം കളയരുത്

    അതിൽത്തന്നെ തിന്മയല്ലാത്ത മാധ്യമ പരിപാടികൾ വീക്ഷിക്കുന്നതിൽ എന്താ തെറ്റ് എന്ന് ഒരുപക്ഷേ, നാം ചിന്തിച്ചേക്കാം. പരിശുദ്ധാത്മാവിനു തരാനുള്ള ഉത്തരമിതാണ് : “എല്ലാം അനുവദനീയമാണ്. എന്നാൽ, എല്ലാം ഗുണകരമല്ല. എല്ലാം അനുവദനീയമാണ് ; എന്നാൽ എല്ലാം പണിതുയർത്തുന്നില്ല ” (1 കോറി 10 :23). ആത്മീയമായോ മാനസികമായോ ശാരീരികമായോ ഒരാളെയും പടുത്തുയർത്താത്തവയാണ് പല ടിവി പരിപാടികളും. ഉദാഹരണത്തിന് ടിവി സീരിയൽ കാണൽ. ഉപകാരമൊന്നുമില്ലാത്ത ടിവി പരി പാടികൾക്കായി വിലപ്പെട്ട സമയം ദുർവ്യയം ചെയ്യുന്നത് ദൈവഹിതമാ കുമെന്ന് അനുമാനിക്കാൻ എങ്ങനെ സാധിക്കും ?

    കപടലക്ഷ്യമുള്ള ടെലിവിഷൻ ചാനലുകളെക്കാൾ അപകടകരമാണ് ആധുനിക നവമാധ്യമങ്ങളായ ഇന്റർനെറ്റ്, ഫെയ്സ്ബുക്ക്, വാട്ട്സ് ആപ്പ് മുതലായവ. നിഷ്കളങ്കർ പോലും ഇത്തരം മാധ്യമങ്ങളുടെ മായാവലയത്തിൽ പെട്ടെന്നു വീണുപോവുകയും സകല ആത്മീയതയും നശിപ്പിക്കാൻ ഇടയാകുകയും ചെയ്യുന്നുണ്ട്. അത്യാവശ്യങ്ങൾക്കും സുവിശേഷ പ്രചാരണത്തിനും മാത്രമായി ഇവയുടെ ഉപയോഗം പരിമിതപ്പെടുത്തിയില്ലെങ്കിൽ ആരെ വിഴുങ്ങണമെന്നന്വേഷിച്ചു ചുറ്റിനടക്കുന്ന നമ്മുടെ ശത്രുവായ പിശാചിന്റെ കെണിയിൽ നാം വീഴുമെന്നത് തീർച്ചയാണ്. ഇതുവഴി സുവിശേഷവേലയ്ക്കുള്ള വിലപ്പെട്ട സമയമാണ് അപഹരിക്കപ്പെടുന്നത് എന്നതാണ് വൻനഷ്ടം.

    തിരുസഭയുടെ വേദപ്രചാരണ പ്രവർത്തനങ്ങളിൽ പ്രധാനമായ ഒന്നാണ് സുവിശേഷവേലയ്ക്കായി മാധ്യസ്ഥ്യം വഹിച്ചു പ്രാർഥിക്കുക എന്നത്. ധ്യാനത്തിൽ ലഭിച്ച അഭിഷേകം നിലനിർത്താനുള്ള ഒന്നാംതരം വഴിയാണ് ടിവി സീരിയലിനും മറ്റ് വ്യർഥമാധ്യമ ഉപയോഗത്തിനും വേണ്ടി ചെലവഴിച്ചിരുന്ന സമയമത്രയും മധ്യസ്ഥപ്രാർഥന നടത്തുക എന്നത്. അതുവഴി തിരുസഭയുടെ എല്ലാ പ്രേഷിത പ്രവർത്തനങ്ങളിലും നമുക്കും പങ്കാളികളാകാൻ കഴിയും. അനുദിനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തുന്ന സുവിശേഷ പ്രഘോഷണത്തിന്റെ ഫലമായി ലക്ഷോപലക്ഷം പേർ മാനസാന്തരപ്പെടുമ്പോൾ, ആ മാനസാന്തരത്തിന്റെ പിന്നിൽ നമുക്കുമുണ്ടാകും ഒരു പങ്ക്.

    ബൈബിൾ വായന

    “ആകയാൽ സഹോദരരേ ദൈവത്തിന്റെ കാരുണ്യം അനുസ്മരിച്ചു കൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു : നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ സജീവ ബലിയായി സമർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ യഥാർഥമായ ആരാധന. നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിൻ, ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂർണവുമായത് എന്തെന്നും വിവേചിച്ചറിയാൻ അപ്പോൾ നിങ്ങൾക്കു സാധിക്കും ” (റോമാ 12:1-2)

    പ്രാർഥന

    ലോകത്തെ കീഴടക്കിയ കർത്താവായ യേശുവേ, ലോകത്തിന്റെ ദുഃസ്വാധീനങ്ങളെ ചെറുക്കാനുള്ള എന്റെ കഴിവുകേട് അങ്ങേക്ക് സമർപ്പിക്കുന്നു. ലോകത്തിന്റെ സിദ്ധാന്തങ്ങൾ വഴിയും അധാർമിക മായാപ്രകടനങ്ങൾ വഴിയും ദുർമാതൃക വഴിയും അതെന്നെ വശീകരിക്കുമ്പോൾ അവയുടെ കെണിയിൽ വീഴാതെ എന്നെ കാക്കണമേ. എന്റെ വിശ്വാസത്തെപ്രതിയും വിശുദ്ധ ജീവിതത്തെ പ്രതിയും ലോകം എന്നെ പരിഹസിക്കുകയോ പീഡിപ്പിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുമ്പോൾ നാഥാ, അങ്ങയോട് വിശ്വസ്തനായിരിക്കാൻ എന്നെ ശക്തനാക്കണമേ. വ്യർഥ ആനന്ദങ്ങൾ തരുന്ന മാധ്യമ ദുരുപയോഗത്തിൽനിന്ന് എന്നെ മോചിപ്പിക്കണമേ. മാധ്യമ ദുരുപയോഗത്താൽ തകരുന്ന ലോകത്തെ നവ മാധ്യമങ്ങൾ വഴിയുള്ള സുവിശേഷ പ്രഘോഷണത്താൽ വിശുദ്ധീകരിക്കാൻ എന്നെ പ്രാപ്തനാക്കണമേ. കന്യകമറിയമേ, ഈശോയുടെയും എന്റെയും അമ്മേ, ഈശോ മുഴുവനായും നിന്റേതായതുപോലെ ഞാൻ മുഴുവനായും നിന്റേതാകാൻ ആഗ്രഹിക്കുന്നു. എന്നെ നിന്റേതായി സ്വീകരിക്കണമേ. ഞാൻ മുഴുവനായി നിന്റെതായിത്തീരുന്നതിനു തടസ്സമായിരിക്കുന്ന ലൗകികാനന്ദങ്ങൾക്കു വേണ്ടിയുള്ള എന്റെ മോഹം എന്നിൽനിന്ന് അമ്മേ, എടുത്തുമാറ്റണമേ, ആമേൻ.


    സത്കൃത്യം.

    സാമൂഹികമാധ്യമങ്ങൾ സുവിശേഷം പങ്കുവയ്ക്കാൻ ഉപയോഗിക്കുക അല്ലെങ്കിൽ ഒരാളോട് എങ്കിലും യേശുവിനെപ്പറ്റി പറയുക.

    ************************************************************************************************************

    https://www.youtube.com/watch?v=wwpFurOxjss&list=PL3uhR8KUVQTxrd02-lFANST3UYzhj5ARI&index=18

    ശാലോം ടി വി യിൽ ബഹുമാനപ്പെട്ട വട്ടായിലച്ചൻ നയിച്ച വിമലഹൃദയ പ്രതിഷ്ഠ അച്ഛന്റെ പ്രേത്യേക അനുവാദത്തോടെ ഇവിടെ നൽകുന്നു. സാധിക്കുന്ന എല്ലാവരും സമയം കണ്ടെത്തി ഈ അനുഗ്രഹപ്രദമായ ശുശ്രൂഷയിൽ പങ്കുകൊള്ളുക .

    +++++++

    DAY 1 പ്രതിഷ്ഠാ ഒരുക്കം DAY 9 പ്രതിഷ്ഠാ ഒരുക്കം

    DAY 2 പ്രതിഷ്ഠാ ഒരുക്കം DAY 10 പ്രതിഷ്ഠാ ഒരുക്കം

    DAY 3 പ്രതിഷ്ഠാ ഒരുക്കം DAY 11 പ്രതിഷ്ഠാ ഒരുക്കം

    DAY 4 പ്രതിഷ്ഠാ ഒരുക്കം DAY 12 പ്രതിഷ്ഠ ഒരുക്കം

    DAY 5 പ്രതിഷ്ഠാ ഒരുക്കം DAY 13 പ്രതിഷ്ഠ ഒരുക്കം

    DAY 6 പ്രതിഷ്ഠാ ഒരുക്കം DAY 14 പ്രതിഷ്ഠ ഒരുക്കം

    DAY 7 പ്രതിഷ്ഠാ ഒരുക്കം DAY 15 പ്രതിഷ്ഠ ഒരുക്കം

    DAY 8 പ്രതിഷ്ഠാ ഒരുക്കം DAY16 പ്രതിഷ്ഠ ഒരുക്കം

    DAY17 പ്രതിഷ്ഠ ഒരുക്കം

    MARlAN MINISTRY & THE CONFRATERNITY OF THE MOST HOLY ROSARY

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!