ഡിസംബര്‍-9 ഔര്‍ ലേഡി ഓഫ് ദ കണ്‍സംപ്ഷന്‍, നേപ്പല്‍സ്,ഇറ്റലി
സ്‌പെയ്‌നിലെ ഫിലിപ്പ് മൂന്നാമന്‍ രാജാവിന്റെ നേപ്പല്‍സിലെ വൈസ്രോയിയും ഓസാനയിലെ പ്രഭൂവുമായിരുന്നു പെദ്രോ ടെല്ലെസ് ഗിറോണ്‍. 1574 ല്‍ ജനിച്ചഅദ്ദേഹം 1594 ല്‍ വിവാഹിതനായി. ഓസ്ട്രിയായുടെ സൈന്യത്തില്‍ ചേര്‍ന്ന അദ്ദേഹത്തിന്റെ വീരത്വവും ധൈര്യവുമാണ് രണ്ടു സൈന്യവ്യൂഹങ്ങളുടെ കമാന്‍ഡറായി പെട്ടെന്നുതന്നെ നിയമിതനാകാന്‍ കാരണമായതും. പല യുദ്ധങ്ങളില്‍ പങ്കെടുത്തുവെങ്കിലും അതില്‍ രണ്ടു യുദ്ധങ്ങളിലാണ് മാരകമായ മുറിവേറ്റത്. 1610 ല്‍ സിസിലിയിലെ വൈസ്രോയിയായി. പുതിയ അധികാരംഏറ്റെടുത്ത അവസരത്തില്‍ സ്‌പെയ്‌ന് കടല്‍യോഗ്യമായ ഒരു ഗാലി പോലും ഉണ്ടായിരുന്നില്ല. കടല്‍ക്കൊള്ളക്കാരുടെയും ഓട്ടോമന്‍ സാമ്രാജ്യത്തിന്റെയും ആക്രമണസാധ്യതയുള്ളതിനാല്‍ ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ടായിരുന്നു.
പുതിയ നാവികസേനയില്‍ എട്ടു ഗാലികളും നിരവധി കപ്പലുകളും ഉണ്ടായിരുന്നതിനാല്‍ ഓട്ടോമന്‍ സാമ്രാജ്യത്തെ ആക്രമിക്കാന്‍ അദ്ദേഹംഈ അവസരം ഉപയോഗിച്ചു. 1613 ലെ വേനല്‍ക്കാലത്ത് ഓട്ടോമന്‍ സാമ്രാജ്യവുമായി അദ്ദേഹം യു്ദ്ധം നടത്തി. മൂന്നു മണിക്കൂറുകളോളം നീണ്ടുനിന്ന ഈ യുദ്ധത്തില്‍ – കപ്പെ കോര്‍വേ എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്- പലരും യുദ്ധത്തടവുകാരായി. 1616 ല്‍ പെദ്രോ നേപ്പല്‍സിലെ വൈസ്രോയായി നിയമിതനായി. ഈ അവസരത്തിലാണ് പരിശുദ്ധ അമ്മയുടെ അമലോത്ഭവത്വത്തിനെതിരെയുള്ള പ്രബോധനങ്ങളെ പ്രതിരോധിക്കുമെന്ന് അദ്ദേഹം ശപഥം ചെയ്തത്. 1854 ല്‍ പിയൂസ് ഒമ്പതാമന്‍ മാര്‍പാപ്പയാണല്ലോ മാതാവിന്റെ അമലോത്ഭവത്വം ഒരു വിശ്വാസസത്യമായി പ്രഖ്യാപിച്ചത്.
അതിനു മുമ്പുതന്നെ മാതാവിന്റെ അമലോത്ഭവസത്യത്തെ പെദ്രോ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നുവെന്നാണ് ഇതു തെളിയിക്കുന്നത്. 1624 ല്‍ മരിക്കുന്നതിന് ഏതാനും നാളുകള്‍ക്കു മുമ്പ് ചില രാഷ്ട്രീയഇടപെടലുകള്‍ മൂലം അദ്ദേഹത്തിന് തടവറയില്‍കഴിയേണ്ടതായും വന്നിട്ടുണ്ട്. എന്നാല്‍ അവയൊന്നും അദ്ദേഹത്തെ ഭയപ്പെടുത്തിയില്ല. സ്വര്‍ഗരാജ്ഞിയായ മറിയത്തില്‍ അദ്ദേഹം അത്രമാത്രം ആശ്രയിക്കുകയും അമ്മയെ സ്‌നേഹിക്കുകയും ചെയ്തിരുന്നു.