നവംബർ 1- ഔർ ലേഡി ഓഫ് പാം (ഈന്തപ്പനയുടെ മാതാവ്), കാഡിസ്, സ്പെയിൻ (1755)
ഈന്തപ്പനയുടെ മാതാവിന്റെ പള്ളിയെ പ്രസിദ്ധമാക്കിയ അത്ഭുതമാണ് വിവരിക്കാൻ പോകുന്നത്. അങ്ങനെ പനയുമായി ബന്ധമുള്ള ഒരു പേര് പരിശുദ്ധ അമ്മക്ക് എങ്ങനെ വന്നു എന്നതിനെക്കുറിച്ച് കൃത്യമായ രേഖയില്ല.
1755 നവംബർ ഒന്നാം തിയതി, ഒരു ഭൂകമ്പവും, പിന്നാലെ സുനാമിയും ഉണ്ടായ സമയത്താണ് ആ അത്ഭുതം നടന്നത്. അന്നുണ്ടായ വളരെ ശക്തമായ ഭൂകമ്പത്തിന്റെ പ്രകമ്പനം യൂറോപ്പിലുടനീളം അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. കാഡിസ് പ്രവിശ്യയിൽ അറ്റ്ലാൻ്റിക് സമുദ്രത്തിലേക്ക് തുറന്നുകിടക്കുന്ന, സ്പെയിനിലെ ഒരു തുറമുഖമാണ് അൽജെസിറാസ്. 90 അടിയിലധികം
ഉയരമുണ്ടായിരുന്ന സുനാമി തിരമാലകൾ പാഞ്ഞുവന്നുകൊണ്ടിരുന്ന വഴിയിൽ തന്നെയായിരുന്നു അത്. ഏഷ്യയിൽ കുറച്ചു കാലം മുൻപ് റിപ്പോർട്ട് ചെയ്യപ്പെട്ട സുനാമി അലകളെക്കാൾ വളരെ ശൗര്യമേറിയതായിരുന്നു അന്നത്തേത്. 275,000 നിവാസികളുണ്ടായിരുന്ന ലിസ്ബണിൽ, 90,000ത്തോളം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടതായും അവിടെ ഉണ്ടായിരുന്നതിൽ 85% കെട്ടിടങ്ങളും തിരമാലകളിൽ പെട്ട് നശിച്ചതായും പറയപ്പെടുന്നു. പ്രധാനമായും പോർച്ചുഗൽ, സ്പെയിൻ, ആഫ്രിക്ക എന്നിവിടങ്ങളിലേക്കാണ് 8 കിലോമീറ്റർ ദൂരത്തോളം ഉള്ളിലേക്ക് വെള്ളം ഇരമ്പി പാഞ്ഞത്.
അൽജെസീറസിൽ ഉണ്ടായിരുന്ന ആളുകൾ ഭയചകിതരായി, അവരുടെ നഗരം നഷ്ടപ്പെട്ടു എന്ന് തന്നെ വിചാരിച്ചു നിൽക്കുമ്പോഴാണ് അജ്ഞാതരായ രണ്ടുപേർ ഗേറ്റ് അടച്ചിട്ട് അവരോടെല്ലാം ഈന്തപ്പനയുടെ മാതാവിന്റെ കപ്പൂച്ചിൻ പള്ളിയിൽ പോകാൻ പറയുന്നത്. അവിടെ വിശുദ്ധ കുർബ്ബാന നടക്കുകയായിരുന്നു. പുരോഹിതൻ ശാന്തമായി വിശുദ്ധ കുർബാന പൂർത്തിയാക്കി, മാതാവിൻ്റെ ചിത്രമുള്ള ഒരു ബാനർ എടുത്ത്, തെരുവിൽ അവർക്കു നേരെ മുന്നേറിക്കൊണ്ടിരുന്ന വെള്ളത്തിൻ്റെ ആ മതിലീനടുത്തേക്ക് പോയി. വലിയ ഉയരത്തിൽ ഇരമ്പിവരുന്ന ജലമതിലിന്റെ തൊട്ടുമുമ്പിൽ നിന്ന്, അതിന്റെ നിഴലിൽ അദ്ദേഹം തെരുവിൽ ബാനർ സ്ഥാപിച്ചു, “എൻ്റെ അമ്മേ, ഇതുവരേക്ക്” എന്ന് ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
അതുവരെ, അതിൻ്റെ പാതയിലുണ്ടായിരുന്ന എല്ലാം നശിപ്പിച്ചു കൊണ്ടുള്ള വരവായിരുന്നെങ്കിലും, ജലമതിൽ ബാനറിന്റെ അടുത്ത് വരെ വന്ന്, അതിൻ്റെ മുന്നോട്ടുള്ള പ്രയാണം അത്ഭുതകരമായി പെട്ടെന്ന് നിർത്തി. ഉയർത്തിയ കൈയിൽ ബാനറുമായി പുരോഹിതൻ ധൈര്യത്തോടെ ജലമതിലിന് നേരെ നടന്നപ്പോൾ, ആ ഭീമാകാരമായ തിരമാലകൾ അവിടെ നിന്ന് പതിയെ പിൻവാങ്ങി, പിന്നോട്ട് നീങ്ങി ശാന്തമായി സമുദ്രത്തിലേക്ക് തന്നെ മടങ്ങി.
ഈന്തപ്പനയുടെ മാതാവിന്റെ സാഹോദര്യസംഘത്തിനൊപ്പം വാർഷിക ഘോഷയാത്രയും പിന്നീട് സ്ഥാപിച്ചു. 1837ൽ ആഭ്യന്തരയുദ്ധം ഉണ്ടായപ്പോൾ ഒഴികെ എല്ലാ വർഷവും പ്രദക്ഷിണം നടന്നു. സുനാമിയലകൾ വന്ന വഴിയിൽ അവർ ജപമാല ചൊല്ലുകയും കൃതജ്ഞതാപ്രാർത്ഥനകൾ സമർപ്പിക്കുകയും ചെയ്തു.
ആദ്യത്തെ അത്ഭുതത്തിന് കുറേ വർഷങ്ങൾക്ക് ശേഷം ഉണ്ടായ ഒരു കൊടുങ്കാറ്റ്, ഈന്തപ്പനയുടെ മാതാവിനെ ആളുകൾ വീണ്ടും യാചനയോടെ സ്മരിക്കാൻ കാരണമായി. തുറമുഖത്തുണ്ടായിരുന്ന കപ്പലുകൾ തകർന്നു, കടൽ സഞ്ചാരയോഗ്യമല്ലാതായി. കാലാവസ്ഥ പ്രതികൂലമായിരുന്നെങ്കിലും ആളുകൾ ആ സമയത്ത് ഈന്തപ്പനയുടെ മാതാവിൻ്റെ പ്രദക്ഷിണം ആവശ്യപ്പെട്ടു, ആ ഘോഷയാത്ര അവസാനിച്ചപ്പോൾ, കൊടുങ്കാറ്റ് ശമിക്കുകയും ചെയ്തു.