ഡിസംബര്‍ 3– ഔര്‍ ലേഡി ഓഫ് വിക്ടറി (പാരിസ്)
പാരീസിലെ വിജയമാതാവിന്റെ ദേവാലയം ലൂയിസ് പതിമൂന്നാമന്‍ രാജാവ് 1629 ലാണ് നിര്‍മ്മിച്ചത്. മാതാവിനോടുള്ള നന്ദിസൂചകമായിട്ടാണ് രാജാവ് പ്രസ്തുത ദേവാലയം നിര്‍മ്മിച്ചത്.
ഫ്രഞ്ച് വിപ്ലവത്തെതുടര്‍ന്നുണ്ടായ അലയൊലികള്‍ സഭാഗാത്രത്തെയും വളരെ ദോഷകരമായി പിടികൂടിയ കാലമായിരുന്നു അത്. പലതരത്തിലുളള തിന്മകള്‍ സഭാവിശ്വാസികളെ പിടികൂടിയിരുന്നു. വിശ്വാസികളില്‍ നല്ലൊരു പങ്കും സഭ വിട്ടുപോയിരുന്നു, 1832 ലാണ് ഫാ. ചാള്‍സ് ഫ്രിച്ചെ ദെസ് ജെനെറ്റീസ് വിക്ടറി മാതാവിന്റെ പള്ളിയിലേക്ക് സ്ഥലം മാറിയെത്തിയത്. കാതറിന്‍ ലബോറെ ദേവാലയത്തിലെ വികാരിയായിരുന്നു അദ്ദേഹം.
പുതിയ ഇടവകയില്‍ എത്തിയ അച്ചനെ അവിടെ കണ്ട കാഴ്ചകള്‍ അത്യധികം വേദനിപ്പിക്കുന്നവയായിരുന്നു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാത്ത, കൂദാശകളില്‍ നിന്ന് അകന്നുജീവിക്കുന്ന ദൈവജനം. വിശ്വാസത്തിലേക്ക് തിരികെ അവരെ കൂട്ടിക്കൊണ്ടുവരാന്‍ അദ്ദേഹം ആവതുശ്രമിച്ചുവെങ്കിലും പരാജയമായിരുന്നു ഫലം. അത്യധികം ദു:ഖിതനായ അദ്ദേഹം ഡിസംബര്‍ മൂന്ന് ഞായറാഴ്ച ദിവ്യബലി മധ്യേ ഭൂരിഭാഗവും ഒഴിഞ്ഞുകിടക്കുന്ന ദേവാലയത്തിലേക്ക് നോക്കി ഉറക്കെ കരയുകയും തന്റെ ജനത്തെ ഓര്‍ത്തു പരിതപിക്കുകയും ചെയ്തു. ഈ സമയം വളരെ ശാന്തമായ ഒരു സ്വരം അദ്ദേഹത്തിന്റെ കാതുകളില്‍ മുഴങ്ങി.
‘ നിന്റെ ഈ ഇടവക അമലോത്ഭവയായ മാതാവിന് സമര്‍പ്പിക്കുക’ തന്റെ തോന്നല്‍ മാത്രമായിരിക്കും അതെന്ന് കരുതി അദ്ദേഹം കുര്‍ബാന തുടരുകയും എന്നാല്‍ വീണ്ടും ആ ശബ്ദം മുഴങ്ങുകയും ചെയ്തു. അപ്പോള്‍ ഇത് തന്റെ തോന്നല്‍ അല്ലെന്ന് അദ്ദേഹത്തിന് മനസ്സിലായി.
തൊട്ടടുത്തദിവസം തന്നെ ഇടവകയെ അമലോത്ഭവമാതാവിന് സമര്‍പ്പിക്കാനുള്ള അനുവാദം മെത്രാനില്‍ നിന്ന് അദ്ദേഹം വാങ്ങി. തൊട്ടടുത്ത ഞായറാഴ്ച പളളിയില്‍ വിശുദ്ധ കുര്‍ബാനയ്‌ക്കെത്തിയ വെറും പ്ത്തുപേരോട് ഇടവകയെ മാതാവിന് സമര്‍പ്പിക്കുന്ന കാര്യവും തീയതിയും അനുബന്ധച്ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങളും അറിയിച്ചു. ആ വൈകുന്നേരം ദേവാലയത്തിലേക്ക് പ്രവേശിച്ച അച്ചന്‍ അത്ഭുതപ്പെട്ടുപോയി. ദേവാലയത്തില്‍ നാനൂറിലേറെ ആളുകള്‍. അതൊരുതുടക്കമായിരുന്നു. പിന്നീട് ദേവാലയത്തില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞതേയില്ല. പാരീസിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ആളുകള്‍ കൂട്ടത്തോടെ ആ ദേവാലയത്തിലേക്കെത്തി. കാലാന്തരത്തില്‍ പ്രശസ്തമായ ഒരു തീര്‍ഥാടനകേന്ദ്രമായി ഔര്‍ ലേഡി ഓഫ് വിക്ടറി ചര്‍ച്ച് രൂപാന്തരപ്പെട്ടു. 1885 മാര്‍ച്ചില്‍ മാതാവിന്റെ അമലോത്ഭവ പ്രഖ്യാപനത്തിന്റെ നന്ദിസൂചകമായ ചടങ്ങുകള്‍ നടന്ന വേളയില്‍ മാതാവിന്റെ രൂപം ചലിച്ചതായി മറ്റുള്ളവര്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പ ഈ തിരുസ്വരൂപത്തില്‍ 1850 ജൂണില്‍ കിരീടം ചാര്‍ത്താന്‍ ഉത്തരവിട്ടു.
കൊച്ചുത്രേസ്യയ്ക്ക് നിരവധിയായ അത്ഭുതങ്ങള്‍ വിക്ടറി മാതാവിന്റെ മാധ്യസ്ഥതയില്‍ ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.