നവംബർ 15 – ഔർ ലേഡി ഓഫ് പിന്യെറോൾ, സാവോയ്, ഫ്രാൻസ് (1098)
ഔർ ലേഡി ഓഫ് പിന്യെറോൾ, ഔർ ലേഡി ഓഫ് പിന്യെറോളോ എന്നും അറിയപ്പെടുന്നു, ഫ്രഞ്ച് ഭാഷയിൽ നോട്രഡാം ഡി പീഡ്‌മോണ്ട് എന്നും. 1098-ൽ, പരിശുദ്ധ കന്യകയുടെ സ്വർഗ്ഗാരോപണത്തോടുള്ള ആദരസൂചകമായി സാവോയ്ലെ പ്രഭ്വി അഡ്‌ലെയ്ഡാണ് ഇത് പണിയിച്ചത്. സാവോയ്യുടെ ദേശീയ ദേവാലയമാണിത്.
വടക്കൻ ഇറ്റലിയിലെ, പിന്നീട് ഫ്രാൻസിനോട് കൂട്ടിചേർക്കപ്പെട്ട സാവോയ് എന്ന പ്രദേശത്ത്, ടൂറിനിനടുത്തുള്ള ഒരു പട്ടണമാണ് പിന്യെറോളോ.1000 വർഷങ്ങൾക്ക് മുൻപ് മാത്രമാണ് ഈ നഗരം പിറവിയെടുത്തത്, ഫ്രാൻസിനും ഇറ്റലിക്കും ഇടയിലുള്ള ഒരു വ്യാപാര പാതയിലെ കേന്ദ്ര സ്ഥാനമായിരുന്നു അത്.
ഭക്തയും ദീർഘദൃഷ്ടിയുള്ളവളുമായ പ്രഭ്വി, ഏകദേശം ആയിരം വർഷങ്ങൾക്ക് മുൻപേ തന്നെ നമ്മുടെ മാതാവിൻ്റെ സ്വർഗ്ഗാരോപണം വിശ്വാസസത്യമാകുമെന്ന് പ്രതീക്ഷിച്ചിരുന്നിരിക്കണം. ആ ഉന്നതപദവിയിൽ പരിശുദ്ധ അമ്മയെ പരസ്യമായി ആദരിച്ചു. സഹായത്തിനായി അവളോട് നിലവിളിക്കുന്ന തൻ്റെ ഭക്തയായ അഡ്‌ലെയ്ഡിൻ്റെ മക്കളുടെ അപേക്ഷകൾക്ക് ഉത്തരം നൽകിക്കൊണ്ട് അതിന് ഇടയ്ക്കിടെ അമ്മ പ്രതിഫലം നൽകി. മനുഷ്യസഹായം നിരാശാജനകമാകുന്ന സാഹചര്യങ്ങളിൽ, അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുകയും രോഗങ്ങൾ ഭേദമാക്കുകയും വിശ്വാസികൾക്ക് qവേണ്ടി അത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്തു. പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം ഒരു വിശ്വാസസത്യമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ പിന്യെറോൾ ദേവാലയത്തിലെ ആഹ്ലാദം വിവരണാതീതമായിരുന്നു.
1950 നവംബറിലാണ് പന്ത്രണ്ടാം പീയൂസ് പാപ്പ ഔപചാരികമായി അത് പ്രഖ്യാപിച്ചത് :
“നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻ്റെയും, അനുഗ്രഹീത അപ്പസ്തോലന്മാരായ പത്രോസിൻ്റെയും പൗലോസിൻ്റെയും എന്റെ തന്നെയും അധികാരം കൊണ്ട്, അമലോൽഭവയായ ദൈവമാതാവ്, നിത്യകന്യകയായ മറിയം, തന്റെ ഭൗമിക ജീവിത കാലഘട്ടം പൂർത്തിയാക്കിയപ്പോൾ ശരീരത്തോടും ആത്മാവോടും കൂടി സ്വർഗ്ഗീയ മഹത്വത്തിലേക്ക് എടുക്കപ്പെട്ടു എന്നത് ദൈവികമായി വെളിവാക്കപ്പെട്ട വിശ്വാസസത്യമാണെന്ന് ഞാൻ ഉറപ്പിച്ചു പറയുകയും പ്രഖ്യാപിക്കുകയും നിർവചിക്കുകയും ചെയ്യുന്നു”.
പീയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പയുടെ ഈ പ്രഖ്യാപനം അപ്രമാദിത്യപരം ആയിരുന്നുവെങ്കിലും, പരിശുദ്ധ കന്യകാമറിയത്തിൻ്റെ സ്വർഗ്ഗാരോപണത്തിൽ ആദ്യകാല കത്തോലിക്കരും പണ്ട് മുതലേ സഭയുടെ പിതാക്കന്മാരും വിശ്വസിച്ചു പോന്നിരുന്നു. വിശുദ്ധ യോഹന്നാൻ്റെ വെളിപാടിൻ്റെ പുസ്തകത്തിൽ 12-ാം അധ്യായത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന സ്ത്രീ, സഭയെയും പരിശുദ്ധ അമ്മയെയും കുറിച്ചുള്ള സൂചനയാണെന്ന് കരുതപ്പെടുന്നു:
“സ്വര്‍ഗത്തില്‍ വലിയ ഒരടയാളം കാണപ്പെട്ടു: സൂര്യനെ ഉടയാടയാക്കിയ ഒരു സ്ത്രീ. അവളുടെ പാദങ്ങള്‍ക്കടിയില്‍ ചന്ദ്രന്‍. ശിരസ്സില്‍ പന്ത്രണ്ടു നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം.
അവള്‍ ഗര്‍ഭിണിയായിരുന്നു. പ്രസവവേദനയാല്‍ അവള്‍ നില വിളിച്ചു. പ്രസവക്ലേശത്താല്‍ അവള്‍ ഞെരുങ്ങി”
സഭ നീതിസൂര്യനായ ദൈവപുത്രനെ അണിഞ്ഞിരിക്കുന്നതായി ഈ ഭാഗം പൊതുവെ വ്യാഖ്യാനിക്കപ്പെടുന്നു, അതേസമയം മാതാവിന്റെ കാലിനടിയിലുള്ള ചന്ദ്രൻ ഭൗതികലോകത്തെ പ്രതിനിധീകരിക്കുന്നു. പരിശുദ്ധ അമ്മയുടെ കിരീടത്തിലുള്ള 12 നക്ഷത്രങ്ങൾ അപ്പസ്തോലന്മാരെ സൂചിപ്പിക്കുന്നെന്ന് പറയപ്പെടുന്നു. പാപവും ദുഃഖദുരിതങ്ങളും നിറഞ്ഞ ലോകത്തിൽ ദൈവമക്കളെ ജനിപ്പിക്കാനുള്ള പ്രയത്നമായിട്ടാണ് അമ്മയുടെ പ്രസവവേദനയെ വ്യാഖ്യാനിക്കുന്നത്.