നവംബർ 3 – ഔർ ലേഡി ഓഫ് റെൻ, ബ്രിറ്റ്ണി, ഫ്രാൻസ്
ബ്രിറ്റ്ണിയിലുള്ള, ഔർ ലേഡി ഓഫ് റെൻ. ഇംഗ്ലീഷുകാർ, പട്ടണം തകർക്കാൻ ഒരു കുഴിബോംബ് വെച്ചിരുന്നു. പെട്ടെന്ന് ചാപ്പലിലെ മെഴുകുതിരികളെല്ലാം അത്ഭുതകരമായി ഒരുമിച്ചു കത്തി ; പള്ളിമണികൾ ഉച്ചത്തിൽ സ്വയം മുഴങ്ങി, പള്ളിയിലെത്തിയ ആളുകൾ പരിശുദ്ധ കന്യകയുടെ രൂപം പള്ളിയുടെ മധ്യഭാഗത്തേക്ക് കൈകൾ നീട്ടി നിൽക്കുന്നതായി കണ്ടു , അവിടെയായിരുന്നു കുഴി ബോംബ് ഉണ്ടായിരുന്നത്. അങ്ങനെ, അപകടം സംഭവിക്കും മുൻപ് അത് കണ്ടെത്തി. കേട്ടറിഞ്ഞ ആളുകൾ സംഭവസ്ഥലത്തേക്ക് കുതിച്ചു. അങ്ങനെ ഔർ ലേഡി ഓഫ് റെന്നിന്റെ സമയോചിതമായ ഇടപെടലിലൂടെ ആ ഗൂഢാലോചന നടപ്പിലാകാതെ പോയി, നഗരം മുഴുവൻ രക്ഷപ്പെട്ടു. നഗരവാസികളുടെ ആഹ്ലാദവും അകമഴിഞ്ഞുള്ള നന്ദിയും വലുതായിരുന്നു.
റെന്നിലെ സാൻ സോവറിൻ്റെ ബസിലിക്ക എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ ദൈവാലയം, ഒരിക്കൽ ബ്രിറ്റ്ണിയുടെ തലസ്ഥാനമായിരുന്ന, ചരിത്രപ്രസിദ്ധമായ റെന്നിൻ്റെ ഹൃദയഭാഗത്താണ് ഉള്ളത്. സാൻ സോവർ തെരുവ് അവസാനിക്കുന്നിടത്ത്, അതിന് അഭിമുഖം ആയാണ് ബസിലിക്കയുടെ മുൻഭാഗം ഉള്ളത്.
യഥാർത്ഥ ഗോഥിക് മാതൃകയിൽ പണിതിരുന്ന ബസിലിക്ക 1682-ൽ ഭാഗികമായി തകർന്നതിനാൽ, ഇപ്പോൾ കാണാൻ കഴിയുന്ന തരം പരമ്പരാഗത ശൈലിയിലുള്ള പള്ളി 1703-ൽ പണിതു തുടങ്ങുകയും 1719 ഓഗസ്റ്റിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.
1793-ൽ, ഫ്രഞ്ച് വിപ്ലവകാലത്ത്, പള്ളിയെ യുക്തിയുടെ ആലയമാക്കി മാറ്റുകയും പരിശുദ്ധ കന്യകയുടെ അത്ഭുത തിരുസ്വരൂപം നശിപ്പിക്കുകയും ചെയ്തു. 1802ൽ ഭീകരതയുടെ വാഴ്ച്ചക്ക് അവസാനമാകുന്നത് വരെ, ആരാധനയ്ക്കായി പള്ളി തുറന്നുകൊടുക്കപ്പെട്ടില്ല. 1916-ൽ, ബെനഡിക്ട് പതിനഞ്ചാമൻ പാപ്പയാണ് ഈ പള്ളിയെ മൈനർ ബസിലിക്കയാക്കിയത്.
ബ്രിറ്റ്ണിയിലെ പിന്തുടർച്ചാവകാശ യുദ്ധകാലത്ത് റെന്നിലെ മാതാവിന്റെ മാധ്യസ്ഥത്തിൽ നടന്ന ഒരു അത്ഭുതം പ്രസിദ്ധമാണ്. ലങ്കാസ്റ്ററിലെ പ്രഭുവിൻ്റെ കീഴിൽ അതിക്രമിച്ചു കയറിയ ഇംഗ്ലീഷ് സൈന്യം റെന്നിനെ ഉപരോധിക്കവേ, നഗരത്തിലേക്കുള്ള മാർഗ്ഗമധ്യേ കുഴിബോംബുകൾ വെച്ചിട്ടുണ്ടാവുമെന്ന് അവിടത്തുകാർ ഭയപ്പെട്ടു.
1357 ഫെബ്രുവരി 8 രാത്രി, പള്ളി മണികൾ തനിയെ ഉച്ചത്തിൽ മുഴങ്ങാൻ തുടങ്ങി, പള്ളിയിലെ മെഴുകുതിരികളെല്ലാം സ്വയം കത്തി പ്രകാശിച്ചു. ‘അത്ഭുതങ്ങളുടെയും പുണ്യങ്ങളുടെയും മാതാവ്’ എന്നറിയപ്പെടുന്ന പരിശുദ്ധ കന്യകയുടെ തിരുസ്വരൂപം, പള്ളിയിലെ ഒരു സ്ലാബിനെ ചൂണ്ടിക്കാണിക്കുന്ന രീതിയിൽ നിൽക്കുകയായിരുന്നു. അങ്ങനെ, നഗരവാസികൾക്ക് കുഴി ബോംബിനെക്കുറിച്ചും ഇംഗ്ലീഷുകാരുടെ ആക്രമണഗൂഡാലോചനയെക്കുറിച്ചും മുന്നറിയിപ്പ് കിട്ടി, അധിനിവേശത്തെ ചെറുക്കാനും തിരിച്ചടിക്കാനും കഴിഞ്ഞു.1634-ൽ റെന്നിലെ ബിഷപ്പ് പിയറി കോർണുലിയർ ഈ അത്ഭുതം ഔദ്യോഗികമായി അംഗീകരിച്ചു.
1761-ൽ മഗ്ദലീൻ മോറിസ് അത്ഭുതകരമായി സുഖപ്പെട്ടതുൾപ്പെടെ നിരവധി അത്ഭുതങ്ങളാണ് അവിടെ പരിശുദ്ധ കന്യകയുടെ മാധ്യസ്ഥത്തിൽ നടന്നിട്ടുള്ളത്. നിർജീവമായിപോയിരുന്ന (gangrene) അവളുടെ വലതുകാൽ, ഒരു ഈസ്റ്റർ ഞായറാഴ്ച തൽക്ഷണം സുഖം പ്രാപിച്ചു.
ബസിലിക്കയിൽ ഇപ്പോൾ പ്രദർശിപ്പിച്ചിരിക്കുന്ന ‘അത്ഭുതങ്ങളുടെയും പുണ്യങ്ങളുടെയും മാതാവിൻ്റെ’ പ്രതിമ 1876 ഫെബ്രുവരിയിലാണ് അവിടെ സ്ഥാപിച്ചത്.
1684-ൽ പതിനൊന്ന് വയസ്സുള്ള ഒരു ആൺകുട്ടി, തോമസ് എ ബെക്കറ്റിന്റെ പേരിലുള്ള ജെസ്യൂട്ട് കോളേജിൽ ചേരാമെന്ന പ്രതീക്ഷയിൽ വീട് വിട്ട് റെൻ നഗരത്തിലേക്ക് പോയി. ലൂയി-മേരി എന്ന ബുദ്ധിമാനായ ആ ബാലൻ ഈശോസഭാ വൈദികരുടെ സംരക്ഷണത്തിൻ കീഴിലായി. റെന്നിൽ വച്ചാണ് അദ്ദേഹം തന്നെ പൗരോഹിത്യത്തിലേക്ക് നയിച്ച ദൈവവിളിയെ കാര്യമായി പരിഗണിക്കാൻ തുടങ്ങിയത്. ഔർ ലേഡി ഓഫ് റെൻ ദേവാലയത്തിൽ വെച്ച് വിശുദ്ധ ലൂയി ഡി മോണ്ട്ഫോർട്ട്, ഒരു വൈദികനാകാനുള്ള അന്തിമ തീരുമാനം എടുത്തു.